ആര്‍.ഡി.എക്സിലെ ബാബു ആന്റണിയുടെ ഫൈറ്റ് സീനിനെ പറ്റി പറയുകയാണ് സംവിധായകനായ നഹാസ് ഹിദായത്ത്. രാത്രി മൂന്നുമണിക്കാണ് ക്ലൈമാക്‌സ് ഫൈറ്റ് സീനുകള്‍ ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് നഹാസ് പറഞ്ഞു. ബാബു ആന്റണിയുടെ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ സിനിമയുടെ ടീം മുഴുവന്‍ ക്യാമറയുടെ പിന്നിലുണ്ടായിരുന്നുവെന്ന് നഹാസ് പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകനായ നഹാസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഈ സീന്‍ ഷൂട്ട് ചെയുമ്പോള്‍ എല്ലാവര്‍ക്കും ആകാംക്ഷയാണ്. അന്‍പറിവ് മാസ്റ്ററും ആ പടത്തിലെ എല്ലാ ആര്‍ട്ടിസ്റ്റുകളും ബാക്കി പണിയെല്ലാം മാറ്റിവെച്ച് മോണിറ്ററിന്റെ പിറകില്‍ ഉണ്ടായിരുന്നു. ബാബു ആന്റണിയുടെ നഞ്ചക്കിന്റെ സീക്വന്‍സ് എടുക്കുമ്പോള്‍ ഞങ്ങള്‍ നിര്‍ത്താതെ കയ്യടിക്കുകയായിരുന്നു. ഒരുപാട് വര്‍ഷമായിട്ടാണ് ബാബുചേട്ടന് ഇങ്ങനെ സെറ്റില്‍ കൈയടി കിട്ടുന്നത് എന്നാണ് തോന്നുന്നത്. കുറച്ചായി അദേഹം സിനിമ നിര്‍ത്തി അമേരിക്കയിലേക്ക് പോയിട്ട്. അദ്ദേഹത്തിന്റെ മക്കള്‍ക്കൊന്നും അദേഹത്തിന്റെ ആ പഴയ വാല്യൂ എന്തായിരുന്നു എന്നോ അന്ന് കിട്ടിയിരുന്ന റെസ്പോണ്‍സ് എന്തായിരുന്നു എന്നോ അറിയില്ല,’ നഹാസ് പറഞ്ഞു.
പണ്ട് മുതലെ നായകന്റെ കൂടെ ബാബു ആന്റണി ഉണ്ടെങ്കില്‍ പിന്നെ ഒന്നും പേടിക്കേണ്ടതില്ല എന്ന വിശ്വാസം കാണികള്‍ക്കിടയില്‍ ഉണ്ടെന്നും ആ വിശ്വാസം വേണ്ട രീതിയില്‍ ഉപയോഗിക്കലാണ് ഞങ്ങളുടെ ചുമതലയെന്നും നഹാസ് പറഞ്ഞു.
‘പഴയ സിനിമകളിലാണെങ്കില്‍ ഓപ്പോസിറ്റ് ഒരു നാല്‍പത് അമ്പത് പേര്‍ അടിക്കാന്‍ നിന്നാലും നായകന്റെ കൂടെ ബാബു ആന്റണി ഉണ്ടായാല്‍ മതി. അടിക്കണ്ട ആവശ്യമൊന്നും ഇല്ല. ഇനി എത്രപേര്‍ വന്നാലും നോക്കികോളും. ആ ഒരു വിശ്വാസം ഉണ്ടായാല്‍ മതി. നായകന്മാരുടെ കൂടെ ബാബു ആന്റണിച്ചേട്ടന്‍ ഉണ്ടായാല്‍ കിട്ടുന്ന ഇംപാക്റ്റ് വേറെയായിരിക്കും.
ബാബു ആന്റണിക്ക് കുറച്ചുകൂടെ സീന്‍ കൊടുക്കാരുന്നു എന്നാണ് ഇപ്പോള്‍ എല്ലാവരും കമന്റ് ചെയ്യുന്നത്. അങ്ങനെ പറയുന്നിടത്താണ് നമ്മുടെ വിജയം. വയറ് നിറച്ച് കൊടുത്താല്‍ ചിലപ്പോള്‍ ഇത്രയും കിട്ടില്ല. നിങ്ങള്‍ അടിച്ചോടാ മക്കളെ എന്ന അദ്ദേഹത്തിന്റെ സപ്പോര്‍ട്ട് വന്നാല്‍ തന്നെ ആ സീന്‍ വര്‍ക്കാണ്,’ നഹാസ് കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ ബാബു ആന്റണിക്ക് ചെറിയ റോളായിരുന്നതുകൊണ്ട് തന്നെ അദ്ദേഹത്തെ വിളിക്കുന്നതില്‍ സംശയമുണ്ടായിരുന്നെന്നും പിന്നീട് ചിത്രത്തിന്റെ നിര്‍മാതാവായ സോഫിയ പോള്‍ മുന്‍കയ്യെടുത്താണ് ബാബു ആന്റണിയെ ആര്‍.ഡി.എക്സിലേക്ക് കോണ്ടുവന്നതെന്നും നഹാസ് പറഞ്ഞു.
Content Highlight: Director Nahas Hidayat talks about Babu Antony’s fight scene in RDX