| Tuesday, 19th November 2024, 8:12 am

കപ്പേളയുടെ അവസാനത്തെ ഡയലോഗിന് ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്: മുസ്തഫ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനേതാവെന്ന രീതിയില്‍ ശ്രദ്ധിക്കപ്പെട്ട മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള. ചിത്രത്തിന്റെ രചന നിര്‍വഹിച്ചതും അദ്ദേഹം തന്നെയാണ്. അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ റോഷന്‍ മാത്യുവും ശ്രീനാഥ് ഭാസിയും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

കപ്പേള സിനിമയുടെ ക്ലൈമാക്‌സിനെ കുറിച്ച് സംസാരിക്കുകയാണ് മുസ്തഫ. അന്ന ബെന്‍ ക്ലൈമാക്‌സ് സീനില്‍ പറയുന്ന ‘എന്നെ ഒന്ന് കടല് കാണിച്ചു തരുമോ’ എന്ന ഡയലോഗിന് താന്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ടെന്ന് മുസ്തഫ പറയുന്നു. സിനിമയെ കുറിച്ച് തന്റെ ഉള്ളില്‍ ഒരു ഫീല്‍ ഉണ്ടെന്നും അത് കുറച്ചുപേര്‍ക്കെങ്കിലും കിട്ടുമെന്നോര്‍ത്താണ് ആ ഡയലോഗ് വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേറെ ഒരു ക്ലൈമാക്‌സ് സീന്‍ കൂടി എടുത്ത് വെക്കാമെന്ന് പലരും പറഞ്ഞെന്നും എന്നാല്‍ ഇത് തന്നെ വേണം എന്ന് തനിക്ക് നിര്‍ബന്ധമുണ്ടായതുകൊണ്ടാണ് ആ ഡയലോഗ് ക്ലൈമാക്‌സില്‍ വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുറ സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മുസ്തഫ.

‘കപ്പേള ചെയ്തപ്പോള്‍ സിനിമയുടെ അവസാനം അന്ന ബെന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ‘എന്നെ ഒന്ന് കടല് കാണിച്ച് തരുമോ’ എന്ന്. ഒരുപാട് വിമര്‍ശങ്ങള്‍ ആ ഡയലോഗിന് ഞാന്‍ കേട്ടിട്ടുണ്ട്. അതിന് ശേഷം എനിക്ക് ഒരുപാട് അഭിനന്ദനങ്ങളും ആ ഡയലോഗ് കാരണം ലഭിച്ചിട്ടുണ്ട്.

ആ സിനിമയുടെ ടോട്ടല്‍ നരേഷനിലൂടെ പോയി അവസാനം ആ ഡയലോഗ് പറയുമ്പോള്‍ എന്റെ ഉള്ളില്‍ ഒരു ഫീല്‍ ഉണ്ട്. അത് കുറച്ച് പേര്‍ക്കെങ്കിലും കിട്ടും എന്നോര്‍ത്താണ് അത് ചെയ്തത്. എന്നാല്‍ വേണോ  എന്ന സംശയം എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്യുന്ന സമയത്തായാലും ആ ഒരു സംശയം ഉണ്ടായിരുന്നു.

വേറെ ഒരു ക്ലൈമാക്‌സ് കൂടെ എടുത്ത് വെക്കാം എന്നുവരെ കരുതിയതാണ്. വേറെ എടുക്കാമെന്ന് പലരും പറഞ്ഞതുമാണ്. എന്നാലും ഇത് വേണം എന്ന് തോന്നിയതുകൊണ്ട് വെച്ച ഡയലോഗ് ആണത്. പല ആളുകള്‍ക്കും അത് കണക്ട് ആയി. പിന്നീട് കുറെ റീല്‍സായിട്ടും പല രീതിയിലും അത് വന്നു,’ മുസ്തഫ പറയുന്നു.

Content Highlight: Director Musthafa Talks About Climax Dialogue Of Kappela Movie

We use cookies to give you the best possible experience. Learn more