പട്ടാളക്കാരുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മേജര്‍ രവി. യുദ്ധസമാനമായ സാഹചര്യങ്ങള്‍ ചിത്രീകരിക്കുന്ന എല്ലാ ചിത്രത്തിലും അമ്മ, ഭാര്യ, കുടുംബം എന്നൊരു ചെറിയ ഭാഗം ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി തുറന്നു പറയുകയാണ് മേജര്‍ രവി ഇപ്പോള്‍. ജിഞ്ചര്‍ മീഡിയ എന്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
തന്റെ എല്ലാ ചിത്രത്തിലും ഒരമ്മയും മകനും ഭാര്യയും ഉണ്ടായിരിക്കുമെന്നും ആവര്‍ത്തന വിരസത തോന്നുമോ എന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തി ജീവിതത്തില്‍ അമ്മയോട് താന്‍ ഏറ്റവും കൂടുതല്‍ അറ്റാച്ഡ് ആയിരുന്നെങ്കിലും അതൊരിക്കലും കാണിച്ചിരുന്നില്ലെന്നും അമ്മ മരിച്ചതിന് ശേഷമാണ് തന്നില്‍ എത്രത്തോളം സ്വാധീനം അമ്മ ചെലുത്തിയതെന്ന് മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കുടുംബത്തോട് അറ്റാച്ച്‌മെന്റ് ഉണ്ടെങ്കിലും അതങ്ങനെ പുറത്തു കാണിക്കാറില്ലെന്നും മേജര്‍ രവി പറഞ്ഞു.
‘എനിക്ക് അങ്ങനെ കാണിക്കാന്‍ ഒന്നും അറിയില്ല. മകനോട് ആയാലും ശരി. എപ്പോഴും കെട്ടിപ്പിടിച്ച് മോനേ എന്നൊന്നും വിളിക്കില്ല. അതൊരുപക്ഷെ പ്രൊഫഷന്റെ ആയിരിക്കാം. മകന്‍ ജനിച്ച സമയത്ത് ഞാന്‍ കമാന്‍ഡോസ് വിഭാഗത്തിലായിരുന്നു ജോലി നോക്കിയിരുന്നത്. അന്ന് എന്‍.എസ്.ജി എന്ന് പറയുന്നത് ഏതു നിമിഷവും ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ട സമയമായിരുന്നു. പഞ്ചാബ്, കശ്മീര്‍, എല്‍ടിടിഇ സംഘര്‍ഷങ്ങള്‍ എന്നിവ നിലനില്‍ക്കുന്ന കാലമായിരുന്നു അത്. ഒരു ദിവസമോ രണ്ട് ദിവസമൊക്കെയേ വീട്ടില്‍ നില്‍ക്കാന്‍ പറ്റിയിട്ടുള്ളു. പോകുന്ന പോക്കില്‍ തിരിച്ചു വരാന്‍ പറ്റുമോ എന്ന് തന്നെ ഉറപ്പില്ലായിരുന്നു. അതുകൊണ്ട് വീട്ടില്‍ ഒരു കുട്ടി വളര്‍ന്നുവരുന്ന സമയത്ത് കൂടുതല്‍ അറ്റാച്ച്‌മെന്റിലേക്ക് പോയിട്ടില്ല. എന്തേലും വന്നാല്‍ എന്തിനാ ടെന്‍ഷനടിക്കുന്നേ എന്ന സ്റ്റാന്റ് ആയിരുന്നു. അതായിരിക്കാം അങ്ങനൊരു അകല്‍ച്ചയുണ്ടാക്കിയത്’, മേജര്‍ രവി പറഞ്ഞു.
ആ അകല്‍ച്ചയുടെ അര്‍ത്ഥം മകനോട് സ്‌നേഹമില്ല എന്നല്ലെന്നും ഇത്തരം കാണിക്കലുകളോട് താല്‍പ്പര്യമില്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കേള്‍ക്കുന്നയാള്‍ക്ക് ചിലപ്പോള്‍ തനിക്ക് വട്ടാണെന്ന് തോന്നും. പക്ഷെ ഇതാണ് തന്റെ ക്യാരക്ടര്‍ എന്നേ അവരോട് പറയാനുള്ളുവെന്നും മേജര്‍ രവി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Director Major Ravi Talks About His Films