|

പ്രളയ കാലത്തെ ഐക്യകേരളം നമ്മൾക്ക് മുന്നിൽ വീണ്ടും ഉണർന്നെഴുന്നേറ്റു: സംവിധായകൻ പത്മകുമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അനുശോചനം അറിയിച്ച് സംവിധായകന്‍ പത്മകുമാര്‍. സ്വപ്നത്തില്‍ പോലും സങ്കല്‍പ്പിക്കാത്ത ദുരന്തമാണ് വയനാട്ടില്‍ നടന്നതെന്നും ദുരന്തഭൂമിയിലെ ദൃശ്യങ്ങള്‍ വളരെയധികം വേദന നല്‍കുന്നതെന്നുമാണ് പത്മകുമാര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചത്.

പ്രളയ കാലത്തെ അതിജീവിക്കാന്‍ ഒന്നിച്ചു നിന്ന് പൊരുതിയ ഐക്യകേരളം നമ്മള്‍ക്ക് മുന്നില്‍ വീണ്ടും ഉണര്‍ന്നെഴുന്നേല്‍ക്കുന്നുവെന്നും വയനാട്ടിലെ ദുരന്ത ഭൂമിയിലെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഹൃദയം വേദനിക്കുന്നുവെന്നുമാണ് പത്മകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘ഒരുപാട് ദുരന്തങ്ങള്‍ കണ്ടവരും അനുഭവിച്ചവരും ആണ് നമ്മള്‍ മലയാളികള്‍. ഏറ്റവും ഭീതിതമായ സ്വപ്നങ്ങളില്‍ പോലും സങ്കല്‍പ്പിക്കാത്ത സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലെ ചൂരല്‍മലയില്‍ ഉണ്ടായത്. മരണസംഖ്യ നൂറിലും കവിഞ്ഞിരിക്കുന്ന വാര്‍ത്തകളും ദുരന്ത ഭൂമിയിലെ നടക്കുന്ന ദൃശ്യങ്ങളും കരള്‍ നുറുങ്ങുന്ന വേദനയോടെയെ കാണാന്‍ കഴിയുള്ളൂ. നഷ്ടങ്ങളെല്ലാം നഷ്ടങ്ങള്‍ തന്നെയാണ് നൂറുകണക്കിന് ജീവിതങ്ങള്‍ പോലെ തിരിച്ചു പിടിക്കാനാവാത്തതാണ്. ഒരു ജീവിതകാലം കഠിനാധ്വാനം ചെയ്തു നേടിയതെല്ലാം ഒറ്റരാത്രികൊണ്ട് ഒന്നുമില്ലാതായി തീര്‍ന്ന മനുഷ്യാവസ്ഥയും.

എങ്കിലും സംഭവിച്ച മറ്റെല്ലാ ദുരന്തങ്ങളെയും പോലെ ഇതിനെയും അതിജീവിക്കാനുള്ള കഠിന ശ്രമത്തിലാണ് നമ്മളിപ്പോഴും. ജാതി, മത, വര്‍ഗ, ഭാഷ വ്യത്യാസമില്ലാതെ ദുരന്ത ഭൂമിയില്‍ കയ്യും മെയ്യും മറന്നു പൊരുത്തുന്ന ഓരോരുത്തര്‍ക്കും ഒപ്പം നമ്മള്‍ ഒറ്റക്കെട്ടായി ഒരു മനസായി നില്‍ക്കുന്നു. ജീവന്‍ തിരിച്ചുപിടിക്കാന്‍ ആവില്ലെങ്കിലും പറ്റുന്നിടത്തോളം ജീവിതങ്ങള്‍ നമ്മള്‍ തിരിച്ചുപിടിക്കും. പ്രളയ കാലത്തെ അതിജീവിക്കാന്‍ ഒന്നിച്ചു നിന്ന് പൊരുതിയ ഐക്യ കേരളം നമ്മള്‍ക്ക് മുന്നില്‍ ഇതാ വീണ്ടും ഉണര്‍ന്നെഴുന്നേല്‍ക്കുന്നു. അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതൊടൊപ്പം ആത്മാവില്‍ നിന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു,’ പത്മകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

രക്ഷാപ്രവര്‍ത്തനം രണ്ടാം ദിവസത്തിലേക്ക് കടന്നു. ദല്‍ഹിയില്‍ നിന്നുള്ള സൈന്യം വയനാട്ടില്‍ എത്തിയിട്ടുണ്ട്. സൈന്യവും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന താത്കാലിക പാലത്തിലൂടെയായിരിക്കും രക്ഷാപ്രവര്‍ത്തനം നടക്കുക. കുടുങ്ങികിടക്കുന്ന ആളുകളെ പുറത്തെത്തിക്കുക എന്നുള്ളതാണ് ഇന്നത്തെ പ്രധാന ലക്ഷ്യം. നിലമ്പൂരിലെ ചാലിയാറിലും മുണ്ടേരിയിലും തെരച്ചില്‍ ആരംഭിച്ചു.

ഇന്നലെ പുലര്‍ച്ചെയാണ് വയനാട്ടിലെ മുണ്ടകൈ-ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു നാടിനെ നടുക്കിക്കൊണ്ട് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വയനാട്, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടിലാണ്. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും അലേര്‍ട്ടുമാണ്.

Content Highlight: Director M.Padmakumar Reacts on Wayanad Landslide