കര്‍ഷക സമരത്തിനിടയില്‍ 564 കര്‍ഷകര്‍ മരിച്ചു, അന്ന് ജയസൂര്യ ശബ്ദിച്ചോ: എം.എ. നിഷാദ്
ജയസൂര്യക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ എം.എ. നിഷാദ്. ഇന്ത്യയില്‍ കര്‍ഷക സമരത്തിനിടക്ക് 564 കര്‍ഷകര്‍ മരിച്ചപ്പോള്‍ ജയസൂര്യ ശബ്ദിച്ചോ എന്ന് നിഷാദ് ചോദിച്ചു. കാര്‍ഷികോത്സവം പരിപാടി നടന്ന വേദിയില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ കര്‍ഷക സമരത്തെ പറ്റി ജയസൂര്യയോട് ചോദിക്കുമായിരുന്നുവെന്നും അപ്പോള്‍ ബ്ബബ്ബബ്ബ അടിക്കുന്നത് കാണാമായിരുന്നുവെന്നും നിഷാദ് പറഞ്ഞു. എഡിറ്റോറിയല്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പേട്ട ജയനെ എനിക്ക് എത്ര നാളായി അറിയാം. പേട്ട ജയന്‍ എന്താണെന്ന് മറ്റാരെക്കാളും കൂടുതല്‍ എനിക്കല്ലേ അറിയൂ. ഇന്ത്യയില്‍ 564 കര്‍ഷകര്‍ മരിച്ചു. ഐതിഹാസിക സമരമായിരുന്നു. ശബ്ദിച്ചോ? ആ കര്‍ഷകരുടെ റാലിയിലേക്ക് ഭരിക്കുന്ന സര്‍ക്കാരിലെ എം.പിയുടെ മകന്‍ ജിപ്പ് കേറ്റി എത്ര പേരെ കൊന്നു. പബ്ലിക് ഡൊമൈനിലുണ്ടല്ലോ? ശബ്ദിച്ചോ പേട്ട ജയന്‍?
സര്‍ക്കാരിന്റെ പരിപാടിയില്‍ വന്നു സംസാരിച്ചു. ഉടനെ പടത്തിന്റെ ട്രെയ്‌ലര്‍ ഇറങ്ങുന്നു. ഇത് സ്ഥിരമായിട്ടുള്ളതാണല്ലോ? പുതിയ പടമിറങ്ങുന്നതിന് മുമ്പ് റോഡിലെ കുഴി അടക്കും. അദ്ദേഹത്തിന്റെ കമ്മിറ്റ്‌മെന്റ് എന്താണെന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം. അയാളുടെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൊന്ന് കൊടുത്തത് ഞാനാണ്, വൈരം എന്ന സിനിമയില്‍. ജയസൂര്യ എന്ന് നിങ്ങള്‍ വിളിക്കുന്നതാണ്. പേട്ട ജയന്‍ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്.
കര്‍ഷകരുടെ കയ്യടിയല്ല മേടിച്ചത്. അദ്ദേഹം ഇത് പറഞ്ഞതുകൊണ്ട് കുറച്ച് കൂടി കാര്യങ്ങള്‍ വ്യക്തമായി. എത്ര രൂപയാണ് കേന്ദ്രം തരുന്നത്, എത്ര രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത് എന്ന് മനസിലായി. സര്‍ക്കാര്‍ കടമെടുത്ത് കൊടുക്കുന്നതാണെന്ന് വേദിയില്‍ വെച്ച് മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു. അതിന് ശേഷം അതൊരു തുറന്ന ചര്‍ച്ചയായി.
അദ്ദേഹത്തിന്റെ സുഹൃത്തായ കൃഷ്ണ പ്രസാദ് വന്ന് വീരവാദമിറക്കി. കാശ് കിട്ടിയിട്ടാണ് കൃഷ്ണ പ്രസാദ് സംസാരിച്ചത്. ഞാന്‍ ആ വേദിയില്‍ ഉണ്ടായിരുന്നെങ്കില്‍ കര്‍ഷക സമരത്തെ പറ്റി ചോദിച്ചേനേ. അപ്പോള്‍ ഇരുന്ന് ബ്ബബ്ബബ്ബ അടിക്കുന്നത് കാണുകയും ചെയ്യാമായിരുന്നു. നേരത്തെ പഠിച്ചുവെച്ച് വന്ന് ഡയലോഗ് വിട്ടതാണ്. ഇതിനെ പറ്റി ഒന്നും ഒരു ധാരണ ഇല്ല. അഭിനയിക്കുന്നതല്ലേ നല്ലത്. ജീവിതത്തില്‍ അഭിനയിക്കുന്നത് എന്തിനാണ്. ക്യാമറയുടെ മുന്നില്‍ അഭിനയിക്ക്. അദ്ദേഹം കഴിവുള്ള ആക്ടറാണ്. തിരക്കഥയും അഭിനയവുമൊക്കെ ക്യാമറയുടെ മുന്നിലെ പറ്റുകയുള്ളൂ. ക്യാമറയുടെ പുറത്ത് അഭിനയിച്ച് കഴിഞ്ഞാല്‍ ചീറ്റിപോവും,’ ജയസൂര്യ പറഞ്ഞു.
Content Highlight: Director MA Nishad criticizes Jayasuriya