അപ്പന്‍ ഡാര്‍ക്ക് ഹ്യൂമറായി പറയാമെന്നാണ് ആദ്യം വിചാരിച്ചിരുന്നതെന്ന് സംവിധായകന്‍ മജു. അപ്പന്മാരെ പറ്റിയുള്ള സങ്കല്‍പ്പങ്ങളെ പൊളിക്കുന്ന കഥ തമാശ രൂപത്തില്‍ അവതരിപ്പിക്കാമെന്ന് വിചാരിച്ചെങ്കിലും ഞൂഞ്ഞിന്റെയും കുട്ടിയമ്മയുടെയും കഥാപാത്രങ്ങളിലേക്ക് കടന്നപ്പോള്‍ അത് മാറിയെന്നും മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ മജു പറഞ്ഞു.
‘കുടിയേറ്റങ്ങളുടെ കാലത്ത് മലയോരങ്ങളിലേക്ക് കേറിയ മനുഷ്യര്‍ നേരിട്ട ഒരു വന്യത ഉണ്ട്. അവരുടെ സ്വഭാവത്തില്‍ ഒരു മാറ്റം വരും. എല്ലാവര്‍ക്കും വരണമെന്നില്ല. അങ്ങനെ മാറ്റം വന്നവര്‍ ഒന്നും നോക്കില്ല. എല്ലാത്തിനേയും അറ്റാക്ക് ചെയ്യുന്ന സ്വഭാവമായിരിക്കും. അങ്ങനെയുള്ളവരുടെ സ്വഭാവത്തിലെ വന്യത പൊറ്റക്കാടിന്റെ വിഷകന്യക പോലെയുള്ള നോവലുകളില്‍ വായിച്ചിട്ടുണ്ട്. പിന്നെ കോട്ടയം, ഇടുക്കി ഭാഗങ്ങളിലുള്ള ആളുകള്‍ പറഞ്ഞ കഥകളും, ചിലര്‍ അപ്പന്മാരെ പറ്റി പറയുന്നതുമൊക്കെ മനസില്‍ കയറി കിടക്കുന്നുണ്ടായിരുന്നു.
ഇങ്ങനെയൊരു അപ്പന്റെ കഥ എഴുതുന്നതിനെ പറ്റി ഞാന്‍ എന്റെ സുഹൃത്ത് ആര്‍. ജയകുമാറിനോട് സംസാരിച്ചു. അദ്ദേഹത്തിനും അത് ഇഷ്ടപ്പെട്ടു. ജയകുമാര്‍ വരുന്നത് ഇടുക്കിയില്‍ നിന്നാണ്. അതുകൊണ്ട് അദ്ദേഹത്തിനും കഥ പെട്ടെന്ന് കണക്ട് ആയി. പിന്നെ പെട്ടെന്ന് അത് എഴുതുകയായിരുന്നു.
ആദ്യം ഒരു ഡാര്‍ക്ക് ഹ്യൂമറാണ് വിചാരിച്ചത്. നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ ചില കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുന്നുണ്ട്. അതിനെ പൊളിക്കുന്ന ഒരു അപ്പനെ ഫണ്ണിലൂടെ പറയാമെന്നാണ് വിചാരിച്ചത്.
എന്നാല്‍ കഥയിലേക്ക് കേറി കഴിഞ്ഞപ്പോള്‍ ഇയാള്‍ വീട്ടിലും ഈ വന്യത പ്രയോഗിച്ചാല്‍ എങ്ങനെയാവും എന്ന് ചിന്തിച്ചു. ആദ്യം ഈ കഥാപാത്രം ചെയ്യുന്നത് ഒരു തമാശ പോലെ തോന്നുമെങ്കിലും കുട്ടിയമ്മയുടെയും ഞൂഞ്ഞിന്റെയും കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ഒരു വേദനയുണ്ട്. ആ വേദന എങ്ങനെയായിരിക്കുമെന്ന ചിന്ത വന്നപ്പോള്‍ കഥ ഇങ്ങനെ ലാന്‍ഡ് ചെയ്യുകയായിരുന്നു,’ മജു പറഞ്ഞു.
ഇട്ടി എന്ന കഥാപാത്രമായി അലന്‍സിയറിനെ തന്നെയാണ് കഥ എഴുതുന്ന ഘട്ടം മുതല്‍ തന്നെ ചിന്തിച്ചിരുന്നതെന്നും മജു പറഞ്ഞു. ‘എഴുതുമ്പോള്‍ തന്നെ അലന്‍ ചേട്ടന്‍ എന്റെ മനസിലുണ്ടായിരുന്നു. കാലിബറുള്ള ആര്‍ടിസ്റ്റ് തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അരക്ക് താഴേക്ക് തളര്‍ന്നുകിടക്കുന്ന, ഫേഷ്യല്‍ എക്‌സ്പ്രഷനിലൂടെ മാത്രം കണക്ട് ചെയ്യുന്ന ഒരു കഥാപാത്രമാണ്. അതുകൊണ്ടാണ് അലന്‍ ചേട്ടനെ തന്നെ തെരഞ്ഞെടുത്തത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Director Maju says that initially thought that the film appan would be told as a dark humor