തൃപ്പൂണ്ണിത്തുറയില്‍ മത്സരിക്കുമോ എന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചിരുന്നു; തുറന്നു പറഞ്ഞ് മേജര്‍ രവി
Movie Day
തൃപ്പൂണ്ണിത്തുറയില്‍ മത്സരിക്കുമോ എന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചിരുന്നു; തുറന്നു പറഞ്ഞ് മേജര്‍ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st May 2021, 10:46 am

കൊച്ചി: ബി.ജെ.പി പ്രസിഡന്റായിരുന്ന സമയത്ത് തൃപ്പൂണ്ണിത്തുറ മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന് തന്നോട് കുമ്മനം രാജശേഖരന്‍ ചോദിച്ചിരുന്നുവെന്ന് സംവിധായകന്‍ മേജര്‍ രവി. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിലെ ‘ചോയ്ച്ച് ചോയ്ച്ച് പോവാം’ എന്ന പരിപാടിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍.

രാഷ്ട്രീയം എന്നത് എല്ലാവര്‍ക്കും ഒരു കുലത്തൊഴിലാണെന്നും ഒരു ജോലിയായിട്ടാണ് പല നേതാക്കളും ഇതിനെ കാണുന്നതെന്നും മേജര്‍ രവി പറഞ്ഞു.

‘രാഷ്ട്രീയം ഒരു ജോലി പോലെ കാണുന്ന കുറച്ച് രാഷ്ട്രീയക്കാര്‍ ഇവിടെയുണ്ട്. ഒരു സീറ്റ് കിട്ടുക. എന്നിട്ട് കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന പണം വീട്ടില്‍ കൊണ്ടുപോയി പുട്ടടിക്കുക. തെരഞ്ഞെടുപ്പ് കഴിയുന്ന വരെ കാത്തു നില്‍ക്കുക. അടുത്ത അഞ്ചുവര്‍ഷത്തേക്ക് പുട്ടടിക്കാനുള്ള കാശിനായി നില്‍ക്കുന്ന കുറെ സ്ഥാനാര്‍ത്ഥികളെ ഞാന്‍ കണ്ടിട്ടുണ്ട്. ഇവരൊക്കെ വരുന്നത് അവരുടെ കുലത്തൊഴിലിന്റെ ഭാഗമായിട്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് സ്ഥാനാര്‍ത്ഥി സ്ഥാനം വേണ്ട. അധികാരം വേണ്ട. കഴിഞ്ഞ തവണ, കുമ്മനം രാജശേഖരന്‍ ബി.ജെ.പിയുടെ പ്രസിഡന്റായിരുന്ന സമയത്ത് എന്നോട് തൃപ്പൂണ്ണിത്തുറയില്‍ മത്സരിക്കുമോ എന്ന് ചോദിച്ചിട്ടുണ്ട്’, മേജര്‍ രവി പറഞ്ഞു.

എന്നാല്‍ താന്‍ നില്‍ക്കില്ലെന്ന് അദ്ദേഹത്തോട് പറയുകയായിരുന്നുവെന്നും സ്ഥാനമാനങ്ങളൊന്നും തനിക്ക് വേണ്ടെന്നും പറഞ്ഞിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു.

‘എനിക്ക് സ്ഥാനമാനങ്ങളൊന്നും വേണ്ട. ഇനി നിങ്ങള്‍ എന്നെ രാജ്യസഭാ എം.പിയാക്കിയാലും എനിക്ക് ശമ്പളം വേണ്ട. എന്തിനാണ് എനിക്ക് ശമ്പളം നല്‍കുന്നത്’, മേജര്‍ രവി പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയ മേജര്‍ രവി പിന്നീട് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത് വാര്‍ത്തയായിരുന്നു.

സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാന്‍ പോലും വിളിച്ചില്ലെന്നും മേജര്‍ രവി പറഞ്ഞിരുന്നു.

പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കോണ്‍ഗ്രസിന്റെ ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുത്തതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.