| Saturday, 7th September 2024, 10:00 am

ഞാനില്ലാത്തപ്പോള്‍ സന്തോഷിച്ചവര്‍ക്ക് മറുപടി നല്കാന്‍ വീണ്ടും വരുന്നുണ്ട്, നരകം എന്താണെന്ന് കാണിക്കാന്‍: പൃഥ്വിരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് സൂചന നല്‍കി സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്യാമപ്രസാദിന്റെ സഹായിയായി സിനിമയിലേക്കെത്തിയ ആളാണ് നിര്‍മല്‍ സഹദേവ്. പൃഥ്വിരാജ്, റഹ്‌മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2018ല്‍ ഒരുക്കിയ രണം ഡിട്രോയിറ്റ് ക്രോസിങ്ങിലൂടെ സ്വതന്ത്രസംവിധായകനായി. മലയാളികള്‍ക്ക് തീരെ പരിചിതമല്ലാത്ത ചുറ്റുപാടില്‍ കണ്ട് ശീലിച്ചിട്ടില്ലാത്ത കഥ പറഞ്ഞ രണം മികച്ചൊരു ദൃശ്യാനുഭവമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല.

അമേരിക്കയിലെ പ്രേതനഗരമെന്നറിയപ്പെടുന്ന ഡിട്രോയിറ്റിലെ മയക്കുമരുന്ന് സംഘത്തിന്റെ കഥ പറഞ്ഞ രണത്തില്‍ ആദി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്. നായകനൊത്ത വില്ലനായ ദാമോദര്‍ രത്‌നം എന്ന കഥാപാത്രമായി റഹ്‌മാനും പ്രേക്ഷകരെ ഞെട്ടിച്ചു. ജേക്‌സ് ബിജോയ് ഒരുക്കിയ പാട്ടുകളും ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്. ബോക്‌സ് ഓഫീസില്‍ പരാജയമായെങ്കിലും ഇന്ന് ചിത്രത്തിന് വലിയൊരു ഫാന്‍ ബേസുണ്ട്.

സംവിധായകന്‍ നിര്‍മല്‍ സഹദവേ് രണത്തെക്കുറിച്ച് ഇട്ട ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. നരകത്തിലേക്ക് പോകേണ്ടിയിരുന്നയാളാണ് താനെന്നും എന്നാല്‍ അവിടുത്തെ ദൂതന്‍ തന്നോട് ഭൂമിയിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു എന്ന് പറഞ്ഞുകൊണ്ടാണ് സ്റ്റോറി ആരംഭിക്കുന്നത്. സ്വയം വെറുക്കപ്പെട്ടവനായി മാറിയ താന്‍ ഭൂമിയിലുള്ളവര്‍ക്ക് ഒരു സന്ദേശം തരികയാണെന്നും തന്റെ അസാന്നിധ്യത്തില്‍ സന്തോഷിച്ചവര്‍ കരുതിയിരിക്കണമെന്നുമാണ് സ്‌റ്റോറിയില്‍ പറയുന്നത്.

ഡിട്രോയിറ്റില്‍ ചെയ്ത് തീര്‍ക്കാനുള്ള കണക്കുകള്‍ക്ക് വേണ്ടി ആദി മടങ്ങിവരുമെന്നുള്ള സൂചന സംവിധായകന്‍ തന്നതോടു കൂടി രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. ആദ്യ ഭാഗത്തെ കൈയൊഴിഞ്ഞവര്‍ രണ്ടാം ഭാഗത്തെ സ്വീകരിക്കുമെന്നാണ് കരുതുന്നത്. രണ്ടാം ഭാഗം എപ്പോള്‍ സംഭവിക്കുമെന്നുള്ള സൂചന സംവിധായകന്‍ തന്നിട്ടില്ല.

നിലവില്‍ എമ്പുരാന്റെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. 2019ല്‍ റിലീസായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. അബ്രാം ഖുറേഷി എന്ന അധോലോകനായകന്റെ സാമ്രാജ്യം എത്ര വലുതായിരിക്കുമെന്ന് ലൂസിഫറിന്റെ ടെയില്‍ എന്‍ഡില്‍ പൃഥ്വി കാണിച്ചിരുന്നു. വന്‍ ബജറ്റില്‍ നാലോളം രാജ്യങ്ങളിലായാണ് എമ്പുരാന്റെ ഷൂട്ട് നടക്കുന്നത്. ബോളിവുഡ് താരം വിദ്യുത് ജംവാളും തമിഴ് താരം അര്‍ജുന്‍ ദാസും എമ്പുരാന്റെ ഭാഗമാകുന്നുണ്ട്. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: Director Nirmal Sahadev gives hint of sequel for Ranam Detroit Crossing

We use cookies to give you the best possible experience. Learn more