| Friday, 30th September 2022, 3:12 pm

അമ്പലത്തിലും ചര്‍ച്ചുകളിലും പരിപാടി അവതരിപ്പിച്ച്, അവിടുത്തെ ഭക്ഷണം കഴിച്ച് വളര്‍ന്ന ഞങ്ങളെ കുറിച്ച് ഇത് പറയുമ്പോള്‍ സങ്കടമുണ്ട്: നാദിര്‍ഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഈശോ. ഒക്ടോബര്‍ അഞ്ചിന് സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ പേരിനെചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഈ പൊതുതാല്‍പര്യ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.

ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നാദിര്‍ഷ ഇപ്പോള്‍. സിനിമയില്‍ തമാശകള്‍ കൊണ്ടുവരാന്‍ ഭയമാണെന്നും എല്ലാത്തിനെയും വര്‍ഗീയമായി ആളുകള്‍ കാണുകയാണെന്നും ഏഷ്യവില്‍ മലയാളത്തിനോട് നാദിര്‍ഷ പറഞ്ഞു.

‘പണ്ടത്തെപ്പോലെ പെട്ടെന്ന് കഥാപാത്രങ്ങളെ സൃഷ്ടിക്കാനോ പാട്ടുകള്‍ എഴുതാനോ ഇന്ന് കഴിയില്ല. എല്ലാത്തിലും കുറ്റം കണ്ടുപിടിക്കാന്‍ കണ്ണുകള്‍ തുറന്നിരിക്കുകയാണ്. ഇപ്പോള്‍ വര്‍ഗീയത പ്രകടമാണ്. അതിന് ഉദാഹരണമാണ് ഈശോ എന്ന എന്റെ സിനിമയ്ക്ക് നേരെ ഉയര്‍ന്ന വിവാദങ്ങള്‍.

പണ്ട് നമ്മള്‍ സ്‌കിറ്റുകള്‍ കളിക്കാന്‍ പോകുമ്പോള്‍ അതില്‍ പള്ളീലച്ഛന്‍ ഉണ്ടാകും പൂജാരിയുണ്ടാകും മൊല്ലാക്കയുണ്ടാകും ഇവരെയൊക്കെ നമുക്ക് കളിയാക്കാം. ഇന്ന് ഇവരെയാരെയെങ്കിലും കളിയാക്കി സ്‌ക്രിപ്റ്റ് ചെയ്യാന്‍ പേടിയാണ്. ആരെയും വേദനിപ്പിക്കുന്ന തരത്തില്‍ തമാശ പറയാന്‍ പാടില്ല.

ടിനി ടോം നിവര്‍ന്ന് നില്‍ക്കുമ്പോള്‍ പക്രു കാലിന്റെ വിടവിലൂടെ ഓടിപ്പോകുന്നത് അവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ്. ആളുകളെ ചിരിപ്പിക്കാന്‍ ഉണ്ടാക്കിയതാണ്. അത് കണ്ടിട്ട് അതിനെ ക്രിട്ടിസൈസ് ചെയ്ത് ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല.

അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും ഒരു തമാശയും ചെയ്യാന്‍ പറ്റില്ലായിരുന്നു. പേടിയാണ് ഇപ്പോള്‍ തമാശ ഉണ്ടാക്കാന്‍. എന്നിട്ട് പലരും പറയും തമാശ സിനിമകള്‍ ഉണ്ടാകുന്നില്ലെന്ന്. എങ്ങനെയുണ്ടാകാനാണ്, കണ്ടന്റ് ചെയ്ത് കഴിയുമ്പോള്‍ എവിടെയെങ്കിലും ടച്ച് ചെയ്യില്ലെ.

സത്യമായിട്ടും സ്വാതന്ത്ര്യം പോയി. ക്രിയേറ്റിവിറ്റിയെ പേടിക്കുകയാണ് നമ്മള്‍ ഇപ്പോള്‍. ഒരു സാധനം വരയ്ക്കാനോ, എഴുതാനോ പേടിയാണ്. എല്ലാത്തിലും കുറ്റം കണ്ടുപിടിക്കുകയാണ്. ഈശോയുടെ ഭാഗമായി ഇവിടെ വന്നത് കൊണ്ട് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

പണ്ട് അമ്പല പറമ്പിലും ക്രിസ്റ്റ്യന്‍ ചര്‍ച്ചുകളിലുമായിരുന്നു ഏറ്റവും കൂടുതല്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. അവിടെ നിന്നും ഒരുപാട് ഭക്ഷണം കഴിച്ച് വളര്‍ന്ന് വന്ന ഞങ്ങളെക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞ് കേള്‍ക്കുമ്പോള്‍ ഭയങ്കര സങ്കടം തോന്നുന്നു.

അവര്‍ തന്നതൊക്കെ തിന്ന് വളര്‍ന്ന് വന്ന നമ്മളെ പോലുള്ള കലാകാരന്മാര്‍ ഇങ്ങനെയൊക്കെ വര്‍ഗീയമായി ചിന്തിക്കും, സിനിമ ചെയ്യും എന്ന് വിശ്വസിച്ചവരോട് വല്ലാത്ത വിഷമമാണ് ആ സമയത്ത് തോന്നിയത്. പേഴ്‌സണലി ഞങ്ങളെയറിയാവുന്ന ഒരാളും വിശ്വസിക്കില്ല.

ഒന്ന് വീഴുമ്പോള്‍ ജാതിയും മതവും നോക്കി താങ്ങിയെടുക്കുന്ന സുഹൃത്തുക്കളല്ല എനിക്കുള്ളത്. ഞങ്ങള്‍ സുഹൃത്തുക്കള്‍ നിന്റെ പേരെന്താണെന്ന് ചോദിക്കുന്നത് അവനെ വിളിക്കാന്‍ വേണ്ടി മാത്രമാണ്. അല്ലാതെ നീ ഏത് ജാതിയാണെന്ന് ചോദിച്ചിട്ടല്ല നമ്മള്‍ കൂട്ടുകൂടുന്നത്. അങ്ങനെയുള്ള ഒരു വ്യക്തിയെ വര്‍ഗീയവാദിയാക്കുമ്പോള്‍ വിഷമം തോന്നി,” നാദിര്‍ഷ പറഞ്ഞു.

നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, മണികണ്ഠന്‍ ആചാരി, രജിത്ത് കുമാര്‍, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സുനീഷ് വാരനാടാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്റെ ബാനറില്‍ അരുണ്‍ നാരായണന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റോബി വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Director Nadirshah said that the controversies raised against the movie Eesho were very disturbing

We use cookies to give you the best possible experience. Learn more