കോഴിക്കോട്: ലക്ഷദ്വീപ് പ്രശ്‌നത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പൃഥ്വിരാജിനെതിരെ ജനം ടി.വി നടത്തിയ വേട്ടയാടലില്‍ പിന്തുണയുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ‘രാജു ബ്രോ അല്ലേലും ചുമ്മാ കിടു ആണ്,’ എന്ന അടിക്കുറിപ്പലാണ് മഥുന്‍ പൃഥ്വിരാജിന്റെ ചിത്രം പങ്കുവെച്ചത്
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു നടന്‍ പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് സംഘപരിവാര്‍ ചാനലായ ജനം ടി.വി രംഗത്തെത്തിയത്.
സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും ജനം ടി.വിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ചാനലിന്റെ എഡിറ്ററായ ജി.കെ സുരേഷ് ബാബു എഴുതിയ ലേഖനത്തിലാണ് അധിക്ഷേപ പരാമര്‍ശങ്ങള്‍. പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.
‘ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്‌പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ടെന്നും കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട് സുരേഷ് ബാബു ലേഖനത്തില്‍ പറയുന്നു.
നേരത്തെ പൃഥ്വിരാജ് അച്ഛന്‍ സുകുമാരന് അപമാനമാണെന്നും അച്ഛന്റെ ഗുണങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കില്‍ പുനര്‍വിചിന്തനം ചെയ്യണമെന്നു് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണയറിയിച്ച് പൃഥ്വിരാജ് രംഗത്ത് എത്തിയതിന് പിന്നാലെ താരത്തിനെതിരെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നും സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു.
നേരത്തെ സംഘപരിവാര്‍ ചാനല്‍ പൃഥ്വിരാജിനെതിരെ നടത്തുന്ന വേട്ടയാടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ എം.എല്‍.എ വി.ടി ബല്‍റാം പറഞ്ഞിരുന്നു. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിന്റെ സുരക്ഷിത താവളങ്ങളില്‍ തലയൊളിപ്പിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ ഉയര്‍ന്നു കേട്ട വിയോജിപ്പിന്റെ ശബ്ദമായിരുന്നു പൃഥ്വിരാജിന്റേതെന്ന് അദ്ദേഹം പറഞ്ഞു.