അഭിനയം എങ്ങനെയുണ്ടെന്ന് ഫഹദ് എപ്പോഴും ചോദിക്കും, അതൊന്നും ഞാന്‍ നോക്കിയിരുന്നില്ല അതില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ അവിടെ ഉണ്ടായിരുന്നു: മഹേഷ് നാരായണന്‍
Entertainment news
അഭിനയം എങ്ങനെയുണ്ടെന്ന് ഫഹദ് എപ്പോഴും ചോദിക്കും, അതൊന്നും ഞാന്‍ നോക്കിയിരുന്നില്ല അതില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ അവിടെ ഉണ്ടായിരുന്നു: മഹേഷ് നാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th December 2022, 3:28 pm

മലയന്‍കുഞ്ഞ് എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ അഭിനയം എങ്ങനെയുണ്ടായിരുന്നു എന്ന് ഫഹദ് ഫാസില്‍ ചോദിക്കുമായിരുന്നു എന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍. എന്നാല്‍ താന്‍ അതൊന്നും നോക്കിയിരുന്നില്ല എന്നും, മറ്റ് പല പ്രശ്‌നങ്ങളിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മലയന്‍കുഞ്ഞ് സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ മറ്റൊന്നിനെ കുറിച്ചും ചിന്തിച്ചിരുന്നില്ല. എനിക്ക് എന്റേതായ പല പണികളും അപ്പോള്‍ ഉണ്ടായിരുന്നു. പലപ്പോഴും ഫഹദ് എന്നോട് ചോദിക്കുമായിരുന്നു എന്റെ പെര്‍ഫോമന്‍സ് എങ്ങനെയുണ്ടായിരുന്നു എന്ന്. അപ്പോള്‍ ഞാന്‍ പറയും ഞാന്‍ അതൊന്നും നോക്കിയില്ലായെന്ന്.

അല്ലാതെ തന്നെ എനിക്ക് അതില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടെന്നും പറയും. അടുത്ത ആങ്കിള്‍ എവിടെ വെക്കാന്‍ പറ്റുമെന്ന ചിന്തയിലായിരിക്കും ആ സമയത്ത്. ബാക്കി കാര്യങ്ങളൊക്കെ സജി നോക്കി കൊള്ളും. ലൊക്കേഷനില്‍ എന്ത് പ്രശ്‌നം വന്നാലും സജി നോക്കുമെന്ന് എനിക്കറിയാം.

എന്റെ എല്ലാ സിനിമയിലും ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ടേക്ക് ഓഫ് സിനിമയിലൊക്കെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടേക്ക് ഓഫിന്റെ ഷൂട്ടിന്റെ ഭാഗമായി ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഫ്‌ലാഗ് വെച്ചു. ജൂനിയര്‍ ആര്‍ടിസ്റ്റായി വന്ന പലരും അവിടെ ജോലി ചെയ്യുന്നവരായിരുന്നു. അവരില്‍ പാക്കിസ്ഥാനി ലേബേര്‍സും ഉണ്ടായിരുന്നു. അവര്‍ക്കൊക്കെ ആ കൊടി കണ്ടപ്പോള്‍ തന്നെ പേടിയായി. ഡീപോര്‍ട്ട് ചെയ്യുമോ എന്നൊക്കെ അവര്‍ പേടിച്ചു.

അവര്‍ അഭിനയിക്കാന്‍ വരില്ലെന്ന് പറഞ്ഞ് വലിയ പ്രതിഷേധമൊക്കെ നടത്തി. അവരെയൊക്കെ സമാധാനിപ്പിച്ചത് സജി തന്നെയാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു എടാ നീയെങ്ങനാ അവരെ സമാധാനിപ്പിച്ചതെന്ന്. ഞാന്‍ പറയുന്നത് അവര്‍ക്കും മനസിലായി, അവര്‍ പറയുന്നത് എനിക്കും മനസിലായി എന്ന് സജി എന്നോട് പറഞ്ഞു.

അത് ആ മനുഷ്യന്റെ ഒരു പ്രത്യേകതയാണ്, അയാളോട് ആര്‍ക്കും നോ പറയാന്‍ പറ്റില്ല. അങ്ങനെയൊരു മനുഷ്യന് മാത്രമേ ആ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്യാന്‍ കഴിയുകയുള്ളു. അത് പുള്ളി കാര്യമായി തന്നെ നോക്കുകയും ചെയ്യും,’ മഹേഷ് നാരായണന്‍ പറഞ്ഞു.

അറിയിപ്പാണ് മഹേഷ് നാരായണന്റെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസം ഐ.എഫ്.എഫ്.കെ വേദിയില്‍ അറിയിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം നെറ്റ് പാക് പുരസ്‌കാരവും നേടി ഐ.എഫ്.എഫ്.കെക്ക് പുറമെ നിരവധി വിദേശ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും ബുസാന്‍ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു.

content highlight: director mahesh narayanan talks about fahad fasil