കൊച്ചി: ജയസൂര്യ നായകനാകുന്ന ഈശോ സിനിമയുടെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ. ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ക്രിസ്ത്യന്‍ സംഘടനകളുടെയും വൈദികരുടെയും വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് നാദിര്‍ഷയുടെ വിശദീകരണം.
അതേസമയം സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ്‌ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ പറഞ്ഞു. താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.
‘ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം not from the bible എന്ന ടാഗ്‌ലൈന്‍ മാത്രം മാറ്റും. അല്ലാതെ തല്‍ക്കാലം ‘ഈശോ ‘ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥന്‍ ‘ എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,’ നാദിര്‍ഷ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമകളാണ് കേശു ഈ വീടിന്റെ നാഥനും ഈശോയും. കേശു ഈ വീടിന്റെ നാഥനില്‍ ദിലീപും ഈശോയില്‍ ജയസൂര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ഈ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ പറയുന്ന ഏതു ശിക്ഷക്കും തയ്യാറാണ്,’ നാദിര്‍ഷ പറഞ്ഞു.
നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റ്:
‘ഈശോ’ സിനിമയുടെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ ബുധനാഴ്ച്ച (04082021)വൈകിട്ട് 6.00 മണിക്ക്
എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക്. ഞാന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റ പേരില്‍ മാത്രം not from the bible എന്ന ടാഗ് ലൈന്‍ മാത്രം മാറ്റും. അല്ലാതെ തല്‍ക്കാലം ‘ഈശോ ‘ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥന്‍ ‘ എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.
എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള, എല്ലാ മതവിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസ്സുള്ള ഒരു കലാകാരന്‍ എന്ന നിലക്ക്, ആരുടേയും മനസ്സ് വേദനിപ്പിക്കാനും, വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാന്‍.
‘കേശു ഈ വീടിന്റെ നാഥന്‍ ‘ ഈശോ ‘ എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ്. അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക.