ചലച്ചിത്ര മേഖലയിലെ ലഹരിയുപയോഗത്തെപ്പറ്റിയുള്ള നടൻ ടിനി ടോമിന്റെ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി സംവിധായകൻ എം.എ. നിഷാദ്.
വ്യക്തമായ തെളിവുകൾ എക്‌സൈസ് വകുപ്പിനേയോ ആഭ്യന്തര വകുപ്പിനെയോ അറിയിക്കണമെന്നും, സുഹൃത്തായ ആ സഹപ്രവർത്തകനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനും അയാളുടെ പല്ലും എല്ലും പൊടിയാതിരിക്കാനുള്ള പ്രതിബദ്ധത ടിനി ടോം കാണിക്കണമെന്നും എം.എ. നിഷാദ് പറഞ്ഞു.
കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്.
‘ഇത് ചിലപ്പോൾ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നതിനുവേണ്ടിയോ ആളുകളുടെ കയ്യടിക്കുവേണ്ടിയോ ചെയ്തതാവാം എന്ന ചോദ്യം സാധാരണയായി ഉയർന്നുവരും. അല്ലെങ്കിൽ ഇതിന്റെ പിന്നിൽ ന്യായമായ സത്യാവസ്ഥയുണ്ടോ എന്നത് തെളിയിക്കേണ്ടത് ടിനി ടോമാണ്. അതുകൊണ്ടാണ് ഞാൻ ഫേസ്ബുക്കിൽ കമ്മോൺ ടിനി ടോം എന്ന ഹാഷ് ടാഗിന് തുടക്കം കുറിച്ചത്.
അദ്ദേഹം പറഞ്ഞത് സത്യമാണെങ്കിൽ ടിനി ടോം എന്ന വ്യക്തിക്ക് ഞങ്ങൾ പിന്തുണ നൽകുകയാണ്. സത്യമല്ല എങ്കിൽ ടിനി ടോം പൊതുസമൂഹത്തിനോട് മാപ്പുപറയുക മാത്രമല്ല ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുനിന്നൊക്കെ മാറി നിൽക്കേണ്ടിയും വരും.
ഇടവേള ബാബു പറഞ്ഞത് ടിനി ടോം പറഞ്ഞതുപോലെ ഒരു ലിസ്റ്റില്ലായെന്നാണ്. ഔദ്യോഗിക ഭാരവാഹി എന്നനിലയിൽ ഇടവേള ബാബു പറഞ്ഞത് വിശ്വസിച്ചേപറ്റു.
ആരാണ് ഈ നടൻ എന്ന ചോദ്യം എല്ലാവരുടെയും മനസിൽ ഉയർന്നുവരുന്നതാണ്. അപ്പോൾ പലരെയും സംശയിക്കേണ്ടിവരും. എന്തിനാണത്? ടിനി ടോം പറഞ്ഞത് കള്ളമാണെന്നുണ്ടെങ്കിൽ അയാൾക്കെതിരെ കേസ് എടുക്കണമെന്നാണെന്റെ അഭിപ്രായം,’അദ്ദേഹം പറഞ്ഞു.
തന്റെ ഷൂട്ടിങ് സെറ്റിൽ അങ്ങനെ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലായെന്നും താൻ ആവശ്യമുണ്ടെങ്കിലേ ഷാഡോ പോലീസിനെ സെറ്റിൽ വിളിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്റെ സെറ്റിൽ അങ്ങനെയുണ്ടായിട്ടില്ല. തെറ്റുകൾ ആർക്കും സംഭവിക്കാം. എന്റെ ലൊക്കേഷനിൽ ഞാൻ പറഞ്ഞസമയത്ത് അഭിനേതാക്കൾ ഉണ്ടാകണം. ഇതല്ലാതെ വേറൊന്നും എനിക്കറിയണ്ട.
എന്റെ സിനിമയുടെ വർക്കിനെ ബാധിക്കാതെടുത്തോളം കാലം എനിക്കൊരു പരാതിയും ഇല്ല. ഷൂട്ടിങ്ങിനു ശേഷം അവർ മുറിയിൽ പോയി എന്തുചെയ്യുന്നു എന്നുള്ളത് ഞാൻ നോക്കേണ്ട കാര്യമില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ എന്റെ സെറ്റിൽ ഉണ്ടാകാൻ ഞാൻ സമ്മതിക്കുകയും ഇല്ല. എന്റെ ലൊക്കേഷനിൽ ആർട്ടിസ്റ്റുകൾക്ക് സ്വാതന്ത്ര്യം വേണം. ഷാഡോ പോലീസ് ഷൂട്ടിങ് സെറ്റിൽ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമെനിക്കുണ്ട്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Director M.A. Nishad on Tini Tom