| Tuesday, 24th August 2021, 2:13 pm

യേശുവിനെ അറിയാത്ത ചില മൈനോരിറ്റി ക്രിസ്ത്യാനികള്‍ക്ക് ഉപകാരപ്പെടട്ടെ; ഫാ. ജെയിംസ് പനവേലിലിന്റെ പ്രസംഗം പങ്കുവെച്ച് മിഥുന്‍ മാനുവല്‍ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈശോ എന്ന സിനിമാപ്പേരുമായി ബന്ധപ്പെട്ട് നടന്ന വിദ്വേഷ പ്രചരണങ്ങളില്‍ ക്രിസ്ത്യന്‍ മതമൗലികവാദികള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച ഫാ. ജെയിംസ് പനവേലിലിന്റെ പ്രസംഗം പങ്കുവെച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

‘ചുമ്മാ ഇരിക്കട്ടെ… യേശുവിനെ അറിയാത്ത ഒരു മൈനോരിറ്റി ക്രിസ്ത്യാനികള്‍ക്ക് ചെലപ്പോ, I mean ചെലപ്പോ, ഉപകാരപ്പെടും,’ എന്ന വാചകത്തോടെയാണ് മിഥുന്‍ മാനുവല്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലിഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്ററായ ഫാ. ജയിംസ് പനവേലിലാണ് ക്രിസത്യാനികള്‍ ഇന്ന് ക്രിസംഘി എന്നാണ് അറിയപ്പെടുന്നതെന്ന വിമര്‍ശനവുമായി രംഗത്തുവന്നത്.

നേരത്തെ ക്രിസ്ത്യന്‍ വിശ്വാസങ്ങളുമായി ചേരുന്ന പേരുകള്‍ സിനിമക്ക് ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത വിധം ഇന്ന് ക്രിസ്ത്യാനി വാളെടുത്തിറങ്ങിയിരിക്കുകയാണെന്നും ഫാ. ജയിംസ് പനവേലില്‍ പറഞ്ഞു. പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിനിടയിലാണ് അദ്ദേഹം വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

നാദിര്‍ഷായുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ എന്ന പേരു വീണതും വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഈ.മ.യൗ, ആമേന്‍, ഹല്ലേലുയ്യ എന്നിങ്ങനെ എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്.

അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി വാളെടുത്തിറങ്ങിയിരിക്കുകയാണ്. അങ്ങനെ സമൂഹമാധ്യമങ്ങളില്‍ നമുക്ക് ക്രിസംഘി എന്ന പേര് വീണു. അത് നമ്മുടെ സ്വഭാവം കൊണ്ടു കിട്ടിയ പേരാണെന്നും പണ്ടൊന്നും നമ്മള്‍ ഇങ്ങനെയായിരുന്നില്ലെന്നും ഫാ. ജയിംസ് പ്രസംഗത്തില്‍ പറയുന്നുണ്ട്.

‘മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്. ഈശോ എന്ന പേരില്‍ ഒരു സിനിമ ഇറക്കിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല.

ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്,’ ഫാ. ജയിംസ് പറഞ്ഞു.

ഫാ. ജയിംസ് പനവേലിലിന്റെ പ്രസംഗത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. നിരവധി പേരാണ് പ്രസംഗത്തിന് പിന്തുണയുമായെത്തിയത്. മിഥുന്‍ മാനുവല്‍ പങ്കുവെച്ച വീഡിയോക്ക് താഴെ സമാനമായ അഭിപ്രായം പങ്കുവെച്ചുകൊണ്ട് കമന്റുകള്‍ വരുന്നുണ്ട്.

ജയസൂര്യ നായകനാകുന്ന സിനിമയുടെ ‘ഈശോ’ എന്ന ടൈറ്റിലും ദീലിപിനെ നായകനാക്കി ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമാപ്പേരും ക്രിസ്തീയ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു ഒരുവിഭാഗം മതയാഥാസ്ഥിതികരുടെ വാദം.

ഈശോയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് സംവിധായകന്‍ നാദിര്‍ഷായ്ക്കെതിരെയും ടൈറ്റിലിനെതിരെയും വിദ്വേഷ പ്രചരണം ആരംഭിച്ചത്. സിനിമയ്ക്കിട്ട ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാസഭയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്നായിരുന്നു ഇവര്‍ അഭിപ്രായപ്പെട്ടത്.

സിനിമ തിയേറ്ററില്‍ ഇറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പി.സി. ജോര്‍ജടക്കമുള്ളവര്‍ ഭീഷണി മുഴക്കിയിരുന്നത്. തികച്ചും വര്‍ഗീയമായ പ്രസ്താവനകളായിരുന്നു പി.സി. ജോര്‍ജിന്റെ ഭാഗത്തു നിന്നും വിഷയത്തിലുണ്ടായതെന്ന് വ്യാപക വിമര്‍ശനവുമുയര്‍ന്നിരുന്നു.

ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നായിരുന്നു കത്തോലിക്ക സഭയിലെ ഒരു വിഭാഗം ഉന്നതനേതൃത്വത്തിന്റെയടക്കം നിലപാട്.

ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ പേരുകള്‍ ക്രിസ്ത്യാനികളുടെ വികാരത്തെ വൃണപ്പെടുത്തുന്നുവെന്നായിരുന്നു സീറോ മലബാര്‍ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞത്.

എന്നാല്‍ സിനിമയെ പിന്തുണച്ച് ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ് രംഗത്തെത്തിയിരുന്നു. ഒരു സിനിമക്ക് ഈശോ എന്ന് പേരിട്ടാല്‍ എന്ത് കുഴപ്പമാണ് സംഭവിക്കുകയെന്നായിരുന്നു മിലിത്തിയോസ് മെത്രാപ്പൊലീത്ത ചോദിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Midhun Manuel Thomas shares Fr. James Panavelil’s video criticising christian extreme groups ovr Eesho movie controversy

Latest Stories

We use cookies to give you the best possible experience. Learn more