| Saturday, 18th March 2023, 9:09 am

അര്‍ജുന്‍ അല്ലായിരുന്നെങ്കില്‍ ഷെയ്‌നെ വിളിക്കുമായിരുന്നു, അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണമിതാണ്: സംവിധായകന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച പ്രതികരണങ്ങളുമായി പ്രണയ വിലാസം തിയേറ്ററുകളില്‍ തുടരുകയാണ്. അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവര്‍ അഭിനയിച്ച ചിത്രം നിഖില്‍ മുരളി ആയിരുന്നു സംവിധാനം ചെയ്തത്. അഭിനേതാക്കളുടെ പെര്‍ഫോമന്‍സും കൊണ്ടും കയ്യടി നേടുന്ന പ്രണയ വിലാസത്തിലേക്ക് എങ്ങനെയാണ് ഓരോ താരങ്ങളും എത്തിയതെന്ന് പറയുകയാണ് നിഖില്‍. ക്ലബ് എം.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം പ്രണയ വിലാസം കാസ്റ്റിങ്ങിനെ പറ്റി സംസാരിച്ചത്.

‘അനുവായി ശ്രീധന്യ മാമല്ലാതെ വേറൊരു ഓപ്ഷന്‍ ഇല്ലായിരുന്നു. ജൂണ്‍ കണ്ടതു മുതല്‍ അര്‍ജുന്‍ അശോകന്‍ എന്റെ മനസില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ കഥാപാത്രം അര്‍ജുനെ കൊണ്ട് ചെയ്യിക്കാമെന്ന് തോന്നിയത്. ആദ്യം തന്നെ യെസ് പറഞ്ഞു. രോമാഞ്ചത്തിന്റെ ഷൂട്ട് കഴിഞ്ഞിട്ടാണ് അര്‍ജുന്‍ ഇതിലേക്ക് വരുന്നത്. പക്ഷേ ആ സിനിമയിലെ ആക്ഷനൊന്നും ഞങ്ങളെ കാണിച്ചിരുന്നില്ല. രോമാഞ്ചം അപ്പോള്‍ റിലീസ് ചെയ്തിട്ടുമില്ലായിരുന്നല്ലോ. അതുകൊണ്ട് അതിലെ ആക്ഷന്‍ അര്‍ജുന്‍ ഹൈഡ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. അങ്ങനെയൊരു ആക്ഷന്‍ ഉള്ള കാര്യവും ഞങ്ങള്‍ക്ക് അറിയില്ലല്ലോ. അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ ഇട്ടുകാണിക്കാന്‍ പറയുമായിരുന്നു. അര്‍ജുന്‍ അല്ലായിരുന്നെങ്കില്‍ ഷെയ്ന്‍ നിഗത്തിനെ വിളിക്കുമായിരുന്നു. ഷെയ്‌നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഷെയ്ന്‍ നിഗത്തിനോട് ചിലപ്പോള്‍ കഥ പറഞ്ഞേനേ.

സെക്കന്റ് ഹാഫ് പോഷന്‍ എങ്ങനെ കണ്‍സീവ് ചെയ്യണമെന്നാലോചിച്ച് ഞങ്ങള്‍ക്ക് കണ്‍ഫ്യൂഷനുണ്ടായിരുന്നു. അതില്‍ ക്ലാരിറ്റി വന്നപ്പോള്‍ ആദ്യത്തെ ഓപ്ഷനായി വന്നത് അനശ്വര ആയിരുന്നു. ഞങ്ങള്‍ പോയി കഥ പറഞ്ഞപ്പോള്‍ അനശ്വരക്ക് ഇഷ്ടമായി. അനശ്വര വന്നില്ലായിരുന്നെങ്കില്‍ ഒരു ഫ്രെഷ് ഫേസിനെ കാസ്റ്റ് ചെയ്യുമായിരുന്നു.

ഹക്കിം ഷായുടെ കാസ്റ്റിങ്ങിലേക്ക് എന്റെ പ്രൊഡ്യൂസേഴ്സ് ഭയങ്കരമായി ഹെല്‍പ്പ് ചെയ്തിരുന്നു. ആ കാസ്റ്റിങ്ങില്‍ അവര്‍ കാണിച്ച ധൈര്യം അഭിനന്ദിക്കാതിരിക്കാനാവില്ല. ആ സിനിമയില്‍ ഹക്കിം ചെയ്തത് ആര്‍ക്കും റീപ്ലെയ്സ് ചെയ്യാന്‍ പറ്റില്ല. അതിന് പല കാരണങ്ങളുണ്ട്. അതുകൊണ്ട് ഹക്കിമിന് പകരം ഒരാളെ കിട്ടില്ല. അല്ലെങ്കില്‍ രണ്ട് കാസ്റ്റിങ്ങായി പോവുമായിരുന്നു.

മമിത ആണ് ഈ സിനിമയില്‍ ഏറ്റവും അവസാനം വന്ന വ്യക്തി. സത്യം പറഞ്ഞാല്‍ ആദ്യം മമിതയിലേക്ക് പോയിട്ടില്ലായിരുന്നു. കാരണം, തമിഴ് സിനിമയൊക്കെയായി ബി.സിയായിരുന്നു. മമിതയോട് വേണമെങ്കില്‍ ഒന്ന് ചോദിച്ചുനോക്കാമെന്ന് എന്റെ അസിസ്റ്റന്റാണ് പറഞ്ഞത്. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ സിനിമ ചെയ്യാമെന്ന് മമിത ഏറ്റു. അത് ഞങ്ങള്‍ക്ക് ഭയങ്കര എനര്‍ജി തന്നു. അപ്പോഴത്തേക്കും ഞങ്ങളുടെ ടീമങ്ങ് പാക്ക്ഡായി. മമിത വന്ന് നാലഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഷൂട്ട് തുടങ്ങി. മമിതക്ക് പകരം ഞങ്ങള്‍ കുറച്ച് നടിമാരോട് ചോദിച്ചിരുന്നു. ആരാണെന്ന് പറയുന്നില്ല. പക്ഷേ അത് വര്‍ക്കൗട്ടായില്ല.

തിങ്കളാഴ്ച നിശ്ചയം കണ്ട എല്ലാവരും മനോജേട്ടന്റെ ഫാനായിരിക്കും. ഞങ്ങള്‍ വേറെ കുറച്ച് ആര്‍ട്ടിസ്റ്റുകളുടെ അടുത്ത് പോയിരുന്നു. അതൊന്നും നടന്നില്ല. എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോള്‍ ആണ് മനോജേട്ടന്‍ എന്ന ഓപ്ഷന്‍ നമുക്ക് മുന്നിലേക്ക് വരുന്നത്. അത് എല്ലാവര്‍ക്കും ഒക്കെയായി. മനോജേട്ടനാണ് ഈ സിനിമയില്‍ ഏറ്റവും പെര്‍ഫോം ചെയ്ത വ്യക്തികളിലൊന്നായി തിയേറ്ററുകളില്‍ നിന്നും കിട്ടിയ റിവ്യൂ,’ നിഖില്‍ പറഞ്ഞു.

Content Highlight: director nikhil murali about the casting of pranaya vilasam movie

We use cookies to give you the best possible experience. Learn more