| Saturday, 26th October 2024, 4:36 pm

ചതിക്കാത്ത ചന്തുവിലെ ആ ഒരു സംഗതി സലിംകുമാര്‍ കൈയില്‍ നിന്ന് ഇട്ടതാണ്: സംവിധായകന്‍ മെക്കാര്‍ട്ടിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്ത് ചിരിക്കാന്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകരാണ് റാഫി- മെക്കാര്‍ട്ടിന്‍ കോമ്പോ. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചുകൊണ്ട് തുടങ്ങിയ കോമ്പോ പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് ചുവടുവെച്ചു. പുലിവാല്‍ കല്യാണം, പഞ്ചാബി ഹൗസ്, സൂപ്പര്‍മാന്‍, ഹലോ, ചതിക്കാത്ത ചന്തു തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കോമ്പോ 2014ല്‍ വേര്‍പിരിഞ്ഞു.

റാഫി- മെക്കാര്‍ട്ടിന്‍ കോമ്പോയിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നാണ് 2004ല്‍ റിലീസായ ചതിക്കാത്ത ചന്തു. ജയസൂര്യ നായകാനയ കോമഡി ചിത്രത്തില്‍ എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ച കഥാപാത്രമായിരുന്നു സലിംകുമാര്‍ അവതരിപ്പിച്ച ഡാന്‍സ് മാസ്റ്റര്‍ വിക്രം. സലിംകുമാറിന്റെ ഗെറ്റപ്പും ഡയലോഗുകളും ഇന്നും പല ട്രോള്‍ പേജുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ മെക്കാര്‍ട്ടിന്‍.

വിക്രം എന്ന ക്യാരക്ടറിന്റെ പല മാനറിസവും സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നെന്നും പലതും സലിംകുമാര്‍ കൈയില്‍ നിന്ന് ഇട്ടതാണെന്നും മെക്കാര്‍ട്ടിന്‍ പറഞ്ഞു. ആ കഥാപാത്രം മുന്നിലേക്ക് കിടക്കുന്ന മുടി ഊതി പറപ്പിക്കുന്ന സംഗതി കൈയില്‍ നിന്നിട്ടതാണെന്നും അത് കണ്ടപ്പോള്‍ തന്നെ തങ്ങള്‍ക്ക് ഇഷ്ടമായെന്നും മെക്കാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെയൊരു കാര്യം സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴുള്ളത്ര ഇംപാക്ട് ഉണ്ടാകുമോ എന്ന് സംശയമാണെന്നും മെക്കാര്‍ട്ടിന്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചതിക്കാത്ത ചന്തുവില്‍ ഇന്നും പലരും ഓര്‍ത്തിരിക്കുന്ന ക്യാരക്ടേഴ്‌സില്‍ ഒന്ന് സലിംകുമാറിന്റേതാണ്. അദ്ദേഹമത് വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ചത്. ആ പടത്തില്‍ നമ്മള്‍ കാണുന്ന പല കാര്യങ്ങളും സലിംകുമാര്‍ കൈയില്‍ നിന്ന് ഇട്ടതാണ്. ആ ക്യാരക്ടര്‍ എങ്ങനെയുള്ള ആളാണെന്ന് മാത്രമേ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നുള്ളൂ. മാനറിസവും ബാക്കി കാര്യങ്ങളുമെല്ലാം പുള്ളിയുടെ കോണ്‍ട്രിബ്യൂഷനായിരുന്നു.

പുള്ളിയുടെ ഇന്‍ട്രോ സീനിലും ബാക്കി സ്ഥലത്തുമെല്ലാം മുന്നിലേക്ക് വീണുകിടക്കുന്ന മുടി ഒരു പ്രത്യേക സൗണ്ട് ഉണ്ടാക്കിക്കൊണ്ട് ഊതിവിടും. ഷൂട്ട് ചെയ്യുന്ന സമയത്ത് അത് കണ്ട് എല്ലാവരും ചിരിച്ചായിരുന്നു. അത് സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത ഒരു കാര്യമായിരുന്നു. അങ്ങനെ ഒരു കാര്യം നമ്മള്‍ ആദ്യമേ എഴുതി വെച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കാണുന്ന ഇംപാക്ട് കിട്ടിയെന്ന് വരില്ല,’ മെക്കാര്‍ട്ടിന്‍ പറഞ്ഞു.

Content Highlight: Director Mecartin about Salim Kumar’s character in Chathikkatha Chanthu movie

We use cookies to give you the best possible experience. Learn more