മലയാള സിനിമയുടെ ചരിത്രത്തില്‍ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ഉറപ്പായും സ്ഥാനം പിടിക്കുന്ന ചിത്രമാണ് റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലൊരുങ്ങിയ പഞ്ചാബി ഹൗസ്. ചിത്രത്തിലെ കഥാപാത്രങ്ങളും ഡയലോഗുകളും മലയാളികള്‍ക്ക് ഇന്നും കാണാപാഠമാണ്.
ചിത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും നായകനേക്കാള്‍ സ്‌കോര്‍ ചെയ്യുന്നതുമായ കഥാപാത്രമാണ് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണന്‍. ഗംഗാധരന്‍ മുതലാളി തന്നെ പണയം വെച്ച വീട്ടില്‍ പത്ത് പേരുടെ പണി ഒരുമിച്ചുചെയ്യുന്ന രമണന്റെ കഥാപാത്രവും ആളുകളെ ഇന്നും ചിരിപ്പിക്കുന്നതാണ്.
ട്രോളന്‍മാര്‍ ഏറ്റെടുത്തതോടെ രമണന്‍ കൂടുതല്‍ ജനകീയനായി. രമണനും മണവാളനും ദശമൂലം ദാമുവും ട്രോള്‍ ലോകത്തെ കിരീടം വെക്കാത്ത രാജാക്കന്‍മാരായി മാറി.
രമണന്‍ എന്ന ക്യാരക്ടര്‍ ഇത്രത്തോളം പോപ്പുലറാവാന്‍ കാരണം ട്രോളുകളാണെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ മെക്കാര്‍ട്ടിന്‍. മിര്‍ച്ചി പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘രമണന്‍ എന്ന ക്യാരക്ടര്‍ ഇത്രത്തോളം വലുതാവാന്‍ കാരണം ഈ ട്രോളാണ്. ട്രോളുകളാണ് ഇതിനെ ആളുകളെ കൊണ്ട് മറന്നു പോകാതെ ജനഹൃദയങ്ങളില്‍ അടുപ്പിച്ച് വെച്ചത്. പിന്നെ റൈറ്റ് അപ്പുകള്‍, ഇന്റര്‍വ്യൂകള്‍, ന്യൂസ്, പലരും വീണ്ടും വീണ്ടും ഉപയോഗിക്കുന്ന ക്ലിപ്പുകള്‍ ഇതെല്ലാമാണ് അതിന് കാരണം.
ഒരിക്കല്‍ ഞാന്‍ ഒരു ട്രാവല്‍സിന്റെ മാനേജരെ കണ്ടപ്പോള്‍ വേളാങ്കണ്ണിക്ക് പോകുന്ന ബസില്‍ ഞങ്ങള്‍ സ്ഥിരം ഇടുന്നത് പഞ്ചാബി ഹൗസാണ്. കാരണം ഇത് ഏത് ഭാഗത്ത് നിന്ന് കണ്ടാലും ആളുകള്‍ക്ക് സന്തോഷമാണ്. ഇതിനെ പറ്റി പലരും പറയുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്,’ മെക്കാര്‍ട്ടിന്‍ പറഞ്ഞു.
Content highlight: Director Mecartin about the popularity of the character Ramanan