| Saturday, 18th September 2021, 3:05 pm

നോളന്‍ ഡേറ്റ് ചോദിച്ചിട്ടുണ്ട്, ക്ലാഷ് വന്നേക്കും; കാണെക്കാണെയ്ക്ക് ഡേറ്റ് ചോദിച്ചപ്പോള്‍ ഐശ്വര്യ പറഞ്ഞതിനെ കുറിച്ച് മനു അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാണെക്കാണെ സിനിമയ്ക്കായി ഡേറ്റ് ചോദിച്ച് നടി ഐശ്വര്യ ലക്ഷ്മിയെ വിളിച്ചപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ മനു അശോകന്‍.

ടൊവിനോയോടും സുരാജിനോടും കഥ പറഞ്ഞ് അവരുടെ ഡേറ്റ് വാങ്ങിയ ശേഷമായിരുന്നു ഐശ്വര്യ ലക്ഷ്മിയെ വിളിച്ചതെന്നും ഡേറ്റ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ നോളേട്ടന്‍ വിളിച്ചിട്ടുണ്ടെന്നും ഡേറ്റ് ക്ലാഷുണ്ടാവാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ആദ്യം ഐശ്വര്യ പറഞ്ഞതെന്നും മനു അശോകന്‍ പറയുന്നു. ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും മനു അശോകനും ഒന്നിച്ചെത്തിയ ബിഹൈന്‍ഡ് വുഡ്‌സ് അഭിമുഖത്തിലായിരുന്നു രസകരമായ സംഭവം അദ്ദേഹം പങ്കുവെച്ചത്.

‘ ടൊവിനോയും സുരാജ് ഏട്ടനും ഓക്കെ പറഞ്ഞതിന് ശേഷമാണ് ഞാന്‍ ഐശ്വര്യയെ വിളിക്കുന്നത്. ‘സാര്‍ എനിക്ക് നോളേട്ടന്റെ ഒരു ഡേറ്റ് ക്ലാഷുണ്ടാവാന്‍ സാധ്യതയുണ്ടെന്നായിരുന്നു’ ഐശ്വര്യ ആദ്യം പറഞ്ഞത്. നോളേട്ടന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് ആദ്യം മനസിലായില്ല. ഐശ്വര്യ ലക്ഷ്മി എന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ അത്രയൊന്നും പ്രതീക്ഷിക്കില്ലല്ലോ(ചിരി),’ മനു അശോകന്‍ പറഞ്ഞു.

എന്നാല്‍ കൊവിഡിനിടെ വിളിച്ച് ഡേറ്റ് ഉണ്ടോയെന്ന് ചോദിച്ച് തന്നെ കളിയാക്കുകയാണെന്ന് കരുതിയാണ് താന്‍ അങ്ങനെയൊരു ഉത്തരം നല്‍കിയതെന്നായിരുന്നു ഇതിന് ഐശ്വര്യ നല്‍കിയ മറുപടി. ക്രിസ്റ്റഫര്‍ നോളന്റെ ഒരു പടമുണ്ട്, എന്നാലും നോക്കാമെന്നായിരുന്നു അന്ന് താന്‍ പറഞ്ഞതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

”ഫോണിലാണ് ഞാന്‍ ഐശ്വര്യയോട് കഥ പറഞ്ഞത്. ഉടന്‍ തന്നെ അവര്‍ അത് സമ്മതിച്ചു. രണ്ട് കഥാപാത്രത്തെ കുറിച്ചും കേട്ട് കഴിഞ്ഞപ്പോള്‍ ശ്രുതിയുടെ കഥാപാത്രം തരുമോയെന്നായിരുന്നു ഐശ്വര്യ ചോദിച്ചത്. എന്നാല്‍ അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു,” മനു അശോകന്‍ പറയുന്നു.

സഞ്ജയും ബോബിയും താനും ഐശ്വര്യയെ വിളിക്കുന്നത് ട്രജക്ട്രി എന്നാണെന്നും അതിന് ഒരു കാരണമുണ്ടെന്നും മനു അശോകന്‍ പറഞ്ഞു.

‘ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഐശ്വര്യ ഞങ്ങളോട് ചോദിച്ചു, അല്ല ഈ കഥാപാത്രത്തിന്റെ ട്രജക്ട്രി എന്തായിരിക്കും, അതൊന്ന് പറഞ്ഞു തരാമോ എന്ന്. അതിന് ശേഷം ഞങ്ങള്‍ ട്രജക്ട്രി എന്നാണ് ഐശുവിനെ വിളിക്കുന്നത്. ഐശ്വര്യയെ കുറിച്ച് പറയാന്‍ ഒരുപാട് പോസിറ്റീവ് കാര്യങ്ങള്‍ ഉണ്ട്. ഒരുപാട് സംശയങ്ങള്‍ ഉള്ള ആര്‍ടിസ്റ്റാണ് ഐശു. ടൊവി ഒരു ഷോട്ട് കഴിഞ്ഞാല്‍ എന്നോട് ചോദിക്കും ബ്രോ ഇത് കറക്ടാണോ ഇതാണോ ഉദ്ദേശിച്ചത് എന്ന്. ടൊവി ആദ്യം ചെയ്യുകയാണ് ചെയ്യുക. എന്നാല്‍ ഐശ്വര്യ ഷോട്ടിന് മുന്‍പേ എന്നോട് ചോദിക്കും, ഇങ്ങനെ വന്നോട്ടെ, ഇങ്ങനെ ഒരു സ്വാതന്ത്ര്യം എടുത്തോട്ടെ എന്നൊക്കെ. ഇതാണ് ഇവരിലുള്ള വ്യത്യാസം.

ഐശ്വര്യ സെറ്റിലേക്ക് വരുന്നുണ്ടെന്ന് നമുക്ക് നേരത്തെ അറിയാന്‍ പറ്റുമെന്നും എല്ലായിടവും ഇളക്കി മറിച്ച് ശബ്ദകോലാഹലങ്ങളുമായാണ് വരികയെന്നുമായിരുന്നു മനു അശോകന്‍ പറഞ്ഞത്.

‘മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ടൊവി എന്നോട് പറഞ്ഞു. ബ്രോ നമ്മുടെ സെറ്റ് എന്ന് പറയുന്നത് ഒരു ലൗ ബേര്‍ഡ്‌സിന്റെ കൂടാണ്. പെട്ടെന്ന് അതിനകത്ത് ഒരു പൂച്ചയെ എടുത്തിട്ടാല്‍ എങ്ങനെയിരിക്കും. കലപില കലപില ശബ്ദമായിരിക്കും. അതാണ് ഐശ്വര്യ വരുമ്പോഴുള്ള അവസ്ഥയെന്ന്,’ എന്നാല്‍ ഇതൊന്നും താന്‍ പറഞ്ഞതല്ലെന്നും ഇപ്പോഴാണ് കേള്‍ക്കുന്നതെന്നുമായിരുന്നു ചിരിച്ചുകൊണ്ടുള്ള ടൊവിനോയുടെ മറുപടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Manu Ashokan About Actress Aiswarya Lekshmi

We use cookies to give you the best possible experience. Learn more