|

പൃഥ്വിരാജിന്റെ തലക്കടിക്കാന്‍ പറ്റില്ലെന്ന് മിയ, ഭാവിയില്‍ കല്യാണം കഴിക്കാന്‍ പോകുന്ന ആളാണെന്ന് കരുതി അടിക്കാന്‍ പറഞ്ഞു: മാര്‍ത്താണ്ഡന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രമാണ് പാവാട. മദ്യപാനിയായ ഒരു വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ചിത്രത്തിന്റെ കഥ. പാമ്പ് ജോയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. അനൂപ് മേനോന്‍, മിയ, നെടുമുടി വേണു, ഷറഫുദ്ദീന്‍ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കളായി എത്തിയത്.

സെറ്റില്‍ വെച്ച് മിയ ചെയ്യാന്‍ മടിച്ച ഒരു സീനിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍. പൃഥ്വിരാജിന്റെ തലയില്‍ മീന്‍ചട്ടി വെച്ച് അടിക്കുന്ന സീന്‍ ചെയ്യാനായിരുന്നു മിയ തയ്യാറാവാതിരുന്നതെന്നും പൃഥ്വിരാജിനോട് ഡമ്മി വെച്ച് ചെയ്യാമെന്ന് പറഞ്ഞിട്ട് സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ത്താണ്ഡന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പാവാടയില്‍ ചട്ടി എടുത്ത് തലക്ക് അടിക്കുന്ന സീനുണ്ട്. ആ ചട്ടിയില്‍ ഒര്‍ജിനല്‍ മീനായിരുന്നു. ഞാന്‍ ഡമ്മി ഉപയോഗിക്കാമെന്ന് പൃഥ്വിവിനോട് പറഞ്ഞിരുന്നു. പക്ഷെ ഒറിജിനല്‍ മീന്‍ തന്നെ വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു.

മിയക്ക് ചട്ടിയെടുത്ത് രാജുവിന്റെ തലക്കടിക്കാന്‍ ഭയങ്കര മടിയായിരുന്നു. ഞാന്‍ പറഞ്ഞു നീ അടിച്ചോ, രാജു പറഞ്ഞിട്ടല്ലെയെന്ന്. എന്നാലും പൃഥ്വിരാജിന്റെ തലക്കടിക്കുകയെന്ന് പറഞ്ഞാല്‍ എനിക്ക് പറ്റില്ലെന്ന് പറഞ്ഞു.

പൃഥ്വിരാജാണെന്ന് നോക്കേണ്ട പകരം ഭാവിയില്‍ കല്യാണം കഴിക്കാന്‍ പോകുന്ന ആളാണെന്ന് കരുതി തലക്ക് അടിക്കാന്‍ പറഞ്ഞു. അങ്ങനെയൊക്കെ അല്ലെ ചെയ്യാന്‍ പറ്റുകയുള്ളു. നമുക്ക് ഷോട്ട് കറക്ടാവണ്ടെ. രാജു എന്തിനും തയ്യാറായിട്ടാണ് വന്നിരിക്കുന്നത്.

ആ മത്തി അവിടെ കൊണ്ട് വെക്കുമ്പോള്‍ തന്നെ നമുക്ക് മണമടിക്കുന്നുണ്ട്. ഇത് കഴിഞ്ഞിട്ട് രാജു കാരവനില്‍ ചെന്ന് കുളിച്ചിട്ട് പിന്നെ അതു മുഴുവന്‍ നാറ്റമായിരുന്നു. ഓരോ ദിവസം കഴിയുമ്പോഴും ഇറങ്ങി വന്ന് എന്നോട് ചോദിക്കും ചേട്ടാ മണമുണ്ടോയെന്ന്.

ഉറപ്പായിട്ടും ഉണ്ടാവും രണ്ട് ദിവസം കഴിഞ്ഞാലും ആ നാറ്റം പോവില്ല. ആ സീന്‍ ഇപ്പോഴും വൈറലായിട്ട് പോവുന്നുണ്ട്. ശരിക്കും പാമ്പ് ജോയ് എന്ന് പറയുന്ന വ്യക്തിയുടെ ജീവിതത്തില്‍ നടന്ന ഒരു സംഭവമാണ് സിനിമയില്‍ കാണിച്ചത്,” മാര്‍ത്താണ്ഡന്‍ പറഞ്ഞു.

content highlight: director marthandan about pavada movie