| Tuesday, 7th July 2020, 2:51 pm

പിണറായി സാര്‍, നിങ്ങള്‍ നല്ലത് ചെയ്തപ്പോള്‍ കയ്യടിച്ചിട്ടുണ്ട്..പക്ഷേ,: സ്വര്‍ണക്കടത്ത് കേസില്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

പിണറായി സാര്‍ നല്ലത് നിങ്ങള്‍ ചെയ്തപ്പോള്‍ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ടെന്നും പക്ഷേ, ഇപ്പോള്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയായിപ്പോയെന്ന് മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന, ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികള്‍ ഈ കേസില്‍ മതിയാവില്ല. ഉപ്പുതീനികള്‍ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂവെന്നും മിഥുന്‍ പറഞ്ഞു.

”മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയും ഒരേ തൂവല്‍ പക്ഷികള്‍ ആയി മാറുന്ന ഈ ഫൈനല്‍ ട്വിസ്റ്റ് ഒരുമാതിരി ആര്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. പിണറായി സാര്‍, നല്ലത് നിങ്ങള്‍ ചെയ്തപ്പോള്‍ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്.. പക്ഷേ, ഇപ്പോള്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയായിപ്പോയി.. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികള്‍ ഈ കേസില്‍ മതിയാവില്ല.. ഉപ്പുതീനികള്‍ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. കഷ്ടം..” എന്നായിരുന്നു മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സ്വര്‍ണം കടത്തിയ കേസില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു. മനസാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല എന്നായിരുന്നു ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചത്.

സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്ന് പറഞ്ഞുകൊണ്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചായിരുന്നു ആഷിഖ് അബു ‘മന:സാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല’ എന്ന് പറഞ്ഞത്.

തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും അതിനനുസൃതമായ നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍.ഡി.എഫിന്റെയോ സര്‍ക്കാരിന്റെയോ ഒരു സഹായവും ലഭിക്കുകയില്ലെന്നും ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ പാര്‍ട്ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങള്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നും ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങള്‍ മാത്രമാണെന്നുമായിരുന്നു കോടിയേരി പറഞ്ഞത്.

ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഭക്ഷണ സാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്.

എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.

സ്വര്‍ണക്കടത്തില്‍ ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്നക്കും പങ്കുണ്ടെന്ന പ്രതി സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഇവര്‍ക്കായുള്ള തിരച്ചിലിലാണ്.

സ്വപ്‌നയ്ക്ക് ഐ.ടി സെക്രട്ടറിയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഐ.ടി സെക്രട്ടറി ശിവശങ്കരനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more