കൂടെ നടന്നപ്പൊ എനിക്ക് തോന്നി ഇനി ഇവനെന്റെ അസിസ്റ്റന്റ് ഡയറക്ടറാണോ എന്ന്; സെറ്റിലെ മാത്യുവിനെക്കുറിച്ച് 'പ്രകാശന്‍ പറക്കട്ടെ' സംവിധായകന്‍
Entertainment news
കൂടെ നടന്നപ്പൊ എനിക്ക് തോന്നി ഇനി ഇവനെന്റെ അസിസ്റ്റന്റ് ഡയറക്ടറാണോ എന്ന്; സെറ്റിലെ മാത്യുവിനെക്കുറിച്ച് 'പ്രകാശന്‍ പറക്കട്ടെ' സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st December 2021, 6:53 pm

ദിലീഷ് പോത്തന്‍, മാത്യു തോമസ്, നിഷ സാരംഗ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ഒരു കോമഡി ഫാമിലി എന്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ ലൊക്കേഷനിലെ നടന്‍ മാത്യു തോമസിന്റെ പെരുമാറ്റത്തെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ സംവിധായകനായ ഷഹദ്. സെല്ലുലോയ്ഡ് മാഗസിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷഹദ്.

”മാത്യു അത്രയും പാഷനുള്ള ഒരു കുട്ടിയാണ്. എന്റെ കൂടെ നടക്കുമ്പൊ എനിക്ക് പലപ്പൊഴും തോന്നിയത് അവന്‍ എന്റെ അസിസിറ്റന്റ് ഡയറക്ടറാണോ എന്നാണ്.

ലൊക്കേഷന്‍ കാണാന്‍ പോകുമ്പൊ അവന്‍ വണ്ടിയിലുണ്ടാവും. എവിടെ പോവാണെങ്കിലും അവന്‍ വണ്ടിയില്‍ കേറും. ഇവിടെ ഷൂട്ട് ചെയ്താലോ, ഈ ലൊക്കേഷന്‍ അടിപൊളിയല്ലേ എന്നൊക്കെ പറഞ്ഞ് എപ്പോഴും കൂടെ ഉണ്ടാവും.

ഷൂട്ട് തുടങ്ങുന്നതിന് അഞ്ച് ദിവസം മുന്നേ തന്നെ ഞങ്ങളുടെ കൂടെ ജോയിന്‍ ചെയ്തിരുന്നു. ഷൂട്ട് തീര്‍ന്ന്, എല്ലാം കഴിഞ്ഞ് പിറ്റേ ദിവസമാണ് അവനെ കേറ്റി വിടുന്നത്. അത്രയും അവന്‍ ഈ കഥാപാത്രമായി നമ്മുടെ കൂടെ ഉണ്ടായിരുന്നു. ഏത് സമയത്ത് വിളിച്ചാലും വരാന്‍ റെഡിയായിട്ട്,” ഷഹദ് പറഞ്ഞു.

കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, വണ്‍, അഞ്ചാം പാതിര, ഓപ്പറേഷന്‍ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ ചുരുങ്ങിയ സമയം കൊണ്ട് പ്രതിഭ തെളിയിച്ച നടനാണ് മാത്യു തോമസ്.

റിലീസിന് ഒരുങ്ങി നില്‍ക്കുന്ന ‘പ്രകാശന്‍ പറക്കട്ടെ’യില്‍ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഷാന്‍ റഹ്‌മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

2009ല്‍ ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തുകൊണ്ടാണ് ഷഹദ് സിനിമാ മേഖലയിലെത്തിയത്. പിന്നീട് ഒരുപാട് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director of movie Prakashan Parakkatte talks about actor Mathew Thomas