| Friday, 12th March 2021, 12:22 pm

'ലൂസിഫറില്‍ അലോഷി ചതിച്ചു എന്നറിഞ്ഞ ശേഷമുള്ള രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ലാലേട്ടന്‍ അങ്ങനെ ചെയ്തു'; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് മുരളീ ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിന്റെ ബോക്‌സ് ഓഫീസ് ഇളക്കിമറിച്ച ചിത്രമായിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ പിറന്ന ചിത്രവും മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രവും ആരാധകര്‍ ഏറ്റെടുത്തു.

ലൂസിഫര്‍ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരിക്കലും മോഹന്‍ലാല്‍ എന്ന നടനെ മനസില്‍ കണ്ട് താന്‍ എഴുതിയതായിരുന്നില്ലെന്നും മനസ്സില്‍ രൂപീകൃതമാകുന്നതിന്റെ പാതിവഴിയില്‍ സ്റ്റീഫന്‍ നെടുമ്പള്ളി ആയി മോഹന്‍ലാലിനെ അല്ലാതെ ആരെയും ചിന്തിക്കാനാകാത്ത ഘട്ടം പിന്നീട് വന്നെന്നും നേരത്തെ മുരളി ഗോപി പറഞ്ഞിരുന്നു.

ലൂസിഫറിന്റെ ചിത്രീകരണത്തിനിടെ ചില രംഗത്തുള്ള മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് മനസുതുറക്കുകയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി.

‘ലൂസിഫറി’ന്റെ ഷൂട്ട് തുടങ്ങും മുന്‍പ് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ സ്വഭാവം എന്താണ് എന്ന് ലാലേട്ടന്‍ തന്നോടു ചോദിച്ചിരുന്നെന്നും ”അകത്ത് അഗ്നിപര്‍വതം എരിയുമ്പോഴും പുറത്ത് അതൊന്നും പ്രകടിപ്പിക്കാതെ ആര്‍ദ്രതയോടെ, ശാന്തനായി നിലകൊള്ളുന്ന ഒരു മഞ്ഞുമല’ എന്നാണ് താന്‍ പറഞ്ഞതെന്നും മുരളി ഗോപി പറയുന്നു.

രണ്ടു മൂന്നവസരങ്ങളില്‍ മാത്രമാണ് സ്റ്റീഫന്റെ കണ്ണുകളില്‍ ക്ഷോഭം തെളിയുന്നത്. ഷാജോണിന്റെ കഥാപാത്രം അലോഷി കൂടെ നിന്നു ചതിക്കുന്നതു തിരിച്ചറിഞ്ഞ ശേഷമുള്ള സീനില്‍ സ്റ്റീഫന്‍ ചോദിക്കുന്നു. ‘ കുഞ്ഞിന് സുഖമല്ലേ…’ ആ ഷോട്ടെടുക്കുമ്പോള്‍ കുഞ്ഞിന് എന്നതിനു ശേഷം ലാലേട്ടന്‍ ഒരു സെക്കന്‍ഡ് നിര്‍ത്തി. ആ നിമിഷം കണ്ണിമ ചിമ്മാതെ ചെറിയ മുഖചലനം. അടുത്ത നിമിഷത്തിലാണ് ”സുഖമല്ലേ…’ എന്നു ചോദ്യം പൂര്‍ത്തിയാക്കുന്നത്.

ആ മുഖചലനമാണ് ആ രംഗത്തിന്റെ ഭംഗി. എഴുത്തുകാരനെയും സംവിധായകനെയും മനസ്സിലാക്കി തിരക്കഥയുടെ ഉള്‍ക്കാമ്പറിഞ്ഞ് അഭിനയിക്കുന്നതാണ് ആ പ്രതിഭയുടെ മികവ്,’ മുരളി ഗോപി പറഞ്ഞു.

താന്‍ തിരക്കഥയെഴുതുന്ന ചിത്രങ്ങളിലൊന്നും നായകരായി ആരേയും കണ്ടല്ല എഴുത്ത് തുടങ്ങുന്നതെന്നും എഴുതി വരുമ്പോള്‍ ആ കഥാപാത്രം ഈ ആര്‍ട്ടിസ്റ്റ് ചെയ്താല്‍ നന്നാകും എന്ന് തോന്നുകയാണെന്നും മുരളി ഗോപി പറയുന്നു.

‘ലൂസിഫറും അങ്ങനെ സംഭവിച്ചതാണ്. ലാലേട്ടനു വേണ്ടിയല്ല എഴുതി തുടങ്ങിയത്. മനസ്സില്‍ രൂപീകൃതമാകുന്നതിന്റെ പാതിവഴിയില്‍ സ്റ്റീഫന്‍ നെടുമ്പള്ളി ആയി മോഹന്‍ലാലിനെ അല്ലാതെ ആരെയും ചിന്തിക്കാനാകാത്ത ഘട്ടം വരികയായിരുന്നെന്നും മുരളി ഗോപി പറഞ്ഞു.

‘ലൂസിഫറി’ലും ‘ദൃശ്യം ടു’വിലുമാണ് ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്തത്. ശരിക്കും ജ്യേഷ്ഠനെ പോലെയാണ് അദ്ദേഹം. ഒരു പാട് അടുപ്പമുള്ള സുഹൃത്തിനെ പോലെ എത്ര ഭംഗിയായാണ് അദ്ദേഹം നമ്മളോട് ഇടപെടുന്നത്. ആ സ്‌നേഹം കൊണ്ടാകും മലയാളികള്‍ ലാലേട്ടനു മാത്രമായി ഹൃദയത്തില്‍ ചിരമായ ഒരു സ്ഥാനം നല്‍കിയതെന്ന് തോന്നിയിട്ടുണ്ട്, മുരളി ഗോപി പറഞ്ഞു.

ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അതോര്‍ത്ത് ടെന്‍ഷന്‍ അടിക്കാതെ ചെയ്യുന്ന ജോലികള്‍ ആത്മാര്‍ഥമായി ചെയ്യണമെന്നാണ് ചിന്തയെന്നും മുരളി ഗോപി പറഞ്ഞു.

മുരളി ഗോപി-പൃഥ്വിരാജ് കൂട്ടുകെട്ട് ഹിറ്റാണല്ലോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു കൂട്ടുകെട്ടിന്റെ മാത്രം ആളാന്നുമല്ല താനെന്നും ക്രിയേറ്റീവ് റാപ്പോ ഉള്ളവരുമായി ജോലി ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും രാജുവുമായി അതുണ്ടെന്നുമായിരുന്നു മുരളി ഗോപിയുടെ മറുപടി.

തിരക്കഥാകൃത്താണ് ഒരു സിനിമയുടെ അമ്മ. സംവിധായകന്‍ വളര്‍ത്തമ്മയാണ്. നമ്മുടെ കുഞ്ഞിനെ ആ അമ്മയാണ് നന്നായി വളര്‍ത്തേണ്ടത്. രാജുവും ഇന്ദ്രനുമെല്ലാം സുഹൃത്തുക്കളാണ്. സിനിമയുടെ ഗ്ലാമറിലും ആഘോഷങ്ങളിലും വിശ്വസിക്കുന്ന ആളല്ല താനെന്നും മുരളി ഗോപി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Murali Gopy About Lucifer Film Scene and Mohanlal Performance

We use cookies to give you the best possible experience. Learn more