| Sunday, 20th October 2024, 4:05 pm

റിയല്‍ ലൈഫില്‍ നടന്ന ആ സംഭവത്തില്‍ നിന്നാണ് കപ്പേള എന്ന സിനിമയുണ്ടാകുന്നത്: മുസ്തഫ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനേതാവെന്ന രീതിയില്‍ ശ്രദ്ധിക്കപ്പെട്ട മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള. ചിത്രത്തിന്റെ രചന നിര്‍വഹിച്ചതും അദ്ദേഹം തന്നെയാണ്. അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ റോഷന്‍ മാത്യുവും ശ്രീനാഥ് ഭാസിയും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

നമ്പര്‍ മാറി വരുന്നൊരു ഫോണ്‍ കോളില്‍ തുടങ്ങി പിന്നീട് വളരുന്ന സുഹൃത്ത് ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് കപ്പേള. കപ്പേളയുടെ വണ്‍ ലൈന്‍ ഉണ്ടാകുന്നത് യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നാണെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ മുസ്തഫ. അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്ന സമയത്ത് ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സരോവരം പാര്‍ക്കില്‍ പോയെന്നും അവിടെ വയനാട്ടുകാരിയായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്യങ്ങള്‍ ആ കുട്ടിയോട് അന്വേഷിച്ചപ്പോള്‍ താനും സുഹൃത്തും ആദ്യമായി കാണാന്‍ പോകുകയാണെന്ന് പറഞ്ഞെന്നും ആ സമയത്ത് സോഷ്യല്‍ മീഡിയ അധികം വളര്‍ന്നിട്ടില്ലായിരുന്നെന്നും മുസ്തഫ പറയുന്നു. അങ്ങനെയാണ് ചിത്രത്തിന്റെ വണ്‍ ലൈന്‍ കിട്ടുന്നതെന്നും അതാണ് പിന്നീട് കപ്പേള എന്ന സിനിമയായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുസ്തഫ.


‘ഒരു റിയല്‍ ലൈഫ് ഇന്‍സിഡന്റിന് ശേഷമാണ് കപ്പേളയുടെ സബ്ജക്ടിലേക്ക് വരുന്നത്. സരോവരം പാര്‍ക്കില്‍ വെച്ച് ദുല്‍ഖറിന്റെ ഒരു സിനിമക്ക് വേണ്ടി ഞങ്ങള്‍ സഹ സംവിധായകരെല്ലാം രാവിലെ എത്തിയിരുന്നു. പാര്‍ക്ക് തുറക്കുന്ന സമയമോ അതിന് മുമ്പോ മറ്റോ ആയിരുന്നു.

ഒരു പെണ്‍കുട്ടിയവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ വന്ന് ഇറങ്ങിയ ഉടനെ ആ കൊച്ച് വന്നിട്ട് എന്താ ഇവിടെ ഷൂട്ടിങ് ആണോ, ദുല്‍ഖര്‍ വരുമോ, കൂടെ ഫോട്ടോ എടുക്കാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് ഇത് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വല്ലോം ആണോയെന്ന് ഓര്‍ത്ത് ആരാണ്, എന്താണ്, എന്നെല്ലാം അന്വേഷിച്ചു.

അപ്പോള്‍ ആ കുട്ടി പറഞ്ഞത് ഒരു ഫ്രണ്ടിനെ കാണാന്‍ വന്നതാണ്, ഫ്രണ്ട് എവിടെനിന്നുള്ളതാണെന്നൊന്നും അറിയില്ല ഞങ്ങള്‍ ആദ്യമായിട്ട് മീറ്റ് ചെയ്യാന്‍ വരുന്നതാണ് എന്നാണ്. അങ്ങനെ ഒരു റിയല്‍ ഇന്‍സിഡന്റ് നേരത്തെ ഉണ്ടായതാണ്. ആ സമയത്തൊക്കെ അങ്ങനെ ആയിരുന്നു, സോഷ്യല്‍ മീഡിയ ഒരുപാട് വളര്‍ന്നിട്ടില്ലാത്ത കാലമായിരുന്നു. ആ ഒരു സംഭവത്തില്‍ നിന്നാണ് കപ്പേളയുടെ വണ്‍ ലൈന്‍ ഉണ്ടാകുന്നത്,’ മുസ്തഫ പറയുന്നു.

Content Highlight:  Director Musthafa Says  Kappela Movie’s Story Was Inspired From Real Life Incident

We use cookies to give you the best possible experience. Learn more