ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന ചിത്രത്തിന്റെ സംവിധാനത്തില്‍ നിന്നും പിന്മാറയിതിനെ കുറിച്ചുയരുന്ന അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി മുഹ്‌സിന്‍ പെരാരി. തികച്ചും വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണ് ചിത്രത്തിന്റെ സംവിധാനത്തില്‍ നിന്നും പിന്മാറിയതെന്ന് മുഹ്‌സിന്‍ പറഞ്ഞു.
സുഹൃത്ത് കൂടിയായ ഖാലിദ് റഹ്മാനോട് താന്‍ തന്നെയാണ് തല്ലുമാല സംവിധാനം ചെയ്യാന്‍ സാധിക്കുമോയെന്ന് ആവശ്യപ്പെട്ടതെന്നും മുഹ്‌സിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ‘തല്ലുമാലയെ പറ്റിയുള്ള കണ്‍ഫ്യൂഷന്‍ തീര്‍ക്കാനുള്ള അറിയിപ്പ്’ എന്നു പറഞ്ഞുകൊണ്ടാണ് മുഹ്‌സിന്റെ പോസ്റ്റ് വന്നിരിക്കുന്നത്.
അഷ്‌റഫും മുഹ്‌സിനും ചേര്‍ന്നാണ് തല്ലുമാലയുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. 2016 മുതല്‍ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടത്തുന്നതാണെന്നും ആ ചര്‍ച്ചകളും തര്‍ക്കങ്ങളുമെല്ലാം കണ്ട ഖാലിദ് റഹ്മാന് തങ്ങളുടെ ‘പിരാന്തന്‍ പൂതി’ സാക്ഷാത്കരിക്കാനാകുമെന്നും മുഹ്‌സിന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.
‘അഷ്‌റഫ്ക്കയോടൊപ്പം എഴുതിയ തല്ലുമാല എന്ന സിനിമയുടെ സംവിധാന കസേര പ്രിയ സുഹൃത്ത് ഖാലിദ് റഹ്മാന്‍ കൈമാറിയ വിവരം ഒന്നൂടെ ഔദ്യോഗികമായി സ്ഥിരപ്പെടുത്തുന്നു. ആ തീരുമാനത്തിന് പുറകില്‍ എന്റെ വ്യക്തിപരമായ പിരാന്ത് അല്ലാതെ മറ്റൊന്നും ഇല്ല. 2020 തുടക്കത്തില്‍ ഒരു രാവിലെ ‘തല്ലുമാല നീ സംവിധാനം ചെയ്യുമോ?’ എന്ന് ഞാന്‍ റഹ്മാനോട് ചോദിച്ചു. ‘തലേലിടുവാണോ ?’ എന്ന് അവന്‍ ചോദിച്ചു.
പിറ്റേന്ന് പുലര്‍ച്ച ഒരു രണ്ടുമണിക്ക് അവന്‍ എന്നെ ഫോണില്‍ വിളിച്ച് ‘നീ സീര്യസാണെങ്കി ഞാന്‍ പരിഗണിക്കാം’ എന്ന് പറഞ്ഞു. ഉടനെ അഷ്‌റഫ്കയോടും ടൊവിയോടും ഞാന്‍ കാര്യം പറഞ്ഞു. പിന്നെ അന്നത്തെ നിര്‍മ്മാതാവ് ആഷിഖ് അബുവിനോട് വിവരം അറിയിച്ചു.
തല്ലുമാലക്ക് പകരം ഒരു തിരക്കഥ എഴുതി കൊടുക്കാം എന്ന ഞങ്ങള്‍ ധാരണയായി. ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന് തല്ലുമാല അദ്ദേഹം കൈമാറി.
തല്ലുമാല എന്ന സിനിമ എന്റെയും അഷ്‌റഫിക്കാന്റെയും ഒരു പിരാന്തന്‍ പൂതിയാണ്. 2016 മുതല്‍ തല്ലുമാലയുടെ തിരക്കഥയില്‍ ഞാനും അസര്‍പ്പുവും തല്ലുകൂടുന്നത് കണ്ടു ശീലിച്ച റഹ്മാന്‍ ആ പിരാന്തന്‍ പൂതി സാക്ഷാത്കരിക്കും. ബാക്കി പരിപാടി പുറകെ,’ മുഹ്‌സിന്‍ പരാരി പറയുന്നു.
ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് തല്ലുമാലയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റൈ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Director Muhsin Parari says why he steeped down from directing Tovino – Soubon movie Thallumala