കൊച്ചി: ഈശോയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ പ്രതികരണവുമായി സംവിധായകന്‍ നാദിര്‍ഷ. സിനിമയുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ താന്‍ ഇത് അനാവശ്യമാണെന്ന് പറഞ്ഞിരുന്നുവെന്ന് നാദിര്‍ഷ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫിലിം ചേംബറൊഴികെ മറ്റെല്ലാ സിനിമാ സംഘടനകളും തനിക്ക് പിന്തുണയുമായി വന്നെന്നും നാദിര്‍ഷ പറഞ്ഞു.
‘ഞാന്‍ അന്നേ പറഞ്ഞതാണ് ഇതിനകത്ത് വിവാദങ്ങള്‍ ഉണ്ടാക്കേണ്ട എന്ന്. ആര്‍ക്കും ഉപദ്രവം ഉണ്ടാക്കാത്ത ഒരു സിനിമയാണിത്. അന്ന് ഞാന്‍ നൂറ് പ്രാവശ്യം എല്ലാവരോടും പറഞ്ഞതാണ്,’ നാദിര്‍ഷ പറഞ്ഞു.
എല്ലാവരും കുടുംബസമേതം കാണേണ്ട സിനിമയാണ് എന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പോലും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയസൂര്യയാണ് ഈശോയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്.
സുനീഷ് വാരനാടാണ് തിരക്കഥ. ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
നേരത്തെ സിനിമക്ക് ഈശോ എന്ന പേരിട്ടതിനെതിരെ വിദ്വേഷ പ്രചരണവുമായി ഒരു വിഭാഗമാളുകള്‍ രംഗത്തെത്തിയിരുന്നു. ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണ് ചിത്രത്തിന്റെ പേരെന്നാണ് ചില ഗ്രൂപ്പുകള്‍ പറയുന്നത്.
മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് അടക്കമുള്ളവര്‍ വിഷയത്തില്‍ വിദ്വേഷപരാമര്‍ശങ്ങളുമായെത്തിയിരുന്നു. ‘ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പി.സി. ജോര്‍ജിന്റെ ഭീഷണി.
മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.