| Friday, 17th September 2021, 1:01 pm

ഉയരെയുടെ ഹാങ്ങോവര്‍ എന്നെ ബാധിച്ചിരുന്നില്ല; അതുണ്ടാവാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു; മനു അശോകന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉയരെ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ മനു അശോകന്‍ ഒരുക്കിയ കാണെക്കാണെ റിലീസായിക്കഴിഞ്ഞു. ഉയരെയ്ക്ക് ശേഷം ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്ക്കും ടൊവിനോയ്ക്കും ഒപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തെ കുറിച്ചുള്ള പ്രതികരണങ്ങളും വന്നുകൊണ്ടിരിക്കുകയാണ്.

തന്നെ സംബന്ധിച്ച് കാണാനും ചെയ്യാനും താത്പര്യം ത്രില്ലര്‍ സിനിമകളാണെന്നും എന്നാല്‍ കാണെകാണെ അങ്ങനെയല്ലെന്നുമാണ് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ മനു അശോകന്‍ പറയുന്നത്.

ഉയരെ എന്ന ചിത്രത്തിന്റെ ഹാങ്ങോവര്‍ തന്നെ ഒരു തരത്തിലും ബാധിച്ചിരുന്നില്ലെന്നും അങ്ങനെ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും മനു അശോകന്‍ പറഞ്ഞു.

”ഉയരെ അത് കഴിഞ്ഞതാണ്. അതവിടെ വിട്ട് മുന്നോട്ട് പോവുക എന്നേയുള്ളൂ. ഏത് മേഖലയിലാണെങ്കിലും വളരണം മുന്നോട്ട് പോവണം എന്ന ആഗ്രഹത്തോടെയാണല്ലോ നമ്മള്‍ പ്രവര്‍ത്തിക്കുക.

രണ്ടാമത്തെ ചിത്രം ആദ്യ ചിത്രത്തിനും മുകളിലായിരിക്കണം എന്ന ആഗ്രഹം തീര്‍ച്ചയായും ഉണ്ട്. ആദ്യ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയെയാണ് നമ്മള്‍ ചലഞ്ച് ചെയ്യുന്നത്, അതിനോടാണ് വീണ്ടും മികച്ചത് നല്‍കാന്‍ പോരാടുന്നത്,” മനു അശോകന്‍ പറഞ്ഞു.

കാണെക്കാണെ ഒ.ടി.ടിയ്ക്ക് വേണ്ടി തയ്യാറാക്കിയ ചിത്രം തന്നെയാണ്. സിനിമ ഇനി എങ്ങനെ എന്ന വല്ലാത്ത പ്രതിസന്ധി ഘട്ടത്തിലാണ് ഒ.ടി.ടി എന്ന വലിയ അവസരം നമുക്ക് മുന്നിലേക്ക് വരുന്നത്. അങ്ങനെയാണ് കാണെക്കാണെ ഒരുങ്ങുന്നത്.

എന്നാല്‍ അതൊരു കൊവിഡ് ചിത്രമാകരുത് എന്നുമുണ്ടായിരുന്നു. അതുകൊണ്ട് കൊവിഡിന്റേതായ സാമൂഹിക ചുറ്റുപാടുകള്‍ ഒന്നും ചിത്രത്തില്‍ കാണിക്കുന്നില്ല.

കാണെകാണെയ്ക്ക് മുമ്പ് മറ്റൊരു ചിത്രമായിരുന്നു ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നതെന്നും അതല്‍പം വലിയ പ്രോജക്ട് ആയതുകൊണ്ട് കൊവിഡ് പ്രതിസന്ധി വന്നതോടെ മാറ്റിവെക്കേണ്ടി വന്നെന്നും മനു പറയുന്നു.

അതിജീവിക്കുന്നത് എങ്ങനെ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് മുമ്പ് ഞങ്ങള്‍ സംസാരിച്ചിരുന്ന ഒരു വണ്‍ലൈന്‍ മനസില്‍ വരുന്നത്. അതാണ് കാണെക്കാണെയായി ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. ഒന്നൊന്നര വര്‍ഷത്തെ യാത്രയുടെ ഫലമാണ് ഈ ചിത്രമെന്നും അഭിമുഖത്തില്‍ മനു അശോകന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Manu Ashokan About His New Movie kaanekkane

We use cookies to give you the best possible experience. Learn more