| Sunday, 24th November 2024, 9:54 am

അദ്ദേഹത്തിനുള്ള ട്രിബ്യൂട്ടാണ് സൂക്ഷ്മദർശിനി; സംവിധായകൻ എം.സി.ജിതിൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ബേസിൽ ജോസഫും നസ്രിയയും പ്രധാന വേഷത്തിൽ എത്തിയ സൂക്ഷ്മദർശിനി. ഒരു സത്യൻ അന്തിക്കാട് ഫ്ലേവറുള്ള ത്രില്ലർ ചിത്രമാണ് സൂക്ഷ്മ ദർശനിയെന്ന് പ്രൊമോഷൻ ഇന്റർവ്യൂകളിൽ നടൻ ബേസിൽ പറഞ്ഞിരുന്നു.

ഒരു ഇട്ടാവട്ടത്തെ നാട്ടുകാരുടെ കഥയും അയൽപക്ക ജീവിതവും പറയുന്ന സിനിമയാണ് സൂക്ഷ്മ ദർശനി. അതിൽ ത്രില്ലർ കൂടി ചേർത്താണ് സംവിധായകൻ എം.സി. ജിതിൻ സിനിമ ഒരുക്കിയിട്ടുള്ളത്.

പണ്ടത്തെ സത്യൻ അന്തിക്കാട് സിനിമകളുടെ കഥ പരിസരത്തിൽ സിനിമ അവതരിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്ന് പറയുകയാണ് സംവിധായകൻ എം.സി. താൻ സംവിധായകൻ ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ആരാധകനാണെന്നും അദ്ദേഹത്തിനുള്ള ട്രിബ്യൂട്ടാണ് ഈ ചിത്രമെന്നും എം. സി പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തലയണമന്ത്രം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് പോലുള്ള സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള സത്യൻ അന്തിക്കാട് മിഡിൽക്ലാസ് സെറ്റിങ്ങിലേക്ക് ഒരു മിസ്റ്ററി ത്രില്ലർ പറയാനാണ് ശ്രമിച്ചിട്ടുള്ളത്. ഞാനൊരു ആൽഫ്രഡ് ഹിച്ച്കോക്ക് ആരാധകനാണ്. സത്യൻ അന്തിക്കാട് സിനിമയുടെ രീതിയിലേക്ക് ഹിച്ച്കോക്കിനെ കൊണ്ടുവന്നാൽ എങ്ങനെയെന്ന് ചിന്തിച്ചു.

അങ്ങനെ സത്യൻ അന്തിക്കാട് സിനിമാ രീതിയിലേക്ക് ഹിച്ച്കോക്ക് പസിൽ കൊണ്ടുവരുകയായിരുന്നു. അതിലേക്ക് ഒരു വനിത ഡിറ്റക്ടീവ് കഥാപാത്രം. ഇങ്ങനെയുള്ള ആലോചനയിൽ നിന്നാണ് സൂക്ഷ്‌മദർശിനി സംഭവിക്കുന്നത്. ഈ അവതരണത്തിലൂടെ സ്ഥിരം ത്രില്ലർ സ്വഭാവത്തെ മറികടക്കാനും കഴിഞ്ഞു.

സിനിമയുടെ ട്രയ്ലർ ഇറങ്ങിയപ്പോൾ ഹിച്ച്കോക്കിൻ്റെ റിയർ വിൻഡോയെക്കുറിച്ച് ആളുകൾ ചർച്ച ചെയ്‌തിരുന്നു. അത് സൂക്ഷ്‌മദർശിനിയിൽ ഉണ്ട്. എന്നാൽ, ഒന്നല്ല അദ്ദേഹത്തിന്റെ ഏഴ് സിനിമകൾ ഉണ്ട്. ഹിച്ച്കോക്കിനുള്ള എന്റെ ട്രിബ്യൂട്ടാണ് സൂക്ഷ്‌മദർശിനി,’എം.സി. ജിതിൻ പറയുന്നു.

Content Highlight: Director M.C Jithin About Sookshmadarshini Movie

We use cookies to give you the best possible experience. Learn more