| Sunday, 25th April 2021, 7:40 pm

ഓക്‌സിജന്‍ ക്ഷാമം പ്രകൃതിയോട് മനുഷ്യര്‍ ചെയ്ത അപരാധത്തിനുള്ള ശിക്ഷ: മേജര്‍ രവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യം ഇപ്പോള്‍ നേരിടുന്ന ഓക്‌സിജന്‍ ക്ഷാമം മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണെന്ന് സംവിധായകന്‍ മേജര്‍ രവി. പലരും ഇത് വിശ്വസിക്കുന്നുണ്ടാകില്ലെന്നും എന്നാല്‍ താന്‍ ഇതിനെ ഇങ്ങനെയാണ് കാണുന്നതെന്നും വിശ്വസിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ന് ജനങ്ങള്‍ ഓരോരുത്തരും ശ്വാസം കിട്ടാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ഒരിറ്റ് ശ്വാസത്തിനായി ബുദ്ധിമുട്ടുകയാണ്. ആ അവസ്ഥയിലേക്ക് നമ്മള്‍ എത്തിയിരിക്കുന്നു. ഫ്രീയായിട്ട് ദൈവവും പ്രകൃതിയും നമുക്ക് തന്നിരുന്ന ഓക്‌സിജന്‍ പോലും കാശ് കൊടുത്തും ബ്ലാക്കിലും വാങ്ങിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് മനുഷ്യന്റെ ജന്മം മാറിക്കൊണ്ടിരിക്കുകയാണ്.

ശ്വസിക്കുന്ന ശ്വാസം വാങ്ങിക്കേണ്ടി വരുന്ന ഒരു കാലം നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ. എന്നാല്‍ അങ്ങോട്ടെത്തി കാര്യങ്ങള്‍. നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മത്തിന്റെയും ഫലങ്ങളായിട്ടാണ് എനിക്കിതിനെ തോന്നുന്നത്. നമ്മള്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണിത്. പലര്‍ക്കും അതില്‍ വിശ്വാസമുണ്ടാകില്ലായിരിക്കും. പക്ഷെ ഞാനതില്‍ വിശ്വസിക്കുന്നു.

അഞ്ഞൂറും ആയിരവും വര്‍ഷങ്ങളോളം ഒരു പ്രശ്‌നവുമില്ലാതിരുന്ന സിയാച്ചിനിലെ മഞ്ഞുമലകള്‍ എട്ട് വര്‍ഷം മുന്‍പ് പൊട്ടിത്തകര്‍ന്നു. പ്രളയുമുണ്ടായി. അത് ഞാന്‍ കണ്ടതാണ്. അപ്പോള്‍ നമ്മള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ആലോചിക്കണം,’ മേജര്‍ രവി പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് രാജ്യത്തെ ഭൂരിഭാഗം ആശുപത്രികളിലും കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഓക്‌സിജന്റെ ആവശ്യം മുന്‍കൂട്ടി ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് രാജ്യത്തിന്റെ സ്ഥിതി ഗുരുതരമാക്കിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.

ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിവിധ ആശുപത്രികളില്‍ നിരവധി പേരാണ് മരണപ്പെട്ടത്. ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Director Major Ravi says the oxygen shortage in the country is a punishment for our deeds against nature

We use cookies to give you the best possible experience. Learn more