ആ രംഗം സ്‌ക്രിപ്റ്റിലുണ്ടായിരുന്നില്ല, മാറ്റ് സ്മിത്തിന്റെ ഇടപെടല്‍ ഞങ്ങള്‍ ഷൂട്ട് ചെയ്യുകയായിരുന്നു: സംവിധായിക ഗീത പട്ടേല്‍
Entertainment
ആ രംഗം സ്‌ക്രിപ്റ്റിലുണ്ടായിരുന്നില്ല, മാറ്റ് സ്മിത്തിന്റെ ഇടപെടല്‍ ഞങ്ങള്‍ ഷൂട്ട് ചെയ്യുകയായിരുന്നു: സംവിധായിക ഗീത പട്ടേല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th October 2022, 12:28 pm

ഒക്ടോബര്‍ ഒമ്പത് ഞായറാഴ്ചയാണ് ഹൗസ് ഓഫ് ദ ഡ്രാഗണിന്റെ എട്ടാമത്തെ എപ്പിസോഡ് സ്ട്രീം ചെയ്തത്. വര്‍ഷങ്ങളുടെ ടൈം ജമ്പ് കാണിച്ച എപ്പിസോഡില്‍ ക്വീന്‍ ആലിസന്‍റ ഹൈടവര്‍, പ്രിന്‍സസ് റെനീര ടാര്‍ഗേറിയന്‍, ഡെയ്മന്‍ ടാര്‍ഗേറിയന്‍ എന്നിവരുടെ മക്കളെല്ലാം വളര്‍ന്ന് വലുതായിരുന്നു. രോഗാധിക്യത്തില്‍ മരണത്തോടടുത്ത കിങ് വിസേരിസായിരുന്നു ഈ എപ്പിസോഡിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

രോഗത്തെ വക വെക്കാതെ രാജസദസിലെത്തുന്ന വിസേരിസിന്റെ രംഗം ഈ എപ്പിസോഡില്‍ രോമാഞ്ചം നല്‍കിയ മൊമെന്റാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍.

അയണ്‍ ത്രോണിലേക്ക് ഇരിക്കാന്‍ പോകുന്ന വിസേരിസിന്റെ തലയില്‍ നിന്നും കിരീടം താഴേക്ക് വീഴുന്നതും ഈ സമയം ഡെയ്മന്‍ അതെടുത്ത് വിസേരിസിനെ സിംഹാസനത്തില്‍ ഇരിക്കാന്‍ സഹായിച്ചതും ഈ രംഗങ്ങളെ കൂടുതല്‍ തീവ്രമാക്കി.

എന്നാല്‍ ഇത് സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല എന്ന് പറയുകയാണ് സംവിധായിക ഗീത പട്ടേല്‍. ‘വിസേരിസ് നടക്കുമ്പോള്‍ അറിയാതെ കിരീടം താഴെ പോവുകയായിരുന്നു. മാറ്റ് സ്മിത്ത്(ഡെയ്മന്‍) അത് അപ്പോള്‍ തന്നെ നിലത്തുനിന്നും എടുത്ത് ആ രംഗത്തെ കൂടുതല്‍ ഇമ്പ്രൊവൈസ് ചെയ്തത് ഞങ്ങള്‍ ഷൂട്ട് ചെയ്യുകയായിരുന്നു,’ ഗീത എന്റര്‍ടെയ്ന്‍മെന്റ് വീക്ക്‌ലിയോട് പറഞ്ഞു.

‘മാറ്റ് സ്മിത്തിന്റെ ഇടപെടല്‍ ആ എപ്പിസോഡിന് തന്നെ വലിയ ഇംപാക്ട് ഉണ്ടാക്കി. എല്ലാവരും ഈ രംഗം വളരെയധികം ശ്രദ്ധിച്ചു. ആക്‌സിഡന്റ്‌ലിയാണെങ്കിലും അങ്ങനെയൊരു രംഗം സംഭവിച്ചതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടയാണ്.

ഡെയ്മന്‍ എന്ന കഥാപാത്രത്തിനുണ്ടായ വളര്‍ച്ച കൂടിയാണ് ആ രംഗത്തില്‍ കാണാനാവുന്നത്. ആദ്യ എപ്പിസോഡില്‍ എങ്ങനെയെങ്കിലും കിരീടം സ്വന്തമാക്കാന്‍ ശ്രമിച്ച രാജകുമാരനാണ് ഡെയ്മന്‍,’ ഗീത കൂട്ടിച്ചേര്‍ത്തു.

ഇതിന് ശേഷമുള്ള ഡിന്നറിന്റെ രംഗങ്ങളില്‍ ഡെയ്മന്‍ സംസാരിക്കുന്നതുണ്ടായിരുന്നുവെന്നും എന്നാല്‍ രാജസദസിലെ രംഗത്തിന്റെ ഇംപാക്ട് കുറയാതിരിക്കാന്‍ അത് കട്ട് ചെയ്തുവെന്നും ഗീത കൂട്ടിച്ചേര്‍ത്തു.

Content Highlight: Director of house of the dragon Geeta Patel says that crown falls down scene was not in the script