Movie Day
നീരജിനും പെപ്പെക്കും ഷെയ്‌നും മുന്‍പ് ആര്‍.ഡി.എക്‌സിലേക്ക് ആലോചിച്ച ആ മൂന്ന് യുവ നടന്മാര്‍ ഇവര്‍
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് പെപ്പെ, നീരജ് മാധവ് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ തിയേറ്ററുകള്‍ ഇളക്കി മറിക്കുകയാണ് ആര്‍.ഡി.എക്‌സ്. ഓണം റിലീസായി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും കിട്ടിയത്.
തങ്ങളുടെ ഇഷ്ടതാരങ്ങള്‍ ഫുള്‍ ഓണ്‍ മാസ് ആക്ഷനില്‍ എത്തിയ ചിത്രമാണ് ആര്‍.ഡി.എക്‌സ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഷെയ്ന്‍ നിഗത്തിന്റേയും പെപ്പേയുടേയും നീരജിന്റേയും കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് ആര്‍.ഡി.എക്‌സ് വിലയിരുത്തപ്പെടുന്നത്.
ആര്‍.ഡി.എക്‌സ് എന്ന സിനിമയുടെ കാസ്റ്റിങ്ങിലേക്ക് ആലോചിച്ച മറ്റ് താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് സോഫിയ പോളും സംവിധായകന്‍ നഹാസ് ഹിദായത്തും. ഷെയ്‌നിലേക്കും പെപ്പേയിലേക്കും നീരജിലേക്കും എത്തുന്നതിന് മുന്‍പ് മലയാളത്തിലെ യുവനിരയിലെ പല താരങ്ങളേയും തങ്ങള്‍ ആലോചിച്ചിരുന്നെന്നാണ് ഇരുവരും ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
‘ കുറച്ചു പേരെയൊക്കെ നമ്മള്‍ ആലോചിച്ചിട്ടുണ്ടായിരുന്നു. ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു ഇവരെ കുറിച്ചൊക്കെ ചിന്തിച്ചിരുന്നു. പിന്നെ ഈ സമയത്ത് എല്ലാവരും ബിസിയാണ്. ഓരോരുത്തര്‍ക്കും ചെയ്തു തീര്‍ക്കാനുള്ളതും കമ്മിറ്റ് ചെയ്തതുമായിട്ടുള്ള പടങ്ങള്‍ ഉണ്ടായിരുന്നു.
ഞങ്ങള്‍ക്കാണെങ്കില്‍ എത്രയും പെട്ടെന്ന് പ്രൊജക്ട് നടക്കണം. ഈ കഥാപാത്രങ്ങള്‍ക്ക് ആപ്റ്റാവുന്ന രീതിയിലുള്ള മലയാളത്തിലുള്ള നടന്മാരുടെ ഒരു ലിസ്റ്റിട്ടിരുന്നു. പെപ്പെയെ മാത്രം നമ്മള്‍ ആദ്യം ഫിക്‌സ് ചെയ്തിരുന്നു. പെപ്പെയുടെ അടുത്ത് പോയിട്ടാണ് ഞാന്‍ ആദ്യം കഥ പറയുന്നത്. ഡോണി എന്ന കഥാപാത്രത്തിന് വേണ്ടി.
കഥ കേട്ടപ്പോള്‍ തന്നെ നമുക്ക് ചെയ്യാമെന്ന് പെപ്പെ പറഞ്ഞു. അതിന് ശേഷം രണ്ടാമതായി ഷെയ്‌നിലേക്ക് പോയി. കാരണം പെപ്പെയും ഷെയ്‌നും സഹോദരങ്ങളാണ്. ഷെയ്ന്‍ അനിയനാണ് അപ്പോള്‍ ലുക്കിലൊക്കെ ഒരു സിമിലാരിറ്റി വേണം. അങ്ങനെ ഷെയ്‌നിലെത്തി. അവനോട് കഥ പറഞ്ഞ് ഓക്കെയായി.
പിന്നെ സേവ്യര്‍ എന്ന കഥാപാത്രത്തിന് എല്ലാവരും പ്രതീക്ഷിക്കുന്ന ഒരാള്‍ വരരുത് എന്നുണ്ടായിരുന്നു. നീരജിന്റെ ആ സമയത്ത് ചെയ്ത ഫാമിലി മാനിലൊക്കെ നല്ല പെര്‍ഫോമന്‍സുകള്‍ ചെയ്ത് നില്‍ക്കുന്ന സമയമാണ്. ആളെ എല്ലാവരും ഒരു കോമഡി രീതിയിലൊക്കെയാണ് പരിഗണിക്കുന്നത്. പുള്ളിയുടെ ഒരു ആക്ഷന്‍ വന്നാല്‍ സര്‍പ്രൈസിങ് ആയിരിക്കുമല്ലോ എന്ന് തോന്നി.
ഞാന്‍ ഇങ്ങനെ ഒരു കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ നീരജിന് അതില്‍ താത്പര്യം തോന്നി. തന്നെ വെച്ച് ആരും പരീക്ഷിക്കാത്ത ഏരിയ ആണെന്നും ഇങ്ങനെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുന്ന സമയമായിരുന്നെന്നും പുള്ളി പറഞ്ഞു. പതിനഞ്ച് ദിവസം കൊണ്ടാണ് ആ നഞ്ചക്ക് വെച്ചുള്ള പരിപാടി പുള്ളി പഠിച്ചെടുത്തത്. മൂന്ന് പേരം നമ്മള്‍ പ്രതീക്ഷിച്ചതിന് മുകളില്‍ ചെയ്തിട്ടുണ്ട്. പിന്നെ നല്ല ട്രെയിനിങ്ങും കൊടുത്തിരുന്നു,’ നഹാസ് പറഞ്ഞു.
സിനിമയിലേക്ക് അന്‍പറിവ് എത്തിയതിനെ കുറിച്ചും നഹാസ് സംസാരിച്ചു. സിനിമയിലുള്ള ആറ് ഫൈറ്റും ആറ് തരത്തിലുള്ള ഫൈറ്റുകളാണ്. ബഡ്ജറ്റ് വെച്ച് നോക്കുകയാണെങ്കില്‍ നമ്മുടെ ഇന്‍ഡസ്ട്രി ഭയങ്കര ചെറുതാണ്. നാല് ദിവസം കൊണ്ട് ഒരു ഫൈറ്റ് ചെയ്യണം എന്നൊക്കെ പറഞ്ഞായിരിക്കും നമ്മള്‍ ഒരു മാസ്റ്ററെ വിളിച്ച് വരുത്തുന്നത്. അവര്‍ അത് വന്ന് ചെയ്ത് പോകും. ചിലപ്പോള്‍ വര്‍ക്കാവും ചിലപ്പോള്‍ വര്‍ക്കാവില്ല.
നമ്മള്‍ ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ പടം ചെയ്യുമ്പോള്‍ അതില്‍ ഇംപോര്‍ട്ടന്റ് ആക്ഷന്‍ ഡയറക്ടറാണ്. പലതരം ആലോചന പോയി. കെ.ജി.എഫ്, വിക്രം, സലാര്‍ തുടങ്ങിയ പടങ്ങള്‍ അന്‍പറിവ് ചെയ്ത് നില്‍ക്കുന്ന സമയമാണ്.
ആ വലുപ്പം നമ്മുടെ പടത്തിന് ആവശ്യമാണ്. ഇത് നമ്മള്‍ ബഡ്ജറ്റ് നോക്കാതെ ചെയ്യണ്ടി വരുമെന്ന് സോഫിയാ മാമിനോട് പറഞ്ഞിരുന്നു. അവര്‍ പറയുന്ന ബഡ്ജറ്റ് കൊടുത്താല്‍ പോലും ചിലപ്പോള്‍ കൊണ്ടുവരാന്‍ കഴിയണമെന്നില്ല. കാരണം അത്രയും വര്‍ക്കുകള്‍ കമിറ്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും. ഭാഗ്യത്തിന് അവര്‍ ഓക്കെ പറഞ്ഞു. അവര്‍ ഇന്‍ ആയപ്പോഴാണ് സന്തോഷമായത്,’ നഹാസ് പറഞ്ഞു.
Content Highlight: Director Nahas Hidayath about RDX movie and cast