കൊച്ചി: ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജലജ അഭിനയ രംഗത്തേക്ക് എത്തുന്ന ചിത്രം കൂടിയാണ് മാലിക്.
മാലികിന്റെ കഥ പറയാനായി ജലജയെ സമീപിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹേഷിന്റെ പ്രതികരണം.
‘ജലജ ചേച്ചിയുടെ വീട്ടില്‍ ചെന്ന് ഞാന്‍ കഥപറഞ്ഞിറങ്ങുമ്പോള്‍ ചേച്ചി എനിക്ക് തിരക്കഥ മടക്കി തന്നു. ഇത് തനിക്ക് തരേണ്ടെന്നും ചേച്ചിയുടെ കോപ്പിയാണെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ ജലജചേച്ചി ചോദിച്ചു, എനിക്ക് കോപ്പിയുണ്ടോ എന്ന്.
ജീവിതത്തില്‍ ആദ്യമായാണ് ജലജ ചേച്ചിയ്ക്ക് ഒരു സ്‌ക്രിപ്റ്റിന്റെ കോപ്പി ലഭിക്കുന്നത്. അതിന്റെ കാരണവും ചേച്ചി പറഞ്ഞു. ആ കാലത്ത് അസോസിയേറ്റ് സംവിധായകനോ തിരക്കഥാകൃത്തിന്റെ സഹായിയോ മറ്റോ ആണ് ജലജ ചേച്ചിയോട് കഥ പറഞ്ഞിരുന്നത്.
അവര്‍ സീന്‍ വിവരിക്കും എന്നല്ലാതെ മുന്‍കൂട്ടി തിരക്കഥ നല്‍കില്ല. യവനിക, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ അതിമനോഹരമായ സ്ത്രീപക്ഷ സിനിമകള്‍ ഇറങ്ങിയ കാലമാണത്.
അങ്ങനെയുള്ള സിനിമകള്‍ ഉണ്ടായിരുന്ന കാലത്തും ഒരു നടിക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പറയുന്നത്. ഇന്ന് കാലം മാറി, ഇന്ന് ഒരു കളക്ടീവ് പ്രൊഡക്ടാണ് സിനിമ,’ മഹേഷ് പറഞ്ഞു.
ജൂലൈ 15നാണ് മാലിക് റിലീസ് ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധികളെത്തുടര്‍ന്ന് ഒ.ടി.ടി. റിലീസ് ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലാണ് എത്തുന്നത്.
2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു.
പിന്നീട് രണ്ടാം തരംഗം ശക്തമായതോടെയാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു.
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. നിമിഷ സജയന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, സലിംകുമാര്‍, ഇന്ദ്രന്‍സ്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.