| Wednesday, 3rd February 2021, 2:09 pm

'മലയാള സിനിമയുടെ പരിമിതിയില്‍ നിന്ന് അമിതാഭ് ബച്ചന് പ്രതിഫലം കൊടുത്ത് ഒരു സിനിമ ചെയ്യാന്‍ കഴിയില്ല'; ചെക്ക് കൈമാറാന്‍ പോയപ്പോഴുണ്ടായ അനുഭവം പറഞ്ഞ് മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് സൂപ്പതാരം അമിതാഭ് ബച്ചനേയും മോഹന്‍ലാലിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ മേജര്‍ രവി ഒരുക്കിയ ചിത്രമാണ് കാണ്ഡഹാര്‍.

സിനിമയുടെ ചര്‍ച്ചക്കിടയില്‍ ചിത്രത്തിലെ ലോകനാഥ് ശര്‍മ എന്ന കഥാപാത്രം അമിതാഭ് ബച്ചന്‍ ചെയ്താല്‍ നന്നാവും എന്ന ആഗ്രഹം മേജര്‍ രവി ആദ്യം മോഹന്‍ലാലിനോടാണ് പറയുന്നത്.

അക്കാലത്ത് ഒരു പരിപാടിക്കായി അമിതാഭ് ബച്ചന്‍ കൊച്ചിയില്‍ വന്നിട്ടുണ്ടായിരുന്നു. പ്രിയദര്‍ശനും മോഹന്‍ലാലും അന്ന് അദ്ദേഹത്തെ ചെന്നുകാണുകയും ചെയ്തു. അവരാണ് മേജര്‍ രവിക്ക് ഒരു കഥ പറയാനുണ്ടെന്ന് ബച്ചനെ അറിയിക്കുന്നത്. അങ്ങനെയാണ് താന്‍ ആ കഥ ബച്ചനോട് പറയുന്നതെന്ന് മേജര്‍ രവി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

സിനിമയില്‍ അഭിനയിക്കുന്നതിന്റെ പ്രതിഫലവുമായി ബച്ചനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോഴുണ്ടായ അനുഭവവും മേജര്‍ രവി പങ്കുവെക്കുന്നുണ്ട്.

‘ കഥ കേട്ടപ്പോള്‍ അദ്ദേഹത്തിന് അത് ഏറെയിഷ്ടമായി. സിനിമയ്ക്ക് വേണ്ടി മൂന്ന് ദിവസത്തെ ഡേറ്റ് ആണ് ഞാന്‍ ആവശ്യപ്പെട്ടത്. ഡേറ്റ് പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. ഞാന്‍ ഇടയ്ക്കിടെ മെസ്സേജ് ചെയ്തുകൊണ്ടിരുന്നു. അങ്ങനെ ഒരു ജൂണ്‍ മാസത്തില്‍ മൂന്ന് ദിവസം അദ്ദേഹം ഞങ്ങള്‍ക്കായി മാറ്റിവെച്ചു.

മലയാള സിനിമയുടെ പരിമിതിയില്‍ നിന്നുകൊണ്ട്, അമിതാഭ് ബച്ചന് പ്രതിഫലം കൊടുത്ത് ഒരു സിനിമ ചെയ്യാന്‍ കഴിയില്ല. മൂന്ന് ദിവസത്തെ ചിത്രീകരണത്തിനായി അദ്ദേഹത്തിന് കൊടുക്കാന്‍ 50 ലക്ഷം രൂപയുടെ ചെക്കുമായി ഞാനും മോഹന്‍ലാലും മുംബൈയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി.

ചായ കുടിച്ച് പിരിയാന്‍ നേരം, ഇത് ഞങ്ങളുടെ സന്തോഷമാണെന്ന് പറഞ്ഞ് ചെക്ക് അദ്ദേഹത്തിന് നീട്ടി. അദ്ദേഹം അതിലേക്ക് നോക്കുക പോലും ചെയ്യാതെ നിരസിച്ചു. ” പ്രമേയത്തിന്റെ പ്രസക്തിയും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിയുക എന്ന സന്തോഷത്തിലുമാണ് സിനിമ ഞാന്‍ സ്വീകരിച്ചത്. പ്രതിഫലം ഞാനാഗ്രഹിക്കുന്നില്ല” അദ്ദേഹത്തിന്റെ കനത്ത ശബ്ദത്തിന് സ്‌നേഹശാസനയുടെ മുഴക്കം കേട്ടു, മേജര്‍ രവി പറഞ്ഞു.

1975 ല്‍ മുംബൈയില്‍ വെച്ച് കണ്ട ഷോലെ എന്ന ചിത്രത്തിലൂടെയാണ് അമിതാഭ് ബച്ചന്‍ തന്റെ മനസില്‍ കയറിക്കൂടിയതെന്നും പിന്നീട് ആ താരം ഒരാവേശമായി മാറിയെന്നും മേജര്‍ രവി പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം കോന്‍ ബനേഗാ ക്രോര്‍പതിയുടെ പ്രെമോ ഷൂട്ട് ചെയ്യാന്‍ പ്രിയദര്‍ശന് അവസരം ലഭിച്ചു. അന്ന് പ്രിയദര്‍ശന്റെ അസോസിയേറ്റായിരുന്നു താന്‍. ആ സെറ്റില്‍ വെച്ചാണ് ആദ്യമായി ബച്ചനെ നേരിട്ട് കാണാനും സംസാരിക്കാനും പരിചയപ്പെടാനും തനിക്ക് സാധിച്ചതെന്നും മേജര്‍ രവി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Major Ravi AboutAmithabh Bachan Remuneration

We use cookies to give you the best possible experience. Learn more