| Tuesday, 1st June 2021, 3:32 pm

എല്ലാ പടത്തിലും ഞാനും ഗിരീഷും തമ്മില്‍ വഴക്കാണ്; 'ഒരു യാത്രമൊഴിയോടെ' എന്ന ഗാനം എഴുതിയ കടലാസ് കീറിയെറിഞ്ഞിട്ടുണ്ട്; അനുഭവം പങ്കുവെച്ച് മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുമായുള്ള തന്റെ ആത്മബന്ധം തുറന്നുപറഞ്ഞ് സംവിധായകന്‍ മേജര്‍ രവി. തന്റെ എല്ലാ ചിത്രത്തിനും വേണ്ടി പാട്ടെഴുതിയത് ഗിരീഷാണെന്നും തങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നേരത്തെ തന്നെ അടുപ്പമുണ്ടെന്നും ഗിരീഷുമായി വല്ലാത്തൊരു ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മേജര്‍ രവി പറയുന്നു.

കുരുക്ഷേത്ര സിനിമയ്ക്കായി ഒരു യാത്രാമൊഴിയോടെ എന്ന ഗാനം എഴുതിയ വേളയില്‍ തങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ കുറിച്ചും അന്ന് ഗിരീഷ് എഴുതിയ കടലാസ് താന്‍ കീറിക്കളഞ്ഞതിനെ കുറിച്ചും മേജര്‍ രവി അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ എല്ലാ പടത്തിലും ഞാനും ഗിരീഷും തമ്മില്‍ വഴക്കാണ്. കുരുക്ഷേത്രയിലെ ഗാനങ്ങള്‍ എഴുതുന്നതിനിടെ ഞങ്ങള്‍ തമ്മില്‍ വഴക്കായി. ഗിരീഷ് എന്റെ വീട്ടില്‍ തന്നെയായിരുന്നു. അമ്മയുമൊക്കെയായി നല്ല ബന്ധമാണ്. ഗിരീഷുമായി എനിക്ക് അങ്ങനെയൊരു ബന്ധമായിരുന്നു. അങ്ങനെ ഒരു യാത്രാമൊഴിയോടെ എന്ന ഗാനം എഴുതാനായി ഗിരീഷ് മദ്രാസിലേക്ക് വന്നു. ഒരു യാത്രപറയുന്ന ഫീലായിരിക്കണം ആദ്യ വരിയില്‍ വേണ്ടതെന്ന് ഞാന്‍ ഗിരീഷിനോട് പറഞ്ഞു. അതുപോലെ തന്നെ ഗിരീഷ് ‘ഒരു യാത്രാമൊഴിയോടെ’ എന്ന് എഴുതി.

പാട്ടിന്റെ അവസാനത്തില്‍ ബിജു മേനോന്റെ ബോഡി വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ ആ പെണ്‍കുട്ടി കണ്ണീരോടെ ഒരു സല്യൂട്ട് കൊടുക്കുന്നുണ്ട്. ആ സമയത്ത് അവളുടെ വോയ്‌സില്‍ ഞാന്‍ നിങ്ങളെ ഏഴ് ജന്മം വരെ കാത്തിരിക്കാമെന്ന് പറയുന്നതായിട്ട് വേണമെന്ന് ഞാന്‍ ഗിരീഷിനോട് പറഞ്ഞു.

ഓക്കെ ശരി എന്ന് പറഞ്ഞ് ഗിരീഷ് എന്നെ പറഞ്ഞയച്ചു. വൈകീട്ട് ഞാന്‍ വന്നപ്പോള്‍ പാട്ട് കേട്ടു. കണ്ണടച്ചാണ് കേള്‍ക്കുന്നത്. നന്നായിട്ടുണ്ട്. പക്ഷേ അവസാനത്തില്‍ വന്നപ്പോള്‍ എഴുതിയിരിക്കുന്നത് ശരിയായില്ലെന്ന് ഞാന്‍ പറഞ്ഞു. ഗിരീഷ് എന്നെ ഇങ്ങനെ നോക്കി ഇരിക്കുകയാണ്. അവന് വൈകീട്ടത്തെ ട്രെയിനിന് നാട്ടിലേക്ക് പോകണം. ഗിരീഷ് പാട്ടെഴുതി കഴിഞ്ഞാല്‍ അവസാനത്തില്‍ ഒപ്പിടും. ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നെ മാറ്റില്ല.

വരികള്‍ക്ക് എന്താണ് പ്രശ്‌നമെന്ന് ഗിരീഷ് ചോദിച്ചു. പ്രശ്‌നമുണ്ടെന്നും ഇതു ശരിയാവില്ലെന്നുമായി ഞാന്‍. പാട്ടിന്റെ അവസാനം ഏഴ് ജന്മം കാത്തിരിക്കാമെന്ന തരത്തില്‍ വരണമെന്നും നീ എഴുതിയത് ശരിയായില്ലെന്നും ഞാന്‍ പറഞ്ഞു.

ഇതെന്താ പട്ടാളക്യാമ്പാണോ എന്ന് ചോദിച്ച് ഗിരീഷ് അങ്ങ് എഴുന്നേറ്റു. നിങ്ങള്‍ പറയുന്നതുപോലെയാണോ എഴുതുക. എഴുത്തെന്ന് പറഞ്ഞാല്‍ അങ്ങനെയല്ല എന്നൊക്കെ പറഞ്ഞ് എന്നോട് ദേഷ്യപ്പെട്ടു. ഞാനും വിട്ടുകൊടുത്തില്ല. ഗിരീഷ് പേപ്പര്‍ എന്റെ നേര്‍ക്ക് ഇട്ടപ്പോള്‍ അതെടുത്ത് ഞാന്‍ കീറി.

ഞാന്‍ അതില്‍ ഒപ്പിട്ടെന്നും ഇനി മാറ്റില്ലെന്നുമായി ഗിരീഷ്. മാറ്റില്ലെങ്കില്‍ വേണ്ട ഞാന്‍ ഇതു കീറുകയാണെന്ന് പറഞ്ഞാണ് അങ്ങനെ ചെയ്തത്. ഇനി എവിടെ പാട്ട് എന്ന് ചോദിച്ചു. ഇതിപ്പോ ഇയാള്‍ വിടൂല എന്ന് ഗിരീഷിന് മനസിലായി. ഇതോടെ നിങ്ങള്‍ പോ ഇവിടുന്ന് എന്ന് ഗിരീഷ് പറഞ്ഞു.

പത്ത് മിനുട്ട് തരുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ‘ഇതെന്താ പട്ടാളക്യാമ്പാണോ സമയം തരാന്‍’ എന്നൊക്ക ചോദിച്ച് ഗിരീഷ് ചൂടായി. പുറത്തുണ്ടാകുമെന്ന് പറഞ്ഞ് ഞാനും ഇറങ്ങി. പത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു വരി വായിച്ചുനോക്കി. ‘കാത്തിരിക്കാം കാത്തിരിക്കാം. എഴുകാതരജന്മം ഞാന്‍’ എന്ന് ഗിരീഷ് എഴുതിയിരിക്കുന്നു.

അതായിരുന്നു എനിക്ക് വേണ്ടതും. ഇത് കയ്യില്‍ വെച്ചിട്ടാണോ നീ എഴുതാതിരുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സമാധാനമായോ എന്നായിരുന്നു എന്നോട് തിരിച്ചുചോദിച്ചത്. ആയി എന്ന് പറഞ്ഞു. ഞാന്‍ കാശിന്റെ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് നിന്റെ കാശൊന്നും വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. അങ്ങനെയായിരുന്നു ഞങ്ങള്‍.

ഗിരീഷിന്റെ മരണം ഇന്നും വേദനയാണ്. അന്ന് അവന്റെ ബോഡി കാണാനായി കോഴിക്കോട് എത്തിയപ്പോള്‍ ആകെ തകര്‍ന്നുപോയി. ഗിരീഷിനെ ഇന്നും ഞാന്‍ മിസ് ചെയ്യുന്നുണ്ട്, മേജര്‍ രവി അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Director Major Ravi Share His Exoeriance with Gireesh Puthanchery

We use cookies to give you the best possible experience. Learn more