| Thursday, 5th March 2020, 3:09 pm

'പാര്‍വതിക്ക് ഇസ്‌ലാമോഫോബിയ എന്താണെന്ന് അറിയില്ല'; ടേക്ക് ഓഫ് എപ്പോഴാണ് അവരുടെ സിനിമയായത്; പ്രതികരണവുമായി മഹേഷ് നാരായണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ അഭിനയിച്ച ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളില്‍ ഇസ്‌ലാമോഫോബിയ ഉണ്ടായിരുന്നെന്നും പിന്നീടാണ് അത് തിരിച്ചറിഞ്ഞതെന്നുമുള്ള നടി പാര്‍വതിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്‍.

പാര്‍വതിക്കോ ഈ പറഞ്ഞ ആളുകള്‍ക്കോ ഇസ്‌ലാമോഫോബിയ എന്താണെന്ന് അറിയില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ഇസ്‌ലാമോഫോബിയ എന്നതിനെ ഡിഫൈന്‍ ചെയ്യുന്ന ചില ഘടകങ്ങള്‍ ഉണ്ടെന്നും മഹേഷ് നാരായണന്‍ ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”ഒരു കാര്യം പറയുമ്പോള്‍ കൃത്യമായി പറയണം. എന്താണ് ഘടകം എന്നത് കൃത്യമാക്കണം. ടേക്ക് ഓഫ് എന്നത് ഒരു ഫിക്ഷണല്‍ കഥയാണ്. അതില്‍ ഒരാളുടേയും പക്ഷത്ത് നിന്നല്ല കഥ പറഞ്ഞത്.

ടേക്ക് ഓഫില്‍ സമീറ ഭര്‍ത്താവുമായാണ് ഇറാഖില്‍ പോകുന്നത്. അങ്ങനെയൊരു നഴ്‌സ് യഥാര്‍ത്ഥത്തില്‍ നടന്ന കഥയില്‍ ഇല്ല. ഫിക്ഷണലായിട്ട് പറഞ്ഞതാണ്. ടൈം ലൈന്‍ മാത്രമേ എടുത്തിട്ടുള്ളു. അങ്ങനെയൊരു കഥയില്‍ ഏത് രീതിയില്‍ കഥ മുന്‍പോട്ടു കൊണ്ടുപോകണമെന്നത് ഒരു സംവിധായകന്റെ സ്വാതന്ത്ര്യമാണ്”, മഹേഷ് നാരായണ്‍ പറയുന്നു.

”എന്റെ സിനിമകളില്‍ ഇനി ഇങ്ങനെ ഉണ്ടാവില്ലെന്ന് പാര്‍വതി പറയുന്നത് കേട്ടു. ഞാന്‍ ചിന്തിക്കുന്നത് ഇത് എപ്പോഴാണ് പാര്‍വതിയുടെ സിനിമയായതെന്നാണ്. സിനിമ സംവിധായകന്റേത്. ഒരു സ്‌ക്രിപ്റ്റ് എഴുതി കൊടുത്തിട്ട് താത്പര്യമുണ്ടെങ്കില്‍ ചെയ്താല്‍ മതിയെന്നാണ് പറയുന്നത്.

വായിച്ചുനോക്കിയിട്ടുണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും രീതിയിലുള്ള ഇഷ്യൂ ഉണ്ടെങ്കില്‍ ചെയ്യണ്ട. ഒഴിവാക്കാം. ഞാന്‍ ആരേയും നിര്‍ബന്ധിച്ച് കൊണ്ടുവന്നു ചെയ്യിച്ചിട്ടില്ല. ഇത് എപ്പോഴാണ് അവരുടെ സിനിമ ആകുന്നതെന്ന് എനിക്ക് അറിയില്ല.

മമ്മൂക്കയെ പറയുമ്പോള്‍ പോലും, ഞാന്‍ സ്ത്രീവിരുദ്ധത എതിര്‍ക്കുന്ന ആളാണ്. അവര്‍ പറഞ്ഞതിന്റെ കൂടെ നില്‍ക്കുന്ന ആളാണ്. പക്ഷേ അതില്‍ മമ്മൂക്കയെ അല്ല പറയേണ്ടത്. അതിന്റെ എഴുത്തുകാരനേയും സംവിധായകനേയുമാണ്. മമ്മൂട്ടി ഒരു അഭിനേതാവാണ്. സ്‌ക്രീനില്‍ റെപ്രസന്റ് ചെയ്യുന്ന ആള്‍ മാത്രമാണ് അഭിനേതാവ്. എഴുത്തുകാരനാണ് അതിനെ കുറിച്ച് ചിന്തിക്കേണ്ടത്.

ടേക്ക് ഓഫിന് ശേഷമുണ്ടായ അവസ്ഥകളിലൊന്നും ഇവര്‍ക്കാര്‍ക്കും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. എനിക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ. സൗദിയില്‍ നിന്നും എനിക്ക് ഒരു ഫത്വ ലഭിച്ചു. അതിന്റെ കാരണം ഇസ്‌ലാമോഫോബിയ അല്ല. സൗദിയെ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യമായി ഞാന്‍ റെപ്രസന്റ് ചെയ്തു എന്നതിന്റെ പേരിലായിരുന്നു അത്.

അത് ഒരിക്കലും ഒരു രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയില്ല. അതിനെ ഇസ്‌ലാമോഫോബിയയുമായി കണക്ട് ചെയ്യരുത്. ഇറാന്‍ പോലൊരു ഇസ് ലാമിക് റിപ്പബ്ലിക് രാജ്യം അവരുടെ ഒരു റെസിസ്റ്റന്റ് ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയെ റെപ്രസന്റ് ചെയ്തിരിക്കുന്നത് ടേക്ക് ഓഫ് ആണ്.


ഒരു സിനിമ ഫിലിം ഫെസ്റ്റിവലില്‍ സെലക്ട് ചെയ്യുന്നതിന് മുന്‍പ് ഒരു പ്രീ സ്‌ക്രീനര്‍ ഉണ്ടാകും. ആ സ്‌ക്രീനറില്‍ മതപരമായ ആളുകള്‍ ഉണ്ടാവുമല്ലോ.. അവര്‍ക്കാര്‍ക്കും ഇതില്‍ ഇസ് ലാമോഫോബിയ ഫീല്‍ ചെയ്തില്ല, പാര്‍വതി പറഞ്ഞു അവര്‍ക്ക് പിന്നീട് മനസിലായെന്ന്, ഇറാന്‍ പോലൊരു രാജ്യത്തിന് ചിലപ്പോള്‍ പിന്നീട് മനസിലാകുമായിരിക്കും (ചിരി).

ഇതിനകത്ത് ഒരു മതത്തിനേയും ഒരു വിഭാഗത്തിനേയും അപമാനിക്കുന്ന രീതിയില്‍ ഒരു വാക്ക് പോലും എഴുതിയിട്ടില്ല. വളരെ ആലോചിച്ച് സൂക്ഷ്മമായി എഴുതിയ തിരക്കഥ തന്നെയാണ്.

സമീറ എന്ന ആള് അവര്‍ ജീവിക്കുന്ന ആദ്യ വിവാഹത്തില്‍ നിന്ന് തിരിച്ചുവരുന്നത് നമ്മള്‍ കാണിക്കുന്നുണ്ട്. ആ വിവാഹത്തില്‍ അവര്‍ക്കുണ്ടായ ബുദ്ധിമുട്ട് കാണിക്കുന്നുണ്ട്. ആ ബുദ്ധിമുട്ടില്‍ നിന്നും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന സ്ത്രീയല്ലേ.. അതിന് ശേഷം രണ്ടാം വിവാഹം. അതിനേയും ആരും അഡ്രസ് ചെയ്യുന്നില്ല.

രണ്ടാം വിവാഹം അവര്‍ക്ക് സാധ്യമാകുന്നു. അതിന് ശേഷം ആ ഭര്‍ത്താവ് തിരിച്ചുവരുന്നുണ്ട്. അവര്‍ക്ക് പറ്റിയ പ്രശ്‌നങ്ങള്‍ പറയുന്നുണ്ട്. സാധാരണ രീതിയിലുള്ള ഒരു മുസ്‌ലീം കുടുംബത്തിലേക്ക് നമ്മള്‍ അഡ്രസ് ചെയ്യുന്നു എന്നേയുള്ളൂ. അല്ലാതെ അതില്‍ ആരേയും മോശമായി കാണിക്കുകയോ ഏതെങ്കിലും മതത്തെ മോശമായി കാണിക്കുകയോ ചെയ്യുന്നില്ല”, ദ ക്യൂ ഷോ ടൈമില്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിലായിരുന്നു മഹേഷിന്റ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more