കൊച്ചി: രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് എങ്ങനെ, എപ്പോള്‍ നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാറിനും മുഖ്യമന്ത്രിക്കും വ്യക്തമായ ധാരണയുണ്ടെന്ന് സംവിധായകന്‍ എം.എ. നിഷാദ്.
ഫേസ്ബുക്കില്‍ കയ്യടി നേടാനായി ചില സെലിബ്രിറ്റികളും മറ്റും എന്തൊക്കെയോ എഴുതുന്നുണ്ടെന്നും ഒരേ സമയം യു.ഡി.എഫിന് കീ ജയ്യും, എല്‍.ഡി.എഫിന് ഉപദേശവും നല്‍കുന്ന ഇവരെ കാണുമ്പോള്‍ പ്രത്യേക സുഖമുണ്ടെന്നും നിഷാദ് പ്രതികരിച്ചു. ഇത്രയും വലിയ ഭൂരിപക്ഷം എല്‍.ഡി.എഫിന് കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ഉപദേശകര്‍ തല്‍ക്കാലം സ്റ്റാന്‍ഡ് വിടണമെന്നായിരുന്നു നിഷാദ് പറഞ്ഞത്.
എം.എ നിഷാദിന്റെ വാക്കുകള്‍
ഉപദേശകരോടാണ്..
സത്യപ്രതിജ്ഞാ ചടങ്ങ്, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എങ്ങനെ എപ്പോള്‍ നടത്തണമെന്നൊക്കെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനും
അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കും വ്യക്തമായ ധാരണയുണ്ട്.
ഗ്രഹണ സമയത്ത് ഞാഞ്ഞൂലുകള്‍ക്ക് വിഷമിളകുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ ചില ഉപദേശകര്‍ മുഖപുസ്തകത്തില്‍ കൈയ്യടി കിട്ടാന്‍ എന്തൊക്കെയോ എഴുതി മറിക്കുന്നു.
ഒരേ സമയം, യൂ.ഡി.എഫിന് കീ ജയും എല്‍.ഡി.എഫിന് ഉപദേശവും നല്‍കുന്ന എട്ടുകാലീ മമ്മൂഞ്ഞുമാരായ ചില സെലിബ്രിറ്റികളേയും ആ കൂട്ടത്തില്‍ കാണുന്നത് ഒരു പ്രത്യേക സുഖം നല്‍കുന്ന കാഴ്ച്ചയാണ്.
നിലപാട് എന്നുളളത് ഏഴയലത്ത് പോലും എത്തി നോക്കാത്ത ഈ കൂട്ടരുടെ തൊലിക്കട്ടി ഹമ്പമ്പോ കാണ്ടാ മൃഗവും നാണിച്ചു പോകും. ഇത്രയും വലിയ ഭൂരിപക്ഷം എല്‍.ഡി.എഫിന് കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ഉപദേശകര്‍ തല്‍ക്കാലം സ്റ്റാന്‍ഡ് വിട്. എന്നാല്‍ പിന്നെ, Perfect ok
നടി പാര്‍വതി തിരുവോത്തുള്‍പ്പെടെയുള്ള ചിലര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.
സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്ന് പാര്‍വതി ട്വിറ്ററിലെഴുതി.
‘കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തുകൊണ്ട് ഈ മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും ഉത്തരവാദിത്തതോടു കൂടി തന്നെയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെയാണ് ഈ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാകുന്നത്,’ പാര്‍വതിയുടെ ട്വീറ്റില്‍ പറയുന്നതിങ്ങനെയാണ്. കൊവിഡ് കേസുകള്‍ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, മറ്റു വഴികള്‍ ഉണ്ടായിരിക്കേ, ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് തികച്ചും തെറ്റായ നീക്കമാണെന്നും പാര്‍വതി പറഞ്ഞിരുന്നു.
എന്തുകൊണ്ടാണ് സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്താത്തതെന്നും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പരിപാടി നടത്തുന്നതിനെ എങ്ങനെ സാധൂകരിക്കുമെന്നുമായിരുന്നു ടെലിവിഷന്‍ അവതാരക രഞ്ജിനി ചോദിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങ് പൊതുച്ചടങ്ങായി നടത്തരുതെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ 500 പേരെ പങ്കെടുപ്പിക്കുന്ന ചടങ്ങായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു.
50000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണെന്നും കൊവിഡ് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 40000 പേര്‍ കഴിഞ്ഞ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും 140 എം.എല്‍.എമാരും ചടങ്ങില്‍ പങ്കെടുക്കുമെന്നും പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം നിജപ്പെടുത്തുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക