ആര്‍.ഡി.എക്‌സില്‍ നീരജ് മാധവ് വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെ പറ്റി പറയുകയാണ് സംവിധായകന്‍ നഹാസ്. അന്‍പറിവ് പോലും ഞെട്ടിത്തരിച്ചുപോയ രംഗമായിരുന്നു നീരജിന്റെ അപകടമെന്ന് സംവിധായകന്‍ നഹാസ് പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ക്യാമറയായ മൊക്കോ ബോള്‍ട്ട് ക്യാമറ ആര്‍.ഡി.എക്‌സില്‍ ഉപയോഗിച്ചിട്ടുണ്ട്. രണ്ട് ടണ്ണോളം ഭാരം കൂടിയ ക്യാമറയുടെ മുന്നില്‍ നിന്നാണ് നീരജ് രക്ഷപെട്ടതെന്നും നഹാസ് പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് നഹാസ് ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ചത്.
‘മൊക്കോ ബോള്‍ട്ട് ആകെ ഒരു ദിവസമേ ഉപയോഗിച്ചിട്ടുള്ളു. കാരണം ഇത് വന്നു പോകുന്നതിനുള്ള ചെലവ് ഭയങ്കരമാണ്. അപ്പോള്‍ ഞാന്‍ സോഫിയ മാഡത്തോട് ഒരു ദിവസം മതിയെന്ന് ഡിമാന്‍ഡ് വെച്ചു. ഒരുപാട് മൊക്കോ ബോള്‍ട്ടിന്റെ ഗിമ്മിക്കൊന്നും വേണ്ട. ചില ബില്‍ഡ് അപ്പുകള്‍ക്ക് ഇത് ആവശ്യമായി വരും. അവസാനത്തെ ക്ലൈമാക്‌സ് ബില്‍ഡ് അപ്പുകള്‍ക്കൊക്കെ ഇത് വേണ്ടി വരും. അങ്ങനെ അത് അനുവദിച്ചു.
ഇത് വന്നപ്പോഴാണ് ഒരു കാര്യം മനസിലായത്. പ്രീ സെറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഒരു മൂവ്‌മെന്റ് ഡിസൈന്‍ ചെയ്ത് അതിന്റെ ഷോട്ട് കംപ്ലീറ്റ് ആയി കഴിഞ്ഞാലേ ഈ സാധനം നില്‍ക്കുകയുള്ളു. ഇടക്ക് വെച്ച് സ്റ്റോപ്പ് ചെയ്യാന്‍ പറ്റില്ല. ആര്‍ട്ടിസ്റ്റുകള്‍ അതിന് അനുസരിച്ച് ഒരുങ്ങി നില്‍ക്കണം. ക്യാമറ ഒന്ന് പോയി തിരിച്ച് വരുമ്പോള്‍ കറക്റ്റ് മാറി കൊടുത്തിരിക്കണം. രണ്ടു ടണ്‍ വെയ്റ്റുള്ള സാധനമാണ്. എങ്ങാനും മാറി കൊടുത്തില്ലെങ്കില്‍, വന്ന് ഇടിച്ചു കഴിഞ്ഞാല്‍ തീര്‍ന്നു.
നമ്മള്‍ ഒരു ഷോട്ട് എടുക്കുന്ന സമയത്ത് നീരജിന്റെ ടൈമിങ് ഇത്തിരി മാറിപ്പോയപ്പോള്‍ മുടിയില്‍ ടച്ച് ചെയ്തു പോയി. ഞങ്ങള്‍ എല്ലാവരും കാറി. അന്‍പറിവ് മാസ്റ്ററൊക്കെ അയ്യോന്ന് പറഞ്ഞ് ബാക്കിലോട്ടു വന്നു. ഭാഗ്യത്തിന് ജസ്റ്റ് ടച്ച് ചെയ്ത് പോയതേയുള്ളു. നീരജിന് പിന്നെ എന്തോപോലെയായി. അത് കഴിഞ്ഞപ്പോള്‍ തെറ്റിയാല്‍ ജമ്പ് ചെയ്ത് മാറികൊള്ളാന്‍ പറഞ്ഞു.
പിന്നെ അവിടെ തൊട്ട് മൊക്കോ ബോള്‍ട്ട് എന്ന സാധനത്തെ തന്നെ പേടിച്ചു തുടങ്ങി. എന്റെ പൊന്നെ. ഓരോ ഫൈറ്റ് തീര്‍ക്കുമ്പോഴും ഓരോ സിനിമ ചെയ്ത് തീര്‍ത്ത സന്തോഷമാണ്. കാരണം ആര്‍ക്കും ഒന്നും പറ്റിയില്ല, പരിക്കുകളൊന്നുമില്ല. ഓ ഈ ഫൈറ്റ് തീര്‍ന്നല്ലേ എന്ന സമാധാനം,’ നഹാസ് പറഞ്ഞു.
Content Highlight: Director Nahas is talking about Neeraj Madhav’s accident in RDX