| Wednesday, 25th November 2020, 5:15 pm

'അന്ന് വിജയ് എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു, എന്തുകൊണ്ട് ഈ കഥ പറഞ്ഞില്ലെന്ന് ചോദിച്ചു'; വിജയ്‌യെ കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് മിഷ്‌കിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴിലെ ശ്രദ്ധേയരായ യുവ സംവിധായകരിലൊരാളാണ് മിഷ്‌കിന്‍. മിഷ്‌കിന്‍ അടുത്തിടെ ചെയ്ത ഒരു അഭിമുഖത്തില്‍ ഇളയ ദളപതി വിജയ് യെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

മിഷ്‌കിന്‍ ആദ്യം സംവിധാനം ചെയ്ത ചിത്രമായ ചിത്തിരം പേസുതെടി തമിഴില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത് നരേനും ഭാവനയുമായിരുന്നു. എന്നാല്‍ ചിത്രം ഇളയ ദളപതി വിജയ്‌യെ മനസില്‍ കണ്ട് എഴുതിയതാണെന്നാണ് മിഷ്‌കിന്‍ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് വിജയ് തന്റെ കഴുത്തിന് കുത്തിപ്പിടിച്ചെന്നും മിഷ്‌കിന്‍ പറയുന്നു.

വിജയ് നായകനായെത്തിയ യൂത്ത് എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് മിഷ്‌കിന്റെ തുടക്കം. സിനിമാ രംഗത്ത് തനിക്ക് വലിയൊരു വാതില്‍ തുറന്ന് യൂത്തിന്റെ സംവിധായകന്‍ വിന്‍സെന്റ് സെല്‍വയാണെന്നും മിഷ്‌കിന്‍ പറയുന്നു.

യൂത്തിന്റെ സെറ്റില്‍ നില്‍ക്കുന്ന കാലത്ത് ഒരു ആറ് മാസക്കാലത്തോളം വിജയ്‌യോട് സംസാരിച്ചിട്ടേയില്ലെന്നാണ് മിഷ്‌കിന്‍ പറയുന്നത്. ഒരിക്കല്‍ തിരക്കിനിടയില്‍ തന്റെ കഴുത്തിന് പിന്നില്‍ കുത്തിപിടിച്ച് നിര്‍ത്തി വിജയ് ചോദിച്ചു അണ്ണാ എന്താണ് എന്നോടൊന്നും മിണ്ടാത്തതെന്ന്.

ഒരു നല്ല കഥയുമായി വരുമ്പോഴല്ലാതെ എന്ത് മിണ്ടാനാണെന്നായിരുന്നു മിഷ്‌കിന്‍ വിജയ്‌യോട് മറുപടിയായി പറഞ്ഞത്.

യൂത്തിന് ശേഷം തന്റെ ആദ്യത്തെ പടമായ ചിത്തിരം പേസുതടി എന്ന സിനിമയുടെ പ്രിവ്യൂ കാണാന്‍ വിജയ് വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്നെ വെച്ച് ഇത് പോലൊരു പടം പിടിക്കണമെന്ന്.

എന്നാല്‍ ആ സിനിമ വിജയ്‌യെ തന്നെ മനസില്‍ കണ്ടെഴുതിയതാണെന്ന് വിജയ്‌യോട് തുറന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും തന്നെ കഴുത്തിന് കുത്തിപ്പിടിച്ചെന്നും മിഷ്‌കിന്‍ പറഞ്ഞു.

‘സിനിമയുടെ പ്രിവ്യൂ ഷോ കണ്ട് കഴിഞ്ഞപ്പോള്‍ വിജയ് എന്നോട് പറഞ്ഞു. അണ്ണാ ഇതുപോലൊരു പടം എനിക്ക് വേണ്ടി ചെയ്യണമെന്ന്. തമ്പീ, ഈ സിനിമ തന്നെ നിന്നെ മനസില്‍ കണ്ടെഴുതിയതാണെന്ന് ഞാന്‍ അപ്പോള്‍ പറഞ്ഞു. മുമ്പ് യൂത്തിന്റെ സെറ്റില്‍ വെച്ച് കഴുത്തിന്റെ പിന്നില്‍ പിടിച്ച വിജയ് അന്ന് ലിഫ്റ്റില്‍ വെച്ച് തന്നെ കഴുത്ത് മുഴുവനായും കുത്തിപ്പിടിച്ച് ചുമരിനോട് ചേര്‍ത്ത് പിടിച്ച് എന്താ നേരത്തെ പറയാതിരുന്നതെന്ന് ചോദിച്ചു,’ മിഷ്‌കിന്‍ പറഞ്ഞു.

കഥ വിജയ്‌യുടെ അടുത്ത് പറയുമായിരുന്നെന്നും എന്നാല്‍ പറഞ്ഞ് കഴിഞ്ഞാല്‍ പതിനെട്ട് സീന്‍ വിജയ്‌യുടെ അച്ഛനും പതിനെട്ട് സീന്‍ വിജയ് യും മാറ്റാന്‍ പറഞ്ഞ് കഴിഞ്ഞാല്‍ താന്‍ അവസാനം ആത്മഹത്യ ചെയ്യേണ്ടി വരും. അതുകൊണ്ടാണ് പറയാതിരുന്നതെന്നും മിഷ്‌കിന്‍ പറഞ്ഞു.

പിന്നീട് വിജയ്‌യെ അധികം കണ്ടിട്ടില്ലെന്നും പരിപാടികളിലും മറ്റുമൊക്കെയാണ് കാണാറുള്ളതെന്നും മിഷ്‌കിന്‍ പറഞ്ഞു.

ഒരു സിനിമ വിജയ്ക്കായ് മനസിലുണ്ടെന്നും മിഷ്‌കിന്‍ പറഞ്ഞു. ചിലപ്പോള്‍ രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞും അദ്ദേഹത്തിന് ഇഷ്ടപെടുമെങ്കില്‍ താന്‍ പോയി കഥ പറയുമെന്നും മിഷ്‌കിന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Mysskin says about Ilaya Thalapati Vijay and His First movie

We use cookies to give you the best possible experience. Learn more