Entertainment
പടം ഹിറ്റായപ്പോൾ നമ്മളെയെല്ലാം മറന്നോയെന്ന് മമ്മൂക്ക അന്ന് ദേഷ്യത്തോടെ ചോദിച്ചു: എം.മോഹനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 11, 06:06 am
Tuesday, 11th February 2025, 11:36 am

മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് എം. മോഹനന്‍. 2007ല്‍ പുറത്തിറങ്ങിയ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് എം. മോഹനന്‍ സംവിധാനരംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് മാണിക്യക്കല്ല്, 916, മൈ ഗോഡ്, അരവിന്ദന്റെ അതിഥികള്‍ എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി.

ഏറ്റവും പുതിയ ചിത്രമായ ഒരു ജാതി ജാതകം പ്രദർശനം തുടരുകയാണ്. ആദ്യചിത്രമായ കഥ പറയുമ്പോള്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാക്കാന്‍ മോഹനന് സാധിച്ചിരുന്നു. ഫീല്‍ഗുഡ് ഴോണറില്‍ ഒരുക്കിയ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.

 

കഥ പറയുമ്പോൾ വലിയ വിജയമായ ശേഷം മമ്മൂട്ടിയെ വിളിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് എം.മോഹനൻ. സന്തോഷം അറിയിക്കാനായി ആദ്യം മമ്മൂക്കയെ വിളിച്ചപ്പോൾ അദ്ദേഹത്തെ കിട്ടിയില്ലെന്നും പിന്നീട് അദ്ദേഹം തിരിച്ച് വിളിച്ചിട്ട്, പടം ഹിറ്റായപ്പോൾ നമ്മളെ വേണ്ടല്ലേയെന്ന് ചോദിച്ചെന്നും എം.മോഹനൻ പറയുന്നു. എന്നാൽ കാര്യം പറഞ്ഞപ്പോൾ മമ്മൂക്കയെ ഓക്കെയായെന്നും എം.മോഹനൻ കൂട്ടിച്ചേർത്തു.

‘എല്ലായിടത്ത് നിന്നും ഗംഭീര അഭിപ്രായമാണ് കഥ പറയുമ്പോളിന് ലഭിച്ചത്. പലരും വിളിച്ചു. പടം സൂപ്പർഹിറ്റായി. സന്തോഷം അറിയിക്കാനായി ഞാൻ മമ്മുക്കയെ വിളിച്ചു. അദ്ദേഹം ചെന്നൈയിൽ ആയിരുന്നു ഫോണിൽ കിട്ടിയില്ല. മൂന്ന് ദിവസം കഴിഞ്ഞു ജോർജേട്ടൻ വിളിച്ചു.

‘മോഹനാ, നീ മമ്മുക്കയെ വിളിച്ചില്ലേ?. ‘പലവട്ടം വിളിച്ചിട്ടും കിട്ടിയില്ലായെന്ന്’ ഞാൻ മറുപടി പറഞ്ഞു. ‘നീ വിളിക്കാത്തതിനാൽ മമ്മുക്ക ദേഷ്യത്തിലാണ്’, അദ്ദേഹം മമ്മുക്കയ്ക്ക് ഫോൺ കൈമാറി. ‘പടം ഹിറ്റായപ്പോൾ നമ്മളെയെല്ലാം മറന്നോ’ എന്നായിരുന്നു മമ്മൂക്കയുടെ ആദ്യ ചോദ്യം.

ചെറിയ പേടിയോടെ സംഭവം ഞാൻ പറഞ്ഞപ്പോൾ മമ്മൂക്കയും ഓക്കെയായി. സിനിമ നന്നായിട്ടുണ്ടെന്നും സന്തോഷമായെന്നും പറഞ്ഞു. പിന്നീട് എൻ്റെ ഓരോ സിനിമ ഇറങ്ങുമ്പോഴും അദ്ദേഹം വിളിച്ച് അഭിപ്രായം അറിയിക്കാറുണ്ട്. കഥ പറയുമ്പോൾ നിറഞ്ഞ സദസ്സിൽ 100 ദിനം പ്രദർശിപ്പിച്ചു. കൊച്ചിയിൽ വെച്ച് വൻ വിജയാഘോഷം നടത്തി.

ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള 2017ലെ സംസ്ഥാന പുരസ്‌കാരവും ചിത്രം സ്വന്തമാക്കി. പിന്നീട് കുശേലൻ എന്ന പേരിൽ തമിഴിലും, ബില്ലു എന്ന പേരിൽ ഹിന്ദിയിലും പടം റീമേക്ക് ചെയ്യപ്പെട്ടു. രജിനികാന്തും ഷാരൂഖ് ഖാനുമൊക്കെയായിരുന്നു റീമേക്കുകളിൽ അഭിനയിച്ചത്,’എം.മോഹനൻ പറയുന്നു.

 

Content Highlight: Director M.Mohanan About Kadha parayumbol Movie Success And Mammootty