| Sunday, 11th August 2024, 11:31 am

ഫിലിം സ്‌കൂളില്‍ രണ്ട് മൂന്ന് വര്‍ഷം പഠിക്കുന്നതിന് പകരം ആ സീരീസ് രണ്ടുതവണ കണ്ടാല്‍ മതിയാകും: നെല്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഘ്‌നേശ് ശിവന്റെ സംവിധാനസഹായിയായി കരിയര്‍ ആരംഭിച്ചയാളാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. നയന്‍താരയെ പ്രധാന കഥാപാത്രമാക്കി 2018ല്‍ റിലീസായ കോലമാവ് കോകിലയിലൂടെയാണ് നെല്‍സണ്‍ സ്വതന്ത്ര സംവിധായകനാകുന്നത്. ഡാര്‍ക്ക് ഹ്യൂമറിന്റെ അനന്ത സാധ്യതകള്‍ പരീക്ഷിക്കുന്ന നെല്‍സന്റെ രണ്ടാമത്തെ ചിത്രം ഡോക്ടറും വന്‍ വിജയമായി മാറി. മൂന്നാമത്തെ സിനിമയായ ബീസ്റ്റ് മോശം അഭിപ്രായമാണ് കേള്‍ക്കേണ്ടി വന്നെങ്കിലും ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടി.

രജിനികാന്തിനെ നായകനാക്കി ചെയ്ത ജയിലര്‍ സൗത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവരുടെ അതിഥി വേഷവും ജയിലറിനെ മറ്റൊരു തലത്തില്‍ എത്തിച്ചു. തന്റെ സിനിമകളിലെല്ലാം കാണുന്ന ബ്രേക്കിങ് ബാഡ് സീരീസിന്റെ റെഫറന്‍സിനെക്കുറിച്ച് സംസാരിക്കുകയാണ് നെല്‍സണ്‍.

ഒരു സിനിമാപ്രേമി തീര്‍ച്ചായായും കണ്ടിരിക്കേണ്ട സീരീസാണ് ബ്രേക്കിങ് ബാഡെന്ന് നെല്‍സണ്‍ അഭിപ്രായപ്പെട്ടു. ഒന്നിലധികം തവണ ആ സീരീസ് കാണുമ്പോള്‍ നമുക്ക് പഠിക്കാന്‍ കഴിയുന്ന ഒരുപാട് കാര്യങ്ങള്‍ ബ്രേക്കിങ് ബാഡിലുണ്ടെന്ന് നെല്‍സണ്‍ പറഞ്ഞു. ക്യാരക്ടര്‍ ഡെവലപ്മന്റ്, സ്‌ക്രിപ്റ്റിങ്, ടെക്‌നിക്കല്‍ ആസ്‌പെക്ട് എന്നീ കാര്യങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന സീരീസാണ് അതെന്ന് നെല്‍സണ്‍ പറഞ്ഞു.

ഒരു വര്‍ഷമോ രണ്ടുവര്‍ഷമോ ഫിലിം സ്‌കൂളില്‍ പോയി പഠിക്കുന്ന കാര്യങ്ങളെല്ലാം രണ്ട് തവണ ബ്രേക്കിങ് ബാഡ് കാണുമ്പോള്‍ നമുക്ക് മനസിലാകുമെന്നും നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ആ സീരീസ് രണ്ടുമൂന്ന് തവണ കണ്ടതുകൊണ്ട് അതിന്റെ ഇന്‍ഫ്‌ളുവന്‍സ് തന്റെ സിനിമകളില്‍ ഉണ്ടാകുമെന്നും തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട സീരീസാണ് ബ്രേക്കിങ് ബാഡെന്നും നെല്‍സണ്‍ പറഞ്ഞു. സിനിമാവികടന്‍ നടത്തിയ ഫാന്‍സ് മീറ്റിലാണ് നെല്‍സണ്‍ ഇക്കാര്യം പറഞ്ഞത്.

‘എന്നെ സംബന്ധിച്ച് ഫിലിംമേക്കിങ്ങിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സീരീസാണ് ബ്രേക്കിങ് ബാഡ്. അത് ഒന്നിലധികം തവണ കാണുകയാണെങ്കില്‍ നമുക്ക് പഠിക്കാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ വരുന്ന ക്യാരക്ടേഴ്‌സ്, സ്‌ക്രിപ്റ്റിങ്, ടെക്‌നിക്കല്‍ ആസ്‌പെക്ട്‌സ്, ഒരു കഥാപാത്രത്തെ എലവേറ്റ് ചെയ്യുന്ന രീതിയെല്ലാം മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ്.

ഒരു വര്‍ഷമോ രണ്ട് വര്‍ഷമോ ഫിലിം സ്‌കൂളില്‍ പോയി പഠിക്കുന്ന കാര്യങ്ങളെല്ലാം രണ്ടു മൂന്ന് തവണ ബ്രേക്കിങ് ബാഡ് കാണുമ്പോള്‍ നമുക്ക് മനസിലാകും. ഞാന്‍ ആ സീരീസ് മൂന്ന് തവണ കണ്ടതുകൊണ്ട് എന്റെ സിനിമകളിലെല്ലാം അതിന്റെ ഇന്‍ഫ്‌ളുവന്‍സ് നല്ല രീതിയില്‍ ഉണ്ട്. പക്ഷേ അതുപോലെ എടുത്തുവെക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല,’ നെല്‍സണ്‍ പറഞ്ഞു.

Content Highlight: Director Nelson about Breaking Bad reference in his movies

Latest Stories

We use cookies to give you the best possible experience. Learn more