| Friday, 30th July 2021, 6:58 pm

അടൂര്‍ പറഞ്ഞാണ് അനുരാഗ് കശ്യപ് 'പക' കാണുന്നതും നിര്‍മ്മിക്കാന്‍ തയ്യാറാകുന്നതും; സംവിധായകന്‍ നിതിന്‍ ലുക്കോസ് സംസാരിക്കുന്നു

അശ്വിന്‍ രാജ്

ജല്ലിക്കട്ടിനും മൂത്തോനും ശേഷം മറ്റൊരു മലയാള ചിത്രം കൂടി ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നവാഗതനായ നിതിന്‍ ലൂക്കോസ് സംവിധാനം ചെയ്ത പക ((River of Blood)) എന്ന ചിത്രമാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. അനുരാഗ് കശ്യപ് നിര്‍മ്മാതാവായ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് പക.

വയനാടിന്റെ കഥ പറയുന്ന പകയെ കുറിച്ച് നിതിന്‍ ലൂക്കോസ് ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നിതിന്‍ സൗണ്ട് ഡിസൈനറായാണ് സിനിമയിലേക്ക് എത്തുന്നത്. ഹോളിവുഡിലടക്കം വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ ശബ്ദ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

പകയുടെ നിര്‍മ്മാതാവായി അനുരാഗ് കശ്യപ് എത്തിയത് എങ്ങനെയായിരുന്നു?

ഒരു പരീക്ഷണമെന്ന നിലക്ക് ചെയ്ത ചിത്രമാണ് പക. ചെയ്തു തുടങ്ങുമ്പോള്‍ വളരെ ചെറിയൊരു സിനിമയായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ വഴിയാണ് അനുരാഗ് കശ്യപ് സിനിമയിലേക്ക് എത്തുന്നത്.

അടൂര്‍ ഞങ്ങളുടെ സീനിയറും മെന്ററുമാണ്. അടൂര്‍ സര്‍ സിനിമ കണ്ടിരുന്നു. അദ്ദേഹമാണ് സിനിമ കണ്ട് അഭിപ്രായം പറയണമെന്ന് പറഞ്ഞ് അനുരാഗിന് അയച്ചുകൊടുക്കുന്നത്.

ഞാന്‍ ബോളിവുഡില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ അനുരാഗിനെ പരിചയമുണ്ട്. പടം കണ്ടു കഴിഞ്ഞപ്പോള്‍ അനുരാഗ് എന്താണ് ഇനിയുള്ള പ്ലാന്‍ എന്ന് ചോദിച്ചു.

ചലച്ചിത്രമേളകളാണ് പ്രധാന ലക്ഷ്യമെന്ന് ഞാന്‍ പറഞ്ഞു. അതുകഴിഞ്ഞ് റിലീസ് ചെയ്യുന്നുണ്ടാകാമെന്ന് പറഞ്ഞു. അപ്പോഴാണ് അദ്ദേഹത്തിന് സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്ന് പറയുന്നത്. അങ്ങനെ അനുരാഗ് നിര്‍മ്മാണത്തിലേക്ക് എത്തി.

അനുരാഗ് എഡിറ്റില്‍ കുറച്ച് മാറ്റങ്ങള്‍ പറഞ്ഞു. അതൊക്കെ വളരെ ഇന്‍ട്രസ്റ്റിങ്ങായ മാറ്റങ്ങളായിരുന്നു. അനുരാഗിന്റെ സ്‌റ്റൈലിന് ചേരുന്ന, ഗ്യാങ്ങ്സ് ഓഫ് വസേപൂര്‍ പോലെയൊക്കെയുള്ള പ്രതികാര കഥയാണിത്. സുബ്രമണ്യപുരം, കമ്മട്ടിപാടം എന്നീ ചിത്രങ്ങളുടെ സ്‌റ്റൈലൊക്കെ ഈ ചിത്രത്തിന് തോന്നിയേക്കാം.

അങ്ങനെ, അനുരാഗിന് അദ്ദേഹത്തിന്റെ സ്റ്റൈലിന് പറ്റുന്ന സിനിമയാണെന്നോ അല്ലെങ്കില്‍ എന്തെങ്കിലുമൊരു പൊട്ടന്‍ഷ്യലുള്ള സിനിമയാണെന്നോ തോന്നിയിട്ടുണ്ടാകാം. അതായിരിക്കണം അദ്ദേഹം സിനിമയുടെ ഭാഗമായത്. അനുരാഗ് വന്നതിന് ശേഷം ഞങ്ങള്‍ കുറച്ച് ഭാഗങ്ങള്‍ റീഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയുമൊക്കെ ചെയ്തു.

പിന്നീട് ടൊറന്റോയിലേക്ക് അപേക്ഷ സമര്‍പ്പിച്ചു. വേള്‍ഡ് ഡിസ്‌കവറി വിഭാഗത്തിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഹോളിവുഡിലും വിവിധ ഇന്ത്യന്‍ ഭാഷകളിലും സൗണ്ട് ഡിസൈനറായി വര്‍ക്ക് ചെയ്തയാളാണല്ലോ നിതിന്‍, എപ്പോഴാണ് സംവിധാനത്തിലേക്ക് തിരിയാന്‍ തോന്നിയത്?

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന സമയത്ത് തന്നെ കഥ എഴുതണം, സിനിമ ചെയ്യണം എന്നൊക്കെ ഉണ്ടായിരുന്നു. അങ്ങനെ എഴുതിയിട്ടുമുണ്ട്. ബോംബേയിലെ സ്‌ക്രീന്‍ റൈറ്റേഴ്സ് അസോസിയേഷനില്‍ ഒരു പത്ത് വര്‍ഷമായി അംഗമാണ്. അങ്ങനെ ഈ മേഖലയില്‍ വര്‍ക്ക് ചെയ്യാറുണ്ടായിരുന്നു.

എന്റെ സുഹൃത്ത് രാജ് ആണ് പക നിര്‍മ്മിക്കാന്‍ ആദ്യം തയ്യാറാകുന്നത്. തെലുങ്കില്‍ രാജ് മനേഷം എന്ന സിനിമ ചെയ്തിരുന്നു. അതില്‍ സൗണ്ട് ഡിസൈന്‍ ചെയ്തത് ഞാനായിരുന്നു. അവിടെ വെച്ച് രാജിനോട് പകയുടെ കഥയെ കുറിച്ച് പറയുന്നത്.

ഒരു ചെറിയ സ്വതന്ത്ര, ഫെസ്റ്റിവല്‍ സിനിമയായി ചെയ്യാമെന്നായിരുന്നു രാജിനോട് പറഞ്ഞത്. രാജ് നിര്‍മ്മിക്കാന്‍ തയ്യാറായതോടെ ഞങ്ങള്‍ പ്രോജക്ടായി സ്റ്റാര്‍ട്ട് ചെയ്തു.

പക എന്ന് പ്രേക്ഷകര്‍ക്ക് കാണാനാകും ?

റിലീസ് ചെയ്യണം എന്നു തന്നെയാണ് ആഗ്രഹം. സിനിമ തിയേറ്ററിന് വേണ്ടിയുള്ള മാധ്യമമാണ്. പകയും അങ്ങനെ തന്നെയാണ്. പക്ഷെ തിയേറ്ററുകള്‍ എന്ന് തുറക്കുമെന്നൊന്നും ഇപ്പോള്‍ പറയാനാകില്ലല്ലോ.

അഞ്ചാറ് മാസം മേളകളില്‍ തന്നെ സ്‌ക്രീന്‍ ചെയ്യാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ചലച്ചിത്ര മേളകളും തിയേറ്ററുകള്‍ തുറക്കുന്നതുമൊക്കെ അപേക്ഷിച്ചായിരിക്കും റിലീസ്. നിലവില്‍ ഒരു റിലീസ് പ്ലാനൊന്നും ആലോചിച്ചിട്ടില്ല.

പൊതുവെ സിനിമാക്കാര്‍ അധികമില്ലാത്ത മേഖലയാണെന്നല്ലോ വയനാടിനെ കുറിച്ച് പറയാറുള്ളത്. ഇപ്പോള്‍ അതേ വയനാട്ടില്‍ നിന്നും വന്ന്  ടൊറന്റോ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു സിനിമ ചെയ്തിരിക്കുകയാണല്ലോ. ആ യാത്രയെ കുറിച്ച് പറയാമോ?

മാനന്തവാടിക്കടുത്ത് കല്ലോളിയാണ് എന്റെ സ്ഥലം. കോഴിക്കോട് ദേവഗിരി കോളേജിലാണ് ഞാന്‍ ഡിഗ്രി പഠിച്ചത്. കോളേജില്‍ നിന്നാണ് ഇന്റര്‍നാഷണല്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയത്. അവിടെ ഫിലിം ക്ലബ് ഉണ്ടായിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിക്കണമെന്ന ആഗ്രഹം വരുന്നത് ദേവഗിരി കോളേജില്‍ നിന്നാണ്.

പി.എസ്.സി എഴുതി ഒരു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് എനിക്ക് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് എന്‍ട്രന്‍സ് എഴുതി കിട്ടുന്നത്. രണ്ടാം റാങ്കായിരുന്നു.

അതു കിട്ടിയപ്പോള്‍ ജോലി രാജിവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോയി. അങ്ങനെ കുറച്ച് വിപ്ലവമൊക്കെ കാണിച്ചാണ് ഞാന്‍ പഠിക്കാന്‍ പോകുന്നതെന്ന് പറയാം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചതിന്റെ ഓറിയന്റേഷന്‍ വെച്ചാണ് ഈ നിലവാരത്തിലുള്ള സിനിമയൊക്കെ ചെയ്യാന്‍ പറ്റിയത്.

പകയുടെ കഥ വയനാടിനെ കുറിച്ചാണോ?

എന്റെ കുടുംബം 1950കളില്‍ വയനാട്ടിലേക്ക് കുടിയേറിയവരാണ്. വയനാട്ടിലെ ക്രിസ്ത്യന്‍ കുടിയേറ്റവും ആ സമയത്തുള്ള അവരുടെ അതിജീവനവും ജീവിതവുമൊക്കെ പകയിലുണ്ട്.

ആ സമയത്ത് അവര്‍ തമ്മിലടിച്ചിട്ടുണ്ടാകാം. അങ്ങനെയുള്ള രണ്ട് കുടുംബങ്ങളുടെ കുടിപ്പകയുടെ കഥയാണ് പക. തലമുറകളായി തുടരുന്ന പ്രതികാരകഥയാണിത്.

പുതിയ പ്രോജക്ടുകള്‍ ?

എഴുത്ത് നടക്കുന്നുണ്ട്. അടുത്ത വര്‍ഷം ഒരു സിനിമ ചെയ്യാനാകുമെന്ന് കരുതുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Director Nitin Lucas speaks about his new Movie Paka and Anurag kashyap,Toronto International Film Festival

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more