'മച്ചാനെ ഇത് വേറെ ഏതെങ്കിലും രീതിയില്‍ വായിക്കുമോയെന്നായിരുന്നു ടൊവി ചോദിച്ചത്'; കാണെക്കാണെയെന്ന പേരിനെ കുറിച്ച് മനു അശോക്
Malayalam Cinema
'മച്ചാനെ ഇത് വേറെ ഏതെങ്കിലും രീതിയില്‍ വായിക്കുമോയെന്നായിരുന്നു ടൊവി ചോദിച്ചത്'; കാണെക്കാണെയെന്ന പേരിനെ കുറിച്ച് മനു അശോക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th September 2021, 11:13 am

കാണെക്കാണെയെന്ന ചിത്രത്തിന് അത്തരമൊരു പേര് കൊടുത്തതിനെ പറ്റി പറയുകയാണ് സംവിധായകന്‍ അശോകന്‍. ഈയൊരു സബ്ജക്ട് ആലോചിച്ച് കുറേ കഴിഞ്ഞ ശേഷമാണ് ഇങ്ങനെയൊരു ടൈറ്റില്‍ കിട്ടുന്നതെന്നും കാണെക്കാണെ എന്നത് വേറെ പലതുമായിട്ട് വായിച്ചൂടെ എന്ന കമന്റൊക്കെ അപ്പോള്‍ തന്നെ വന്നിരുന്നെന്നും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മനു അശോക് പറഞ്ഞു.

കണ്ടുകൊണ്ടിരിക്കുമ്പോഴാണ് മുന്നോട്ടുള്ള വഴി തെളിയുന്നത്. ചിത്രം കാണുമ്പോഴാണ് അത് മനസിലാകുക. കാണെക്കാണെ എന്നാണ് ടൈറ്റില്‍ എന്നു പറഞ്ഞപ്പോള്‍ മച്ചാനെ ഇത് വേറെ ഏതെങ്കിലും രീതിയില്‍ വായിക്കുമോയെന്നായിരുന്നു ടൊവി ചോദിച്ചത്, മനു അശോകന്‍ പറഞ്ഞു. ചിത്രത്തിന് യോജിക്കുന്ന ടൈറ്റില്‍ ഇത് തന്നെയാണെന്നായിരുന്നു ടൊവിനോയും അഭിമുഖത്തില്‍ പറഞ്ഞത്.

ഉയരെയെന്ന സിനിമ തൊട്ട് ടൊവിയുമായി സൗഹൃദമുണ്ടെന്നും അതുകൊണ്ട് തന്നെ ടൊവിയോട് സംസാരിക്കാന്‍ ആ സ്വാതന്ത്ര്യമുണ്ടെന്നും മനു അശോകന്‍ അഭിമുഖത്തില്‍ പറഞ്ഞു. ലോക്ക്ഡൗണിന് മുന്‍പ് മറ്റൊരു ചിത്രം ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ അപ്പോഴേക്ക് ലോക്ക് ഡൗണ്‍ വന്നതുകാരണം അത് ഡ്രോപ്പ് ചെയ്തു. അതിന് ശേഷമാണ് ഈ ചിത്രത്തിലേക്ക് എത്തുന്നത്.

ആദ്യം ഇങ്ങനെയൊരു സബ്ജക്ട് വന്നപ്പോള്‍ താന്‍ ടൊവിനോയെയാണ് വിളിച്ചതെന്നും മച്ചാനെ ഒരു കഥയുണ്ട്, ഇതാണ് ക്യാരക്ടര്‍ എന്ന് പറിഞ്ഞപ്പോള്‍ ഓ റെഡി ചെയ്യാമെന്ന് അപ്പോള്‍ തന്നെ ടൊവി പറയുകയായിരുന്നെന്നും മനു അശോക് പറഞ്ഞു.

തങ്ങളെ സംബന്ധിച്ച് അപ്പോള്‍ തന്നെ പ്രൊജക്ട് ഓണ്‍ ആയെന്നും അതുകഴിഞ്ഞ ശേഷമാണ് സുരാജേട്ടനോട് കഥ പറഞ്ഞതെന്നും മനു അശോക് പറയുന്നു.

ഉയരെ എന്ന ചിത്രത്തിന് ശേഷം മനു അശോകന്‍ ഒരുക്കിയ ചിത്രമാണ് കാണെക്കാണെ. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസായത്.

ഉയരെയ്ക്ക് ശേഷം ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്ക്കും ടൊവിനോയ്ക്കും ഒപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

തന്നെ സംബന്ധിച്ച് കാണാനും ചെയ്യാനും താത്പര്യം ത്രില്ലര്‍ സിനിമകളാണെന്നും എന്നാല്‍ കാണെകാണെ അങ്ങനെയല്ലെന്നും നേരത്തെ മനു അശോകന്‍ പറഞ്ഞിരുന്നു.

ഉയരെ എന്ന ചിത്രത്തിന്റെ ഹാങ്ങോവര്‍ തന്നെ ഒരു തരത്തിലും ബാധിച്ചിരുന്നില്ലെന്നും അങ്ങനെ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും മനു അശോകന്‍ പറഞ്ഞു.

”ഉയരെ അത് കഴിഞ്ഞതാണ്. അതവിടെ വിട്ട് മുന്നോട്ട് പോവുക എന്നേയുള്ളൂ. ഏത് മേഖലയിലാണെങ്കിലും വളരണം മുന്നോട്ട് പോവണം എന്ന ആഗ്രഹത്തോടെയാണല്ലോ നമ്മള്‍ പ്രവര്‍ത്തിക്കുക.

രണ്ടാമത്തെ ചിത്രം ആദ്യ ചിത്രത്തിനും മുകളിലായിരിക്കണം എന്ന ആഗ്രഹം തീര്‍ച്ചയായും ഉണ്ട്. ആദ്യ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയെയാണ് നമ്മള്‍ ചലഞ്ച് ചെയ്യുന്നത്, അതിനോടാണ് വീണ്ടും മികച്ചത് നല്‍കാന്‍ പോരാടുന്നത്,” മനു അശോകന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Manu Ashokan about Kanekkane Movie Title