| Saturday, 27th April 2024, 10:33 pm

ഞാന്‍ ചെയ്ത സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം അതാണ്: നെല്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെറും നാല് സിനിമകള്‍ കൊണ്ട് തമിഴ് ഇന്‍ഡസ്ട്രിയുടെ തലപ്പത്തേക്ക് എത്തിയ സംവിധായകനാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. 2018ല്‍ കോലമാവ് കോകില എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയ നെല്‍സണ്‍ തമിഴ് സിനിമയില്‍ ഡാര്‍ക്ക് ഹ്യൂമറിന്റെ പുതിയൊരു തലം അവതരിപ്പിച്ചു. പിന്നീട് ഇറങ്ങിയ ഡോക്ടര്‍ കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മികച്ച വിജയം കൈവരിച്ചു. എന്നാല്‍ അതിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്ത വിജയ് ചിത്രം ബീസ്റ്റ് കളക്ഷനില്‍ മുന്നിട്ട് നിന്നെങ്കിലും നിരവധി വിമര്‍ശനം നേരിട്ടു.

എന്നാല്‍ ബീസ്റ്റിന് ശേഷം ജയിലറിലൂടെ കണ്ടത് നെല്‍സണ്‍ എന്ന സംവിധായകന്റെ ശക്തമായ തിരിച്ചുവരവായിരുന്നു. നാല് ഇന്‍ഡസ്ട്രികളിലെ ടോപ്പ് താരങ്ങളെ ഒന്നിച്ച് ഒരു സിനിമയില്‍ കൊണ്ട് വന്ന് സൗത്ത് ഇന്ത്യന്‍ സെന്‍സേഷനല്‍ ഹിറ്റാക്കി മാറ്റി. ജയിലറിന്റെ രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ജെ.എഫ്.ഡബ്ല്യൂ അവാര്‍ഡ് നിശയില്‍ തന്റെ ഇഷ്ടകഥാപാത്രത്തെക്കുറിച്ചുള്ള വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

തന്റെ ആദ്യസിനിമയായ കോലമാവ് കോകിലയിലെ കോകില എന്ന കഥാപാത്രമാണ് എപ്പോഴും തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രമെന്നും ഓരോ സിനിമക്ക് കഥ എഴുതുമ്പോഴും കോകിലയെപ്പോലെ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ പലപ്പോഴും അതിന് കഴിയാറില്ലെന്നും നെല്‍സണ്‍ പറഞ്ഞു.

‘എന്റെ മനസിനോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ. എന്റെ ആദ്യചിത്രമായ കോലമാവ് കോകിലയിലെ കോകില. അതിന്റെ കാരണമെന്താണെന്ന് വെച്ചാല്‍, ഒരു സാധാരണ പെണ്‍കുട്ടി അവള്‍ കടന്നുപോകുന്ന സാഹചര്യം കൊണ്ട് എങ്ങനെയെല്ലാം ശക്തയായി മാറുന്നുവെന്ന് ആ സിനിമയില്‍ കാണിക്കാന്‍ സാധിച്ചു.

ഡാര്‍ക്ക് ഹ്യൂമറിന്റെ അംശം ആ സിനിമയിലുണ്ടെങ്കിലും അത്രക്ക് മികച്ച ഒരു സ്ത്രീ കഥാപാത്രത്തെ പിന്നീട് ഉണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഏത് കഥ എഴുതാന്‍ തുടങ്ങുമ്പോഴും എന്റെ മനസില്‍ വരുന്നത് കോകിലയെപ്പോലെ സ്‌ട്രോങ് ആയിട്ടുള്ള ഒരു സ്ത്രീ കഥാപാത്രത്തെ സൃഷ്ടിക്കണം എന്നാണ്. പക്ഷേ അതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എപ്പോഴെങ്കിലും നടക്കും എന്നാണ് എന്റെ പ്രതീക്ഷ,’ നെല്‍സണ്‍ പറഞ്ഞു.

Content Highlight: Director Nelson about his favorite character

We use cookies to give you the best possible experience. Learn more