| Wednesday, 14th December 2022, 11:51 am

സുഹൃത്തുക്കളായ ഫിലിം മേക്കേഴ്‌സ് ഇത് ചെയ്യുന്നത് കണ്ട് കൊതിയോടെ നോക്കിനിന്നിട്ടുണ്ട്; എനിക്ക് ഇപ്പോഴാണത് സാധിച്ചത്: മഹേഷ് നാരായണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിവ്യ പ്രഭ, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അറിയിപ്പ്. ഇത്തവണത്തെ ഐ.എഫ്.എഫ്.കെയിലെ മികച്ച ചിത്രങ്ങളുടെ മത്സര വിഭാഗത്തിലേക്കും അറിയിപ്പ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ദല്‍ഹിയിലെ ഗ്ലൗസ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഹരീഷിന്റെയും രശ്മിയുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. രശ്മിയുടേതെന്ന പേരില്‍ ഒരു അശ്ലീല വീഡിയോ പ്രചരിക്കുന്നതും തുടര്‍ന്ന് ദമ്പതിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്. ഡിസംബര്‍ 16ന് നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ ഐ.എഫ്.എഫ്.കെയിലെ പ്രീമിയര്‍ പ്രദര്‍ശനത്തിന് ശേഷം സംവിധായകന്‍ മഹേഷ് നാരായണന്‍ പ്രേക്ഷകരുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തിരുന്നു.

അറിയിപ്പിന്റെ ഷൂട്ടിങ്ങിന് വളരെ കുറച്ച് പേര്‍ മാത്രമുള്ള ഒരു ക്രൂ ആണ് ഉണ്ടായിരുന്നതെന്നും ചിത്രത്തിലെ സീനുകള്‍ ക്രോണോളജിക്കല്‍ ഓര്‍ഡറില്‍ തന്നെയാണ് ഷൂട്ട് ചെയ്തതെന്നും മഹേഷ് നാരായണന്‍ പറഞ്ഞു. തന്റെ ഒരു സിനിമയില്‍ ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നതെന്നും മറ്റ് സംവിധായകര്‍ ഇത് ചെയ്യുന്നത് കണ്ട് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഞാന്‍ സ്‌ക്രിപ്റ്റ് തന്നെ ഫോളോ ചെയ്യുന്ന ഒരാളാണ്. എല്ലാവര്‍ക്കും ഞാന്‍ സ്‌ക്രിപ്റ്റ് കൊടുക്കും. അത് വെച്ച് വര്‍ക്ക് ചെയ്യും.

അഭിനേതാക്കളൊക്കെ കുറച്ച് നേരത്തെ തന്നെ എന്നോടൊപ്പം യാത്ര ചെയ്യും. അങ്ങനെ ചില കാര്യങ്ങളില്‍ എനിക്ക് കുറച്ച് നിഷ്‌കര്‍ഷതയുണ്ട്. എന്റെ കൂടെ കുറച്ച് നാള്‍ ട്രാവല്‍ ചെയ്യണം എന്ന്. അങ്ങനെയാണ് ഇവര്‍ എന്നോടൊപ്പം ഉണ്ടായിരുന്നത്.

ഒരു പക്ഷത്ത് നിന്നുമാത്രം സിനിമയെ കാണരുതെന്ന് എനിക്ക് ഭയങ്കര ആഗ്രഹമുണ്ട്. പലപ്പോഴും നമ്മുടെ നരേറ്റീവുകളെല്ലാം ഒരു തരത്തിലുള്ള ലെന്‍സിലൂടെയായിരിക്കും. പക്ഷെ അപ്പുറത്തെ സൈഡില്‍ എന്താണെന്ന് കൂടി അറിയണമെന്നുള്ള ആഗ്രഹമുണ്ട്.

ചാക്കോച്ചനായാലും ദിവ്യയായാലും ഇവര്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കാര്യം പുതുതായി എക്‌സ്‌പ്ലോര്‍ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അവരെ ഒന്ന് പുഷ് ചെയ്യുക എന്നതിലായിരുന്നു കാര്യം.

സത്യം പറഞ്ഞാല്‍ ആദ്യമായിട്ടാണ് എനിക്കൊരു സിനിമ ക്രോണോളജിക്കല്‍ ഓര്‍ഡറില്‍ ഷൂട്ട് ചെയ്യാന്‍ പറ്റിയത്. ഇതുവരെ ഒരു സിനിമയും കൃത്യതയോട് കൂടി ഷൂട്ട് ചെയ്യാന്‍ പറ്റിയിട്ടില്ല.

സിനിമയിലെ ആ ഫാക്ടറി ഒരു സെറ്റിട്ടതാണ്. പൂട്ടിക്കിടന്നിരുന്ന ഒരു ഫാക്ടറി പ്രവര്‍ത്തിപ്പിച്ച് എടുത്തതാണ്. അത് ഞങ്ങള്‍ക്ക് വേണമെങ്കില്‍ കേരളത്തില്‍ സെറ്റ് ചെയ്യാമായിരുന്നു. പക്ഷെ അങ്ങനെയാണെങ്കില്‍ ഈ കണ്ടിന്യുറ്റി കിട്ടില്ല.

അടുത്തടുത്ത സീനുകള്‍ ഓര്‍ഡറില്‍ തന്നെ വരുമ്പോള്‍ ആക്ടേഴ്‌സിന് കിട്ടുന്ന ഒരു സുഖമുണ്ട്.

എന്റെ സുഹൃത്തുക്കളായ ഫിലിം മേക്കേഴ്‌സ് ഇത് ചെയ്യുന്നത് കണ്ട് ഞാന്‍ ഭയങ്കര കൊതിയോട് കൂടി, ഇതൊക്കെ എങ്ങനെയാണ് ഈ ചെയ്യുന്നത് എന്ന് നോക്കി നിന്നിട്ടുണ്ട്. പക്ഷെ എന്റെ പടങ്ങള്‍ക്ക് അത് പറ്റാറില്ലായിരുന്നു. ഇപ്പോഴാണ് എനിക്ക് അങ്ങനെയൊരു സാഹചര്യം ഒത്തുവന്നത്,” മഹേഷ് നാരായണന്‍ പറഞ്ഞു.

ഐ.എഫ്.എഫ്.കെക്ക് പുറമെ നിരവധി വിദേശ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഇന്ത്യന്‍ പനോരമ വിഭാഗത്തിലും ബുസാന്‍ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു.

മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. ലവ്ലീന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയ പ്രശസ്ത നാടക-ചലച്ചിത്ര താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Director Mahesh Narayanan talks about the shooting of Ariyippu movie

We use cookies to give you the best possible experience. Learn more