| Tuesday, 11th July 2023, 11:42 pm

വിജയ് ചെയ്തതില്‍ തെറ്റ് തോന്നുന്നില്ല; കഥാപാത്രം അവശ്യപ്പെട്ടാല്‍ ചെയ്‌തേ പറ്റു: മിഷ്‌കിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് സിനിമകളും വിജയ് എന്ന നടന്‍ വ്യക്തി ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളും ഒക്കെ തന്നെ എപ്പോഴും വാര്‍ത്തയാണ്. ആരാധകര്‍ക്കും വിമര്‍ശകര്‍ക്കും ഏറെ കാലം ആഘോഷിക്കാനും വിമര്‍ശിക്കാനുമുള്ളത് വിജയുടെ പേരില്‍ പുറത്തുവരുന്ന ഓരോ സംഭവങ്ങള്‍ക്കും ഉണ്ടാകാറുമുണ്ട്.

വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ലിയോയിലെ ഗാനം അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഗാനരംഗത്തില്‍ വിജയ് പുകവലിയെ പ്രോത്സാഹിപ്പിച്ചു എന്ന വിമര്‍ശനവും താരത്തിന് എതിരെ ഉയര്‍ന്നതുമാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ വിജയ് യെ അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ മിഷ്‌കിന്‍.

വിജയ് ചെയ്തതില്‍ യാതൊരു തെറ്റുമില്ലായെന്നും കഥാപാത്രം അവശ്യപ്പെട്ടാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാതെ ഒഴിഞ്ഞു മാറാന്‍ കഴിയില്ല എന്നുമാണ് മിഷ്‌കിന്‍ അഭിപ്രായപ്പെട്ടത്. ബിഹയിന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മിഷ്‌കിന്റെ പ്രതികരണം.


‘ചില സമയങ്ങളില്‍ കഥാപാത്രം ആവശ്യപ്പെട്ടാല്‍ ഇത്തരത്തില്‍ ഉള്ള പുകവലി പോലുള്ള രംഗങ്ങളില്‍ അഭിനയിക്കേണ്ടി വരും. ഇത്തരം രംഗങ്ങള്‍ ഒരു സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് പോലെയാണ്. കഥാപാത്രങ്ങള്‍ അങ്ങനെ ആണെങ്കില്‍ അത് ചെയ്‌തേ പറ്റു. അതുകൊണ്ട് പുകവലി രംഗത്തില്‍ വിജയ് അഭിനയിച്ചതില്‍ തെറ്റ് തോന്നുന്നില്ല പക്ഷെ സിനിമയില്‍ ഉള്ളത് എല്ലാം അതേ പോലെ അനുകരിക്കുന്നത് ഒരു തരത്തിലും അംഗീകാരിക്കാന്‍ പറ്റില്ല, ഇഷ്ട നടന്‍ കഥാപാത്രമായി എന്ത് ചെയ്താലും ആരാധകര്‍ ജീവിതത്തില്‍ അത് എല്ലാം തന്നെ അനുകരിക്കുന്നത് തെറ്റായ പ്രവണതയാണ്’ മിഷ്‌കിന്‍ പറഞ്ഞു.

വിജയ് എന്ത് ചെയ്താലും പ്രശ്‌നം വരുന്നതും വിമര്‍ശനം മാത്രം പലരും ഉന്നയിക്കുന്നതിനും കാരണം വിജയ് അത്ര മാത്രം വളര്‍ന്നു എന്നതിന് തെളിവാണെന്നും മിഷ്‌കിന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം അനാവശ്യ ആരോപണങ്ങള്‍ വിജയ് ഗൗനിക്കുക പോലുമില്ല എന്നും അദ്ദേഹം പറയുന്നു.

ലിയോയില്‍ മിഷ്‌കിന്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിലെ വിജയ് അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലോകേഷ് കനകരാജ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ മുഴുവന്‍ ഷൂട്ടിങ്ങും കഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ലിയോ ഒക്ടോബര്‍ 19 നാണ് തിയേറ്ററില്‍ എത്തുന്നത്. കശ്മീര്‍, ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

സഞ്ജയ് ദത്ത്, തൃഷ, അര്‍ജുന്‍, പ്രിയ ആനന്ദ്, ഗൗതം മേനോന്‍, അനുരാഗ് കശ്യപ്, മാത്യു തോമസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം.

Content Highlight: Director Mysskin supports actor vijay for the smoking scene in the leo movie song

We use cookies to give you the best possible experience. Learn more