മമ്മൂട്ടി അഭിനയിച്ച നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുകയും പിന്നീട് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന പേരില്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ എടുക്കുകയും ചെയ്ത സംവിധായകനാണ് മാര്‍ത്താണ്ഠന്‍. തന്നെ ഒരു സംവിധായകനാക്കിയതിലുള്ള മമ്മൂട്ടിയുടെ പങ്കിനെക്കുറിച്ച് പറയുകയാണ് മാര്‍ത്താണ്ഠന്‍.
മമ്മൂട്ടി വഴി സിനിമയിലേക്കെത്തിയ സംവിധായകനാണെന്ന് പറയുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും കഴിവുള്ള സംവിധായകരെ കണ്ടാല്‍ മമ്മൂട്ടി ഡേറ്റ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ത്താണ്ഠന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ ഞാനായതില്‍ പ്രധാന പങ്ക് വഹിച്ചത് മമ്മൂക്കയാണ്. മമ്മൂക്ക സാറിനെ വെച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് സിനിമയിലേക്ക് വന്നൊരാളാണ് ഞാന്‍. മമ്മൂക്ക സാറിനെ വെച്ചോ ലാല്‍ സാറിനെ വെച്ചോ സിനിമ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് എല്ലാവരും സിനിമാ മേഖലയിലേക്ക് വരുന്നത്. ഞാനും ആ സ്വപ്‌നത്തില്‍ വന്നൊരാളാണ്.
പക്ഷെ ഒരിക്കലും ആ സ്വപ്‌നത്തിലേക്ക് എത്താന്‍ പറ്റുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. സ്വപ്‌നം നേടാന്‍ എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ആന്റോ ചേട്ടനും ബെന്നി ചേട്ടനുമാണ്. അതിനേക്കാള്‍ അപ്പുറത്തേക്ക് സാറുമായിട്ട് ഒരുപാട് പടങ്ങളില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയ ആത്മബന്ധം എനിക്കുമുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായി കുറേ ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തിരുന്നു.
പക്ഷെ ബന്ധം കൊണ്ട് മാത്രം കാര്യമില്ല. സാര്‍ 60തോളം സംവിധായകരെ സിനിമയില്‍ കൊണ്ടുവന്ന വ്യക്തിയാണ്. എനിക്കു തോന്നുന്നു അതിലും കൂടുതലുണ്ടെന്നാണ്. ഓരോരുത്തരുടെയും കഴിവ് കണ്ടിട്ടാണ് അദ്ദേഹം ഇത് കണ്ടെത്തുന്നത്. അത്രയും സംവിധായകരെ ലോക സിനിമയിലേക്ക് എത്തിച്ച ഒരു നടന്‍ വേറെ ഇല്ല.
അതിലൊരാളാണ് ഞാന്‍ എന്ന് പറയുന്നതില്‍ എനിക്ക് നല്ല അഭിമാനമുണ്ട്. ഒരു സിനിമാ സെറ്റില്‍ ചെല്ലുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ സാര്‍ വാച്ച് ചെയ്യും. ഇവരില്‍ ആരാണ് കൊള്ളാവുന്നവര്‍ എന്നൊക്കെ അദ്ദേഹം ശ്രദ്ധിക്കും.
എനിക്ക് ഒരു സിനിമ ചെയ്യണമെന്ന് ഞാന്‍ അദ്ദേഹത്തോട് അങ്ങോട്ട് ചോദിച്ചിരുന്നു. നീ വെറുതെ ആഗ്രഹിച്ചിട്ട് കാര്യമില്ല, നല്ല സബ്ജക്ടുമായിട്ട് വന്നിട്ട് നമുക്ക് ആലോചിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ അങ്ങനെ ഒന്നുമായിട്ട് ചെന്നപ്പോഴാണ് എനിക്കും അവസരം തന്നത്,” മാര്‍ത്താണ്ഠന്‍ പറഞ്ഞു.
content highlight: director marthandan about mammootty