അസംഘടിതരായ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളികളുടെ ജീവിതം സിനിമയിലൂടെ തുറന്നുകാട്ടിയ സംവിധായികയാണ് നന്ദിത ദാസ്. സ്വിഗാറ്റോ എന്ന തന്റെ സിനിമയുടെ ഐ.എഫ്.എഫ്.കെയിലെ പ്രദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാണ് നന്ദിത.
‘സിനിമകളെ വെള്ളിവെളിച്ചത്തിലെത്തിക്കാന്‍ കഷ്ടപ്പെടുന്ന ഒരുപാട് ചെറുപ്പക്കാര്‍ നമുക്കിടയിലുണ്ട്. സിനിമാപ്രേമികളായ സാധാരണക്കാരായ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം നിര്‍മാതാവ്, വിതരണക്കാര്‍ തുടങ്ങിയ അനേകം ചെലവുകള്‍ക്കായി പണം അവശ്യമുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകളെ മാറ്റി നിര്‍ത്തി യുവതലമുറയുടെ സിനിമാ സങ്കല്‍പ്പങ്ങളെയും, മികച്ച സിനിമകളെയും പിന്തുണയ്ക്കണമെന്നാണ് എന്റെ അഭിപ്രായം. അതിലൂടെ മികച്ച സിനിമകളെ സിനിമാ പ്രേമികള്‍ക്കുമുന്നിലെത്തിക്കാനാകും എന്നും ഞാന്‍ കരുതുന്നു.
സിനിമയുടെ വിവിധ മേഖലകളില്‍ പഴയതിനെ അപേക്ഷിച്ച് ഇന്ന് സ്ത്രീ പ്രാതിനിധ്യമുണ്ട്. സിനിമയില്‍ സ്വയം തീരുമാനമെടുക്കുന്ന രീതിയിലേക്ക് സ്ത്രീകള്‍ വളര്‍ന്നിട്ടുണ്ട്. എന്നാല്‍, മാറുന്ന കാലത്തിനനുസൃതമായ വേഗവും ചലനവും സിനിമയിലെ സ്ത്രീ പ്രാധിനിധ്യത്തിനുണ്ടോ എന്നതാണ് നമ്മള്‍ ചര്‍ച്ചചെയ്യേണ്ട പ്രധാന വിഷയം.
പഴയ കാലത്തുനിന്ന് വ്യത്യസ്തമായി സംവിധാനം, നിര്‍മാണം സംഗീതസംവിധാനം തുടങ്ങി സ്ത്രീകളുടെ കയ്യൊപ്പ് പതിയാത്ത മേഖലകള്‍ സിനിമയില്‍ ഇന്ന് വിരളമാണ്. ഇത്തരം പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അത്രമാത്രം മതിയോ എന്ന് നാം ചിന്തിക്കണം.
കണ്ണകി, പുനരധിവാസം, ജന്മദിനം, നാലു പെണ്ണുങ്ങള്‍ തുടങ്ങിയ മികച്ച നാലു കഥാപാത്രങ്ങളാണ് മലയാളം സിനിമ എനിക്ക് സമ്മാനിച്ചത്. മലയാളത്തില്‍ ചെയ്ത എല്ലാ സിനിമകളും ഇപ്പോഴും മനസ്സിലുണ്ട്. നല്ല കഥയും കഥാപാത്രങ്ങളും തേടിയെത്തിയാല്‍ അതിനോട് ഒരിക്കലും മുഖംതിരിക്കാറില്ല. വീണ്ടും മലയാളത്തിന്റെ വിളിക്കായി കാതോര്‍ത്തിരിക്കുന്നു,’ നന്ദിത ദാസ് പറഞ്ഞു.