ദീപാവലി റിലീസില്‍ അതിഗംഭീര കുതിപ്പ് തുടരുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ലക്കി ഭാസ്‌കര്‍. വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത ചിത്രം 1990കളില്‍ മുംബൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ തന്നെയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തിയത്. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംനേടിക്കഴിഞ്ഞു. ഇതോടെ തെലുങ്കില്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ സ്വന്തമാക്കിയിരിക്കുകയാണ് ദുല്‍ഖര്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടിയിലൂടെയാണ് ദുല്‍ഖര്‍ തെലുങ്കില്‍ അരങ്ങേറിയത്.
മഹാനടിക്കായി ദുല്‍ഖറിനെ സമീപിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ നാഗ് അശ്വിന്‍. ഓ.കെ കണ്മണി എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് കണ്ടതിന് ശേഷമാണ് താന്‍ ദുല്‍ഖറിനെ സമീപിച്ചതെന്ന് നാഗ് അശ്വിന്‍ പറഞ്ഞു. എന്നാല്‍ ആ സമയത്ത് തനിക്ക് തെലുങ്ക് അറിയില്ലെന്ന് പറഞ്ഞ് മാറിനിന്നുവെന്ന് നാഗ് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് അവനെ വെച്ച് മഹാനടി എന്ന ചിത്രം ചെയ്‌തെന്നും അത് ഗംഭീരവിജയമായെന്നും നാഗ് അശ്വിന്‍ പറഞ്ഞു.
അന്ന് തെലുങ്ക് അറിയില്ല എന്ന് പറഞ്ഞ് മാറി നിന്ന ആ നടന്‍ ഇന്ന് തെലുങ്കില്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ നേടി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്ന് നാഗ് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് സിനിമകളും ഗംഭീരവിജയമാക്കിയ മറ്റൊരു അന്യഭാഷാ നടന്‍ വേറയില്ലെന്നും ദുല്‍ഖര്‍ ആ കാര്യത്തില്‍ മറ്റ് നടന്മാരെക്കാള്‍ വളരെയധികം മുന്നിലാണെന്നും നാഗ് അശ്വിന്‍ പറഞ്ഞു. ലക്കി ഭാസ്‌കറിന്റെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നാഗ് അശ്വിന്‍.
‘ഏതാണ്ട് 10 വര്‍ഷം മുമ്പാണ് ഞാന്‍ ആദ്യമായി ദുല്‍ഖറിനെ ശ്രദ്ധിക്കുന്നത്. മണിരത്‌നം സാറിന്റെ ഓ.കെ. കണ്മണിയുടെ തെലുങ്ക് ഡബ്ബായ ഓ.കെ ബങ്കാരമാണ് ഞാന്‍ ആദ്യമായി കാണുന്ന ദുല്‍ഖര്‍ ചിത്രം. ആ സിനിമ കണ്ടപ്പോള്‍ തന്നെ ദുല്‍ഖറിനെ നായകനാക്കി ഒരു ചിത്രം ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞാന്‍ ചെന്നൈയില്‍ പോയി ദുല്‍ഖറിനെ കണ്ടു. എന്നാല്‍ തനിക്ക് തെലുങ്കറിയില്ല എന്ന് പറഞ്ഞ് അവന്‍ മാറിനില്‍ക്കുകയായിരുന്നു.
പിന്നീട് അവന്‍ എന്റെ സിനിമയിലൂടെ തന്നെ തെലുങ്കില്‍ അരങ്ങേറി. അതിന് ശേഷം ചെയ്ത സീതാരാമവും ഇപ്പോഴിതാ ലക്കി ഭാസ്‌കറും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഹാട്രിക്ക് ബ്ലോക്ക്ബസ്റ്ററാണ് ദുല്‍ഖര്‍ തെലുങ്കില്‍ സ്വന്തമാക്കിയത്. ഇവിടെ മറ്റൊരു നടനും ഇല്ലാത്ത അപൂര്‍വമായൊരു റെക്കോഡാണത്. മറ്റ് യുവനടന്മാരില്‍ നിന്ന് ദുല്‍ഖറിനെ വേറിട്ട് നിര്‍ത്തുന്നതും ആ കാര്യമാണ്,’ നാഗ് അശ്വിന്‍ പറഞ്ഞു.
Content Highlight: Director Nag Ashwin saying he approached Dulquer Salmaan for Mahanati after watched OK Kanmani movie