| Monday, 20th November 2023, 5:10 pm

ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാന്‍ കണ്ട മികച്ച തമിഴ് സിനിമയാണ് അത്: മണിരത്‌നം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെ കണ്ടതില്‍ ഇഷ്ടപ്പെട്ട തമിഴ് ചിത്രങ്ങളെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം. മാമന്നനും മാവീരവനും കഴിഞ്ഞ ദിവസമാണ് കണ്ടതെന്നും രണ്ടും മികച്ച സിനിമകളായിരുന്നുവെന്നും മണിരത്‌നം പറഞ്ഞു. ഒരുപാട് നാളുകള്‍ക്ക് ശേഷം കണ്ട മികച്ച തമിഴ് സിനിമയാണ് കൂഴങ്കളെന്നും ഗലാട്ട പ്ലസിന്റെ മെഗാ റൗണ്ട് ടേബിളില്‍ അദ്ദേഹം പറഞ്ഞു. വെട്രിമാരന്‍, സുധ കൊങ്കാര, മാരി സെല്‍വരാജ്, മഡോണ്‍ അശ്വിന്‍, പി.എസ്. വിനോദ്‌രാജ് എന്നീ സംവിധായകരും റൗണ്ട് ടേബിളില്‍ പങ്കെടുത്തിരുന്നു.

‘പരിയേറും പെരുമാള്‍ കണ്ടിട്ടുണ്ട്, മാമന്നന്‍ കണ്ടിട്ടില്ല. ഇവിടെ വരുന്നതുകൊണ്ട് ഇന്നലെ മാവീരനും മാമന്നനും കണ്ടു. മികച്ച സിനിമകള്‍. മാവീരന്‍ വളരെ ഇഷ്ടമായി. തികച്ചും വ്യത്യസ്തമായ സൂപ്പര്‍ ഹീറോ സ്‌റ്റോറിയായിരുന്നു. വിടുതലൈ സിനിമയുടെയും വലിയ ആരാധകനാണ് ഞാന്‍. വെട്രി മാരന് അദ്ദേഹം ചെയ്ത സിനിമകളെ പറ്റിയെല്ലാം നന്നായി അറിയാം.

ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാന്‍ കണ്ട ഒരു മികച്ച തമിഴ് സിനിമയാണ് കൂഴങ്കള്‍. വളരെ സ്‌പെഷ്യലായ സിനിമയാണ് അത്. അതിന്റെ മേക്കിങ് ഔട്ട്സ്റ്റാന്റിങ്ങാണ്. ആക്ടേഴ്‌സ് അല്ലാത്തവരെക്കൊണ്ട് എങ്ങനെയാണ് അത്രയും നീളമുള്ള ഷോട്ട്‌സ് എടുത്തതെന്ന് അത്ഭുതം തോന്നി. നമുക്കൊരു മികച്ച ടീമുണ്ട്,’ മണിരത്‌നം പറഞ്ഞു.

പി.എസ്. വിനോദ്‌രാജിന്റെ സംവിധാനത്തില്‍ 2021 ഫെബ്രുവരിയില്‍ ഇറങ്ങിയ ചിത്രമാണ് കൂഴങ്കള്‍. പുതുമുഖങ്ങള്‍ അഭിനയിച്ച ചിത്രത്തിന് വലിയ നിരൂപക പ്രശംസ ലഭിച്ചിരുന്നു. നയന്‍താരയും വിഘ്‌നേഷ് ശിവനുമാണ് ചിത്രം നിര്‍മിച്ചത്.

പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് ഒടുവില്‍ പുറത്ത് വന്ന മണിരത്‌നം ചിത്രം. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, റഹ്‌മാന്‍, പ്രഭു, ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ വലിയ താരനിരയെത്തിയ ചിത്രം തമിഴ് സിനിമാചരിത്രത്തിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു. എ.ആര്‍. റഹ് മാനായിരുന്നു സംഗീത സംവിധാനം.

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ കമല്‍ ഹാസനാണ് നായകന്‍. കമല്‍ ഹാസന്റെ 234ാമത് ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്‍, തൃഷ, ജയം രവി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണിരത്‌നം, ജി. മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് കെ.എച്ച് 234 നിര്‍മിക്കുന്നത്.

Content Highlight: Director Mani Ratnam talks about his favorite Tamil films he has seen recently

We use cookies to give you the best possible experience. Learn more