| Monday, 4th November 2024, 2:47 pm

അന്നും ഇന്നും ഒരേ കഥാപാത്രം ചെയ്യാൻ കഴിയുന്ന ഒരേയൊരു നടൻ, കോളേജ് സ്റ്റുഡന്റാവാനും ആ സൂപ്പർസ്റ്റാറിന് കഴിയും: മെക്കാർട്ടിൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ സിദ്ദിഖ് ലാലിന് ശേഷം കോമഡി ചിത്രങ്ങളിലൂടെ തങ്ങളുടേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സംവിധായകരാണ് റാഫിയും മെക്കാർട്ടിനും. പുതുക്കോട്ടയിലെ പുതുമണവാളൻ, തെങ്കാശിപട്ടണം, പഞ്ചാബി ഹൗസ്, ഹലോ തുടങ്ങി മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റുകൾ ഇരുവരും സമ്മാനിച്ചിട്ടുണ്ട്.

ജയറാമിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് മെക്കാർട്ടിൻ. പണ്ടത്തെ ജയറാമിനെ നമുക്കിപ്പോൾ കിട്ടില്ലെന്നും അതുകൊണ്ട് അത്തരത്തിലുള്ള കഥാപാത്രങ്ങൾ ഇനി ജയറാമിന് നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

പണ്ടത്തെ പോലെ ഏത്‌ കഥാപാത്രവും ഇപ്പോൾ കൊടുക്കാൻ പറ്റുന്ന ഒരു നടൻ മമ്മൂട്ടി മാത്രമാണെന്നും വേണമെങ്കിൽ ഇപ്പോഴും അദ്ദേഹത്തിന് കോളേജ് സ്റ്റുഡന്റായി അഭിനയിക്കാമെന്നും മെക്കാർട്ടിൻ പറഞ്ഞു. മാസ്റ്റർ ബിന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പണ്ടത്തെ ജയറാമിനെ ഇപ്പോൾ കിട്ടില്ലല്ലോ. ആ പ്രായം കഴിഞ്ഞിട്ട് ഇപ്പോൾ എത്ര കൊല്ലമായി. ഇപ്പോൾ പുള്ളി കാഴ്ച്ചയിൽ തന്നെ അത്യാവശ്യം പക്വത വന്ന ഒരാളാണ്. ഇപ്പോൾ വേറേ തന്നെ ഒരു വ്യക്തിയാണ്.

അതുകൊണ്ട് ഇപ്പോൾ ഒരു കഥാപാത്രം കൊടുക്കുമ്പോൾ അതനുസരിച്ചുള്ള വേഷം കൊടുക്കണം. ഇപ്പോൾ അത് കൊടുക്കാൻ പറ്റില്ലല്ലോ. ഇപ്പോഴും അങ്ങനെ കഥാപാത്രം കൊടുക്കാൻ പറ്റിയ ഒരാളെയുള്ളൂ.

അത് മമ്മൂക്കയാണ്. മമ്മൂക്കക്ക് മാത്രമേ ഇപ്പോൾ വിശ്വസിച്ച് ഒരു കഥാപാത്രം നൽകാൻ പറ്റുള്ളൂ. പണ്ടും ഇപ്പോഴും ഒരേ കഥാപാത്രം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കും. വേണമെങ്കിൽ ഇപ്പോഴും കോളേജ് സ്റ്റുഡന്റായി അഭിനയിക്കാൻ പുള്ളി തയ്യാറാണ്. ജനങ്ങൾ അത് സ്വീകരിക്കുകയും ചെയ്യും,’മെക്കാർട്ടിൻ പറയുന്നു.

Content Highlight: Director Mekartin About Mammooty and Jayaram

We use cookies to give you the best possible experience. Learn more