ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമാണ് പാവാട. മദ്യപാനിയായ വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ടായിരുന്നു ചിത്രത്തിന്റെ കഥ മുന്നോട്ട് പോയത്. പൃഥ്വിരാജിനെ ആ റോളിലേക്ക് തയ്യാറാക്കിയതിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ മാര്‍ത്താണ്ഡന്‍.
ജീന്‍സായിരുന്നു പൃഥ്വിരാജിന്റെ വേഷമായിട്ട് ആദ്യം പ്ലാന്‍ ചെയ്തതെന്നും എന്നാല്‍ അത് ധരിച്ചാല്‍ ഡീസന്റായി തോന്നുമെന്ന് കരുതി കൈലിയാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ത്താണ്ഡന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”പാവാടയിലെ പാമ്പ് ജോയ് എന്ന കഥാപാത്രത്തെ ശരിക്കും എനിക്ക് അറിയാം. ജീവിച്ചിരിക്കുന്ന കഥാപാത്രമാണ്. ഞങ്ങള്‍ക്ക് കുടിയന്മാരെ വ്യക്തിമായിട്ട് അറിയാം. കഥ വേറെ ആണെങ്കിലും കൃത്യമായിട്ട് അവരുടെ സ്വഭാവം അറിയാം.
ആദ്യം ജീന്‍സായിരുന്നു രാജുവിന്റെ കഥാപാത്രത്തിന് പ്ലാന്‍ ചെയ്തത്. പക്ഷെ അത് ഡീസന്റായിപ്പോവും കാരണം മെമ്മറീസില്‍ ഒക്കെ അദ്ദേഹം അത്തരത്തില്‍ ചെയ്തതാണ്. കൈലി ഉടുപ്പിച്ച് അദ്ദേഹത്തെ ലോക്കലാക്കാമെന്ന് ഞാന്‍ വിപിനോട് പറഞ്ഞു.
രാജുവിന് നല്ല സൗന്ദര്യമുണ്ടല്ലോ, എത്ര ലോക്കലാക്കിയാലും അതിന് ഒരു പരിധി കൂടുതല്‍ പറ്റില്ല. അതുകൊണ്ട് അധികം ഇറക്കത്തില്‍ മുണ്ട് ഉടുത്തില്ല. പിന്നെ കാല് കൊണ്ട് ചൊറിയുന്നത് ഒക്കെ വിപിന്‍ കാണിച്ച് കൊടുത്തതാണ്.
ആദ്യം രാജു ഇറങ്ങി വന്നപ്പോള്‍ എന്തൊ ഒരു കുറവ് പോലെ തോന്നിയിരുന്നു. ചേട്ടാ ഞാനങ്ങ് അഴിഞ്ഞാടും എന്നെ ഒന്ന് കണ്‍ട്രോള്‍ ചെയ്‌തേക്കണമെന്നാണ് എന്നോട് പറഞ്ഞു. അഴിഞ്ഞാടിക്കോ അതെല്ലാവര്‍ക്കും ഇഷ്ടമാവുമെന്നും ഞാന്‍ പറഞ്ഞു.
എന്നാലും എന്റെ മുഖത്ത് എന്തോ സംതൃപ്തി കുറഞ്ഞപോലെ അദ്ദേഹത്തിന് തോന്നിയത് കൊണ്ടാവും വീണ്ടും കാരവാനിലേക്ക് ഓടിക്കയറി. തിരിച്ച് വന്നപ്പോള്‍ കണ്ണിന് താഴെ രണ്ട് വര ഇട്ടിട്ടാണ് വന്നത്. ആ വരയാണ് കുടിയന്റെ കല. അപ്പോഴേക്കും കറക്ട് പാമ്പ് ജോയ് ആയി,” മാര്‍ത്താണ്ഡന്‍ പറഞ്ഞു.
CONTENT HIGHLIGHT: DIRECTOR MARTHANDAN ABOUT PRITHVIRAJ IN THE MOVIE PAVADA